യുക്രൈൻ വിടാൻ പൗരൻമാരോട് ആവശ്യപ്പെട്ട് പന്ത്രണ്ടോളം രാജ്യങ്ങൾ
റഷ്യ ഏതുനിമിഷവും യുക്രൈൻ ആക്രമിച്ചേക്കുമെന്ന് ആവർത്തിച്ച് അമേരിക്ക. വിമാനത്തിലൂടെ ബോംബ് വർഷിച്ചാകും ആക്രമണമെന്നും വൈറ്റ്ഹൗസ് മുന്നറിയിപ്പ് നൽകി. അതിനിടെ യുദ്ധഭീതിയുടെ പശ്ചാത്തലത്തിൽ റഷ്യൻ പ്രസിഡന്റ് വ്ളാദിമിർ പുതിനുമായി യു.എസ്. പ്രസിഡന്റ് ജോ ബൈഡൻ ശനിയാഴ്ച 50 മിനിറ്റ് ഫോണിൽ സംസാരിച്ചു
മോസ്കൊ | യുദ്ധഭീഷണി നേരിടുന്ന യുക്രൈൻ വിടാൻ പൗരൻമാരോട് ആവശ്യപ്പെട്ട് പന്ത്രണ്ടോളം രാജ്യങ്ങൾ. അമേരിക്ക, ബ്രിട്ടൻ, ജർമനി, ഓസ്‌ട്രേലിയ, ഇറ്റലി, ഇസ്രയേൽ, നെതർലന്റ്‌സ്, ജപ്പാൻ, കാനഡ, ന്യൂസീലന്റ്, ഇന്ത്യ തുടങ്ങിയ രാജ്യങ്ങളാണ് പൗരൻമാരോട് യുക്രൈൻ വിടാൻ ആവശ്യപ്പെട്ടത്. യുക്രൈനിലെ യുഎസ് എംബസിയിലെ അടിയന്തരവിഭാഗം ഒഴികെയുള്ള ജീവനക്കാരോട് 48 മണിക്കൂറിനകം രാജ്യം വിടാൻ യുഎസ് ആവശ്യപ്പെട്ടു.
യുക്രൈനിൽ ഏത് നിമിഷവും റഷ്യയുടെ വ്യോമാക്രമണം ഉണ്ടാകാമെന്നാണ് അമേരിക്കയുടെ മുന്നറിയിപ്പ്. ഇതിന്റെ പശ്ചാത്തലത്തിൽ യുക്രൈനിലുള്ള ഇന്ത്യൻ പൗരന്മാർക്ക് വിദേശകാര്യ മന്ത്രാലയം അതീവജാഗ്രതയ്ക്ക് നിർദേശം നൽകി. എല്ലാവിധത്തിലുള്ള മുൻകരുതൽ നടപടികളും കൈക്കൊണ്ട് അവിടെയുള്ള ഇന്ത്യൻ പൗരന്മാരെ ഒഴിപ്പിക്കാനുള്ള നീക്കം പൂർത്തിയാക്കാൻ യുക്രൈനിലെ സ്ഥാനപതി കാര്യാലയത്തിന് നിർദ്ദേശം നൽകി. പൗരന്മാരെ മടക്കി കൊണ്ടുവരാൻ രണ്ട് പദ്ധതികളാണ് ഇന്ത്യ ആവിഷ്‌കരിച്ചിരിക്കുന്നത്. ഒന്ന് സാധാരണ വിമാന സർവീസ് വഴിയാണ്. സംഘർഷം മൂർഛിക്കുകയോ, റഷ്യ ആക്രമണം തുടങ്ങുകയോ ചെയ്താൽ സൈനിക വിമാനങ്ങൾ വഴി പൗരന്മാരെ ഉക്രൈനിൽ നിന്ന് ഇന്ത്യയിലേക്ക് എത്തിക്കും.
