ഖാസിം സുലൈമാനിക്ക് ഇന്ത്യയിലും ഭീകരാക്രമണത്തിന് പദ്ധതിയുണ്ടായിരുന്നു :ട്രംപ്

വധിക്കപ്പെട്ട ഇറാന്‍ സൈനിക ജനറല്‍ ഖാസിം സുലൈമാനി ഡല്‍ഹിയിലും ഭീകരാക്രമണങ്ങള്‍ക്ക് പദ്ധതിയിട്ടിരുന്നതായി ട്രംപ് ആരോപിച്ചു.

0

വാഷിങ്ടൺ : ഇറാനും അമേരിക്കയുമായുള്ള സംഘര്‍ഷം കൂടുതല്‍ രൂക്ഷമാവുന്നതിനിടെ ഖാസിം സുലൈമാനിക്ക് ഇന്ത്യയിലും ഭീകരാക്രമണത്തിന് പദ്ധതിയുണ്ടായിരുന്നു എന്നാരോപിച്ച് അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്. വധിക്കപ്പെട്ട ഇറാന്‍ സൈനിക ജനറല്‍ ഖാസിം സുലൈമാനി ഡല്‍ഹിയിലും ഭീകരാക്രമണങ്ങള്‍ക്ക് പദ്ധതിയിട്ടിരുന്നതായി ട്രംപ് ആരോപിച്ചു. ഇന്ത്യയിലെ ഇറാന്‍ അംബാസഡര്‍ അലി ചെംഗേനി ട്രംപിന്റെ ആരോപണം നിഷേധിച്ചു. ട്രംപിന്റെ ആരോപണത്തില്‍ ഇന്ത്യന്‍ വിദേശമന്ത്രാലയം ഇതുവരെ പ്രതികരിച്ചിട്ടില്ല.

നിരവധി ഭീകരാക്രമണങ്ങളില്‍ സുലൈമാനിക്ക് പങ്കുണ്ടെന്നും ഡല്‍ഹിയിലും ലണ്ടനിലും ഉള്‍പ്പെടെ കൂടുതല്‍ ആക്രമണങ്ങള്‍ക്ക് സുലൈമാനി പദ്ധതിയിട്ടിരുന്നതായും ട്രംപ് ആരോപിച്ചു. വാഷിംഗ്ടണില്‍ പുറപ്പെടുവിച്ച പ്രസ്താവനയിലാണ് ട്രംപിന്റെ പുതിയ ആരോപണങ്ങള്‍. നിരപരാധികളുടെ മരണം സുലൈമാനിക്ക് മാനസിക വൈകൃതമായിരുന്നെന്ന് ട്രംപ് പറഞ്ഞു. 2012 ഫെബ്രുവരിയില്‍ ഡല്‍ഹിയിലെ ഇസ്രയേല്‍ നയതന്ത്ര ഉദ്യോഗസ്ഥയെ ഉന്നം വച്ച് നടന്ന കാര്‍ ബോംബാക്രമണമാണ് ട്രംപ് പരാമര്‍ശിച്ചതെന്നാണ് സൂചന.
അതേസമയം, സുലൈമാനി വധത്തെ ന്യായീകരിക്കാനുള്ള ആരോപണങ്ങള്‍ മാത്രമാണിതെന്നാണ് ഇറാന്റെ വാദം.

അതെ സമയം ഇറാന്‍ സൈനിക ജനറല്‍ ഖാസിം സുലൈമാനിയെ വ്യോമാക്രമണത്തില്‍ കൊലപ്പെടുത്തിയതിന് പിന്നാലെ സൗദി കിരീടാവകാശിയും യു.എസും തമ്മില്‍‌ ചര്‍ച്ച നടത്തി. മേഖലയില്‍ സംഘര്‍ഷമില്ലാതിരിക്കാന്‍ എല്ലാ കക്ഷികളും സമാധാനം പാലിക്കണമെന്ന് സൗദി അറേബ്യ ആവശ്യപ്പെട്ടു. മേഖലയിലെ അസ്ഥിരത ആഗോള വ്യാപാരത്തെ തന്നെ ഗുരുതരമായി ബാധിക്കാനിടയുള്ളതിനാല്‍ ലോക രാജ്യങ്ങള്‍ ഇടപെടണമെന്നും സൗദി വിദേശ കാര്യമന്ത്രാലയം അഭ്യര്‍ഥിച്ചു.

മേഖലയില്‍ ഇറാന്‍ നടത്തിയ ഭീകരവാദ പ്രവര്‍ത്തനങ്ങളുടെ അനന്തര ഫലമാണ് ഇറാഖിലുണ്ടായതെന്നാണ് സൗദി അറേബ്യയുടെ വിലയിരുത്തല്‍. വിഷയം സംബന്ധിച്ച് പലപ്പോഴായി സൗദി അറേബ്യ നല്‍കിയ മുന്നറിയിപ്പുകള്‍ തീവ്രവാദ പ്രവര്‍ത്തനം നടത്തുന്നവര്‍ അവഗണിച്ചു. ഇറാന്‍ മേഖലയെ അസ്ഥിരപ്പെടുത്തുന്ന നീക്കങ്ങള്‍ക്ക് തടയിടണം. ഇറാഖിലുണ്ടായ സംഭവ വികാസങ്ങളുടെ പശ്ചാത്തലത്തില്‍ മേഖല ഗുരുതരമായ പ്രത്യാഘാതങ്ങള്‍ക്ക് വേദിയാകാനിടയുണ്ട്.

ഇതിനാല്‍ സംയമനം പാലിക്കണമെന്നും മേഖലയിലെ സമാധാനത്തിന് ലോക രാജ്യങ്ങള്‍ നടപടി കൈകൊള്ളണമെന്നും സൗദി വിദേശകാര്യ സഹമന്ത്രി ആദില്‍ അല്‍ ജുബൈര്‍ ട്വീറ്റ് ചെയ്തു. ഇതിനിടെ പ്രശ്നം ചര്‍ച്ച ചെയ്യാന്‍ സൗദി കിരീടാവകാശിയും യു.എസ് സ്റ്റേറ്റ് സെക്രട്ടറി മൈക് പോംപിയോയും ചര്‍ച്ച നടത്തി. സംഘര്‍ഷം കുറക്കുന്നതിനാവശ്യമായ നടപടികളാണ് ഇരുവരും ഫോണില്‍ ചര്‍ച്ച ചെയ്തതെന്ന് സൗദി പ്രസ് ഏജന്‍സി അറിയിച്ചു.ഇതിന് പിന്നാലെ സംഘര്‍ഷ സാഹചര്യം ഒഴിവാക്കാനുള്ള നടപടികള്‍ സ്വീകരിക്കാന്‍ യു,എസ് പ്രതിജ്ഞാബദ്ധമാണെന്ന് സ്റ്റേറ്റ് ഡിപ്പാര്‍ട്ട്മെന്റ് വക്താവ് മോര്‍ഗന്‍ ഓര്‍ട്ടാഗസ് പറഞ്ഞു.

You might also like

-