പാലക്കാട് നഗരത്തില്‍ വ്യാപാര സ്ഥാപനങ്ങള്‍ പ്രവര്‍ത്തിക്കുന്ന ബഹുനില കെട്ടിടം തകര്‍ന്നു വീണു

ഏഴ് പേരെ ഇതിനകം കെട്ടിടത്തില്‍ നിന്നും രക്ഷപ്പെടുത്തി. രണ്ട് പേരുടെ നില അതീവ ഗുരുതരമാണെന്നാണ് പുറത്ത് വരുന്ന റിപ്പോര്‍ട്ട്

0

പാലക്കാട് നഗരത്തില്‍ വ്യാപാര സ്ഥാപനങ്ങള്‍ പ്രവര്‍ത്തിക്കുന്ന ബഹുനില കെട്ടിടം തകര്‍ന്നു വീണു. മുന്‍സിപ്പില്‍ ബസ് സ്റ്റാന്‍ഡിന് സമീപം സ്ഥിതി ചെയുന്ന മൂന്ന് നില കെട്ടിടമാണ് തകര്‍ന്നു വീണത്. ഏഴ് പേരെ ഇതിനകം കെട്ടിടത്തില്‍ നിന്നും രക്ഷപ്പെടുത്തി. രണ്ട് പേരുടെ നില അതീവ ഗുരുതരമാണെന്നാണ് പുറത്ത് വരുന്ന റിപ്പോര്‍ട്ട്. മന്ത്രി എ. കെ ബാലന്‍ വിവരം അറിഞ്ഞ് സംഭവസ്ഥലത്തേക്ക് തിരിച്ചിട്ടുണ്ട്. പരിക്കേറ്റവരെ ജില്ലാ ആശുപത്രിയിലാണ് പ്രവേശിപ്പിച്ചിരിക്കുന്നത്.

 

വെെകുന്നേരത്തോടെ മന്ത്രി എ. കെ ബാലന്‍ അപകട സ്ഥലം സന്ദര്‍ശിക്കും. കെട്ടിടം തകര്‍ന്ന് വീണപ്പോള്‍ സമീപത്തുണ്ടായിരുന്ന ചിലര്‍ക്കും പരിക്കേറ്റിരുന്നു. ശിവരാമന്‍, ശാലിനി, പ്രവീണ്‍, ശാരി,സുനില്‍,ഷഫീഖ്, ജോണി, ജഗദീഷ്, വൈശാഖ്, അജീം എന്നിവരാണ് സംഭവത്തില്‍ പരിക്കേറ്റതിനെ തുടര്‍ന്ന് ജില്ലാ ആശുപത്രിയില്‍ ചികിത്സയിലുള്ളത്.

തകര്‍ന്ന കെട്ടിടത്തില്‍ ആളുകള്‍ കുടുങ്ങിക്കിടക്കുന്നതായി സൂചനയുണ്ട്. പക്ഷേ എത്ര പേര്‍ കെട്ടിടത്തില്‍ അകപ്പെട്ടിട്ടുണ്ട് എന്നതിനെ കുറിച്ച് കൃത്യമായ വിവരങ്ങള്‍ ലഭ്യമല്ല. ഈ കെട്ടിടം തകര്‍ന്ന് വീണതിന് കാരണമായി പറയുന്നത് കാലപ്പഴക്കമാണ്. നാട്ടുകാരും അഗ്‌നിശമനസേന പ്രവര്‍ത്തകരും ചേര്‍ന്നാണ് രക്ഷാപ്രവര്‍ത്തനത്തിന് നേതൃത്വം നല്‍കുന്നത്.

കെട്ടിടം തകര്‍ന്നത് ഉച്ചയ്ക്ക് ഒന്നോടെയായിരുന്നു. മിക്ക സ്ഥാപനങ്ങളും ഉച്ചയൂണിന് വേണ്ടി അടച്ചിട്ടിരുന്നതിനാല്‍ കെട്ടിടത്തില്‍ ആളുകള്‍ കുറവായിരിക്കുമെന്നാണ് പൊലീസിന്റ നിഗമനം. കെട്ടിടത്തിന്റെ മുകള്‍ഭാഗം ടിന്‍ഷീറ്റ് ഇട്ട അവസ്ഥയിലാണ്. മൂന്നു നിലകളില്‍ ഏറ്റവും മുകളിലത്തെ നിലയില്‍ ലോഡ്ജും രണ്ടാം നിലയില്‍ വ്യാപാര സ്ഥാപനങ്ങളുമാണ് പ്രവര്‍ത്തിക്കുന്നത്.

You might also like

-