നയതന്ത്രത്തിൽ മഞ്ഞുരുകി സെന്‍റോസ ദ്വീപ്; ട്രംപ്-കിം കൂടിക്കാഴ്ച തുടങ്ങി
ഇരു നേതാക്കളും പരിഭാഷകരും മാത്രമാണ് ചർച്ചയിൽ പങ്കെടുക്കുന്നത്. ചരിത്രത്തിൽ ആദ്യമായാണ് ഭരണത്തിലിരിക്കുന്ന അമേരിക്കൻ പ്രസിഡന്റും ഉത്തരകൊറിയൻ മേധാവിയും നേരിൽക്കാണുന്നത്
സിംഗപ്പൂർ സിറ്റി: ഉത്തരകൊറിയൻ ഭരണാധികാരി കിം ജോംഗ് ഉന്നും അമേരിക്കൻ പ്രസിഡന്‍റ് ഡോണൾഡ് ട്രംപും തമ്മിലുള്ള ചരിത്രപരമായ കൂടിക്കാഴ്ച തുടങ്ങി. സിംഗപ്പുരിലെ സെന്‍റോസ ദ്വീപിലുള്ള കാപ്പെല്ല ഹോട്ടലിലാണ് മുഖാമുഖം ചർച്ച നടക്കുന്നത്. നിശ്ചയിച്ച സമയത്തുതന്നെ ഹോട്ടലിലെത്തിയ ഇരു നേതാക്കളും രണ്ടു തവണ ഹസ്തദാനം ചെയ്തു. കൂടിക്കാഴ്ചയ്ക്കു മുന്പായി മാധ്യമങ്ങളെ കാണുകയും ചെയ്തു.
ഇരു നേതാക്കളും പരിഭാഷകരും മാത്രമാണ് ചർച്ചയിൽ പങ്കെടുക്കുന്നത്. ചരിത്രത്തിൽ ആദ്യമായാണ് ഭരണത്തിലിരിക്കുന്ന അമേരിക്കൻ പ്രസിഡന്റും ഉത്തരകൊറിയൻ മേധാവിയും നേരിൽക്കാണുന്നത്. അണ്വായുധ, മിസൈൽ പരീക്ഷണങ്ങൾ നടത്തിയും മൂർച്ചയുള്ള വാക്കുകൾ പ്രയോഗിച്ചും അമേരിക്കയെ നിരന്തരം പ്രകോപിപ്പിച്ച കിം ഈ വർഷത്തിന്റെ തുടക്കംമുതൽ സ്വീകരിച്ച അനുനയ സമീപനത്തിന്റെ അന്തിമഫലമാണ് ഉച്ചകോടി.
ആണവനിരായുധീകരണത്തിനുള്ള ഉത്തരകൊറിയയുടെ സമ്മതം മാത്രമാണ് ഉച്ചകോടിയിൽ അമേരിക്ക പ്രതീക്ഷിക്കുന്ന ഏക കാര്യമെന്ന് യുഎസ് പ്രതിരോധ സെക്രട്ടറി മൈക്ക് പോംപിയോ കഴിഞ്ഞ ദിവസം വ്യക്തമാക്കിയിരുന്നു
ആരോഗ്യരഹസ്സ്യ o ചോരാതിരിക്കാൻ കിം സിംഗപ്പൂരിലെത്തിയത് സഞ്ചരിക്കുന്ന ടോയ്‌ലറ്റുമായി
സിംഗപ്പൂർ സിറ്റി: അമേരിക്കൻ പ്രസിഡന്‍റ് ഡോണൾഡ് ട്രംപുമായുള്ള ചരിത്ര കൂടിക്കാഴ്ചയ്ക്കായി ഉത്തരകൊറിയൻ ഏകാധിപതി കിം ജോംഗ് ഉൻ സിംഗപ്പൂരിലെത്തിയത് സഞ്ചരിക്കുന്ന ടോയ്‌ലറ്റുമായി. വിദേശരാജ്യങ്ങളിലെ ചാരസംഘടനകൾ തന്‍റെ ആരോഗ്യ വിവരങ്ങൾ ശേഖരിക്കാതിരിക്കുന്നതിനാണ് സഞ്ചരിക്കുന്ന ടോയ്‌ലറ്റുമായി കിം എത്തിയതെന്ന് ദക്ഷിണ കൊറിയൻ മാധ്യമം റിപ്പോർട്ട് ചെയ്തു.
ഞായറാഴ്ച ചൈനീസ് പ്രധാനമന്ത്രി ലി കെചിയാംഗിന്റെ സ്വകാര്യ ജറ്റ് വിമാനത്തിലാണു കിം സിംഗപ്പൂരിലെത്തിയത്. സെന്റ് റീജിസ് ഹോട്ടലിലാണ് കിം തങ്ങുന്നത്. ട്രംപ് ഷാംഗ്രില ഹോട്ടലിലും. ഇതിനുമുന്പ് കിം രണ്ടുതവണമാത്രമാണ് വിദേശയാത്ര നടത്തിയിട്ടുള്ളത്. രണ്ടും പ്രത്യേക ട്രെയിനിൽ ബെയ്ജിംഗിലേക്കായിരുന്നു.