മാടപ്പിള്ളിയിൽ സിൽവർ ലൈൻ പ്രതിഷേധത്തിനിടെ അറസ്റ്റ് ചെയ്തവരെ വിട്ടയച്ചു. പ്രതിപക്ഷം ശ്രമിക്കുന്നെന്ന് മുഖ്യമന്ത്രി
കേരള കോൺഗ്രസ് നേതാവ് ജോസഫ് എം. പുതുശേരി, യു.ഡി.എഫ് നേതാവ് ലാലി വിൻസെന്റ് തുടങ്ങിയവരെയാണ് പൊലീസ് അറസ്റ്റ് ചെയ്ത് നീക്കിയത്
കോട്ടയം | മാടപ്പിള്ളിയിൽ സിൽവർ ലൈൻ പ്രതിഷേധത്തിനിടെ അറസ്റ്റ് ചെയ്തവരെ വിട്ടയച്ചു. ഇതോടെ കെ റെയിൽ വിരുദ്ധ സമരത്തിൽ പങ്കെടുത്തവരെ വിട്ടയയ്ക്കണമെന്നാവശ്യപ്പെട്ട് കോട്ടയം തൃക്കൊടിത്താനം പൊലീസ് സ്റ്റേഷന് മുന്നിൽ സമരക്കാർ നടത്തിയ പ്രതിഷേധം അവസാനിപ്പിച്ചു.മാടപ്പള്ളിയിലെ പ്രതിഷേധ സ്ഥലത്ത് നിന്ന് കസ്റ്റഡിയിലെടുത്ത നാല് സ്ത്രീകൾ ഉൾപ്പടെയുള്ള 23 പ്രവർത്തകരെ ഉടൻ വിട്ടയയ്ക്കണമെന്നായിരുന്നു പ്രതിഷേധക്കാരുടെ ആവശ്യം. കേരള കോൺഗ്രസ് നേതാവ് ജോസഫ് എം. പുതുശേരി, യു.ഡി.എഫ് നേതാവ് ലാലി വിൻസെന്റ് തുടങ്ങിയവരെയാണ് പൊലീസ് അറസ്റ്റ് ചെയ്ത് നീക്കിയത്. ചങ്ങനാശേരിയിലെ പ്രതിഷേധത്തിനിടെ പൊലീസ് പിടികൂടിയവരെ അറസ്റ്റ് രേഖപ്പെടുത്താതെ വിട്ടയയ്ക്കണമെന്നാണ് സമരക്കാർ ആവശ്യപ്പെട്ടിരുന്നു. അതേസമയം പൊലീസ് നടപടിയിൽ പ്രതിഷേധിച്ചുകൊണ്ട് ബി.ജെ.പി നാളെ ഹർത്താലിനും ആഹ്വാനം ചെയ്തിട്ടുണ്ട്.
കോട്ടയം ചങ്ങനാശേരി മാടപ്പള്ളിയിൽ നടക്കുന്ന പ്രതിഷേധത്തിനിടെ സമരക്കാർ മണ്ണെണ്ണയൊഴിച്ച് ആത്മഹത്യാശ്രമം നടത്തിയിരുന്നു. പൊലീസ് ഇടപെട്ടാണ് ആത്മഹത്യാശ്രമം തടഞ്ഞത്. മണ്ണെണ്ണ ഒഴിച്ച് ആത്മഹത്യ ചെയ്യുമെന്ന് അറിയിച്ച ശേഷം മണ്ണെണ്ണ കുപ്പികളുമായെത്തിയ പ്രവർത്തകരെ പൊലീസ് ഇടപെട്ട് പിന്തിരിപ്പിക്കുകയായിരുന്നു. ചങ്ങനാശേരിയിലെ 16 കുടുംബങ്ങളാണ് വീട് നഷ്ടമാവുമെന്ന് പറഞ്ഞ് സമരം സംഘടിപ്പിച്ചത്. കല്ലിടാനുള്ള സംഘമെത്തിയാൽ അവരെ തടയുമെന്നുള്ള കാര്യം നേരത്തേ തന്നെ സമരക്കാർ വ്യക്തമാക്കിയിരുന്നു.
സിൽവർലൈൻ സമരങ്ങളിൽ പ്രകോപനമുണ്ടാക്കാൻ പ്രതിപക്ഷം ശ്രമിക്കുന്നെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു . ചങ്ങനാശേരിയിൽ തഹസിൽദാർ ഉൾപ്പെടെയുള്ളവരെ തടഞ്ഞുവച്ചു. സമാധാനപരമായിട്ടാണ് കാര്യങ്ങൾ നടക്കുന്നതെന്ന് അദ്ദേഹം പറഞ്ഞു. ആക്രമണത്തിൽ നിന്ന് പ്രതിപക്ഷം പിന്മാറണമെന്ന് മുഖ്യമന്ത്രി ആവശ്യപ്പെട്ടു