റഷ്യ- യുക്രൈൻ യുദ്ധം പൊട്ടിപ്പുറപ്പെട്ടാൽ പൗരന്മാരെ രക്ഷിക്കുക പ്രയാസമാകുമെന്ന് അമേരിക്ക വിലയിരുത്തി. അമേരിക്കൻ നയതന്ത്രജ്ഞർ ഉക്രൈൻ വിട്ടുകഴിഞ്ഞു.ശീത ഒളിമ്പിക്‌സ് നടക്കാനിരിക്കുന്ന പശ്ചാത്തലത്തിൽ ഒരു യുദ്ധത്തിന് റഷ്യ തയാറെടുക്കില്ലെന്നായിരുന്നു കണക്കുകൂട്ടൽ. എന്നാൽ പെട്ടെന്നുണ്ടായ മാറ്റം ലോക രാജ്യങ്ങളെ ആശങ്കപ്പെടുത്തിയിരിക്കുകയാണ്. യുദ്ധമുണ്ടായാൽ 25000 മുതൽ 50,000 പേർക്ക് വരെ ജീവൻ നഷ്ടപ്പെട്ടേക്കാമെന്നാണ് കണക്കുകൂട്ടൽ.
അതേസമയം റഷ്യ ഏതുനിമിഷവും യുക്രൈൻ ആക്രമിച്ചേക്കുമെന്ന് ആവർത്തിച്ച് അമേരിക്ക. വിമാനത്തിലൂടെ ബോംബ് വർഷിച്ചാകും ആക്രമണമെന്നും വൈറ്റ്ഹൗസ് മുന്നറിയിപ്പ് നൽകി. അതിനിടെ യുദ്ധഭീതിയുടെ പശ്ചാത്തലത്തിൽ റഷ്യൻ പ്രസിഡന്റ് വ്ളാദിമിർ പുതിനുമായി യു.എസ്. പ്രസിഡന്റ് ജോ ബൈഡൻ ശനിയാഴ്ച 50 മിനിറ്റ് ഫോണിൽ സംസാരിച്ചു.
യുക്രൈൻ അതിർത്തികളിൽ റഷ്യ ഒരു ലക്ഷത്തിലധികം സൈനികരെ വിന്യസിച്ചിട്ടുണ്ടെങ്കിലും അധിനിവേശം സംബന്ധിച്ച ആരോപണങ്ങൾ തുടക്കംമുതൽ തള്ളുകയാണ് മോസ്കോ. അതേസമയം, യുക്രൈനിൽനിന്ന് പ്രകോപനമുണ്ടായേക്കാമെന്നത് മുൻനിർത്തി യുക്രൈൻ തലസ്ഥാനമായ കീവിലെ റഷ്യൻ നയതന്ത്ര ഉദ്യോഗസ്ഥരുടെ എണ്ണം വർധിപ്പിച്ചതായും റഷ്യൻ വിദേശകാര്യ മന്ത്രാലയം വ്യക്തമാക്കി.
അധിനിവേശവുമായി മുന്നോട്ടുപോയാൽ സാമ്പത്തിക ഉപരോധം ഉൾപ്പെടെ കടുത്ത പ്രത്യാഘാതങ്ങൾ നേരിടേണ്ടിവരും. നയതന്ത്രചർച്ചകളിലൂടെ പരിഹരിക്കുകയാണ് ഒരു വഴി. മറിച്ചാണെങ്കിൽ യുക്രൈന് സൈനിക പിന്തുണയുൾപ്പെടെ നൽകി പ്രതിരോധിക്കും ജോബിദീന് റഷ്യക്ക് മുന്നറിയിപ്പ് നൽകി
അതിനിടെ, യുഎസ് യുദ്ധഭീതി പരത്തുകയാണെന്ന് റഷ്യ ആരോപിച്ചു. ശീതയുദ്ധകാലത്തിനുശേഷം യൂറോപ്പ് നേരിടുന്ന ഏറ്റവും വലിയ സംഘർഷസാഹചര്യം ലഘൂകരിക്കാനായി നയതന്ത്ര നീക്കങ്ങളും ഊർജിതമായി ” ഉപരോധം റഷ്യയും അമേരിക്കയും പാശ്ചാത്യരാജ്യങ്ങളും തമ്മിലുള്ള എല്ലാ ബന്ധവും തകർക്കും. വലിയ പ്രത്യാഘാതങ്ങൾ സൃഷ്ടിക്കുന്ന തീരുമാനമാകും അത്”.റഷ്യൻ പ്രസിഡന്റ് വ്ലാദിമിർ പുതിൻ പറഞ്ഞു