മുല്ലപ്പെരിയാർ അണക്കെട്ടിലെ ജലനിരപ്പ് 152 അടിയാക്കും ,ബേബി ഡാം ബലപ്പെടുത്തും

ബേബി ഡാം ബലപ്പെടുത്തുന്നതിന് താഴെയുള്ള മൂന്നു മരങ്ങൾ വെട്ടണം. അതിനുള്ള അനുമതി കേരള സർക്കാർ നൽകണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു

0

ഇടുക്കി: മുല്ലപ്പെരിയാർ അണക്കെട്ടിലെ ജലനിരപ്പ് 152 അടിയാക്കാൻ നടപടിയെടുക്കുമെന്ന് തമിഴ്നാട്. കോടതി നിർദ്ദേശിച്ച ബേബി ഡാം ബലപ്പെടുത്തൽ പൂർത്തിയായ ശേഷം, ജലനിരപ്പ് 152 അടിയാക്കാൻ നടപടിയെടുക്കുമെന്ന് തമിഴ്നാട് ജലസേചന വകുപ്പ് മന്ത്രി ദുരൈമുരുഗൻ പറഞ്ഞു . മുല്ലപ്പെരിയാർ അണക്കെട്ട് സന്ദർശിച്ച് ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. ബേബി ഡാം ബലപ്പെടുത്തിയ ശേഷം അണക്കെട്ടിലെ ജലനിരപ്പ് 152 അടിയാക്കാം. ബേബി ഡാം ബലപ്പെടുത്തുന്നതിന് താഴെയുള്ള മൂന്നു മരങ്ങൾ വെട്ടണം. അതിനുള്ള അനുമതി കേരള സർക്കാർ നൽകണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. പിണറായി സർക്കാർ അധികാരത്തിലിരിക്കുമ്പോൾ മുല്ലപ്പെരിയാർ പ്രശ്നത്തിന് പരിഹാരം കാണാൻ കഴിