പുതിയ അണക്കെട്ട് അനുവദിക്കില്ല , മുല്ലപ്പെരിയാറിന്‍റെ ജലനിരപ്പ് ഉയര്‍ത്തും ടിവികെ സർക്കാർ
കേരളത്തിലെ ജനങ്ങള്‍ക്ക് സുരക്ഷ, തമിഴ്‌നാടിന് ആവശ്യമായ വെള്ളം എന്നതാണ് വിഷയത്തില്‍ എക്കാലത്തും സംസ്ഥാന സര്‍ക്കാര്‍ സ്വീകരിച്ചതെന്ന് മോന്‍സ് ജോസഫ് പറഞ്ഞു
ചെന്നൈ | മുല്ലപ്പെരിയാർ അണക്കെട്ടുമായി ബന്ധപ്പെട്ട വിഷയത്തിൽ കേരളത്തെ വിമർശിച്ച് ടിവികെ സർക്കാർ. പുതിയ അണക്കെട്ട് അനുവദിക്കില്ലെന്നും കേരള സർക്കാരിന്റെ ശ്രമങ്ങൾ തടയുമെന്നും സർക്കാർ വ്യക്തമാക്കി. മുല്ലപ്പെരിയാറിന്‍റെ ജലനിരപ്പ് ഉയര്‍ത്തും. നയപ്രഖ്യാപന പ്രസംഗത്തിലാണ് പ്രസ്താവന.അതേസമയം മുല്ലപ്പെരിയാര്‍ അണക്കെട്ട് വിഷയത്തില്‍ കേരളത്തിന്റെ നിലപാട് കഴിഞ്ഞ ദിവസം ജലവിഭവ വകുപ്പ് മന്ത്രി മോന്‍സ് ജോസഫ് വ്യക്തമാക്കിയിരുന്നു. മുമ്പ് ഉമ്മന്‍ചാണ്ടി സര്‍ക്കാരിന്റെ കാലത്തുണ്ടായിരുന്ന നിലപാടില്‍ ഇപ്പോഴും ഉറച്ച് നില്‍ക്കുകയാണെന്ന് മന്ത്രി പറഞ്ഞിരുന്നു.കേരളത്തിലെ ജനങ്ങള്‍ക്ക് സുരക്ഷ, തമിഴ്‌നാടിന് ആവശ്യമായ വെള്ളം എന്നതാണ് വിഷയത്തില്‍ എക്കാലത്തും സംസ്ഥാന സര്‍ക്കാര്‍ സ്വീകരിച്ചതെന്ന് മോന്‍സ് ജോസഫ് പറഞ്ഞു. നിലവില്‍ മുല്ലപ്പെരിയാര്‍ വിഷയം സുപ്രീം കോടതിയുടെ പരിഗണനയിലാണ്.
നയപ്രഖ്യപനത്തോടെ തമിഴ്നാട് നിയമസഭ സമ്മേളനം തുടങ്ങി. കീഴ്‌വഴക്കം പിന്തുടർന്ന് വിജയ് സർക്കാർ നടപടികള്‍ ആരംഭിച്ചത്. ആദ്യം തമിഴ് തായ് വാഴ്ത്താണ് ആലപിച്ചത്. പിന്നാലെ ദേശീയഗാനം ആലപിച്ചു. വന്ദേമാതരം ആലപിച്ചില്ല .പുതിയ അംഗങ്ങളെ അഭിനന്ദിച്ചാണ് ഗവർണർ പ്രസംഗം ആരംഭിച്ചത്. ടിവികെ ജാതിക്കും മതത്തിനും പണത്തിനും അതീതമായ പാർട്ടി എന്ന് നയപ്രഖ്യാപനത്തിൽ ഗവര്‍ണര്‍ വ്യക്തമാക്കി. പെരിയാർ, അണ്ണാദുരൈ, അംബേദ്കർ എന്നിവരുടെ പേരുകള്‍ നയപ്രഖ്യാപന പ്രസംഗത്തിൽ ഗവർണർ പരാമര്‍ശിച്ചു. സ്ത്രീകൾക്കെതിരായ അതിക്രമങ്ങളിൽ വിട്ടുവീഴ്ചയില്ല.
ഡിഎംകെയ്ക്കെതിരെയും ഗവര്‍ണര്‍ വിമര്‍ശനമുന്നയിച്ചു. മുൻസർക്കാർ ലഹരിയൊഴുക്ക് തടഞ്ഞില്ല. കുറ്റകൃത്യങ്ങൾ പെരുകാൻ കാരണം ലഹരിയൊഴുക്ക്. ദ്വിഭാഷനയം തുടരുമെന്ന് നയപ്രഖ്യാപനത്തിൽ ഗവര്‍ണര്‍ വ്യക്തമാക്കി. ദേശീയ വിദ്യാഭ്യാസ നയത്തെ ശക്തമായി എതിർക്കും. കേന്ദ്രത്തിനെതിരായ വിമർശനം ഗവർണർ വായിക്കുകയും ചെയ്തു. ത്രിഭാഷനയവുമായി കേന്ദ്രവിഹിതത്തെ ബന്ധിപ്പിക്കുന്നത് അംഗീകരിക്കില്ലെന്ന രാഷ്ട്രീയ നയം വിജയ് സര്‍ക്കാര്‍ വ്യക്തമാക്കി. സംസ്ഥാനത്തെ ബാധിക്കുന്ന വിഷയങ്ങളിൽ ദ്രാവിഡ പാർട്ടികളുടെ നിലപാട് തന്നെയെന്നും സര്‍ക്കാര്‍ വ്യക്തമാക്കി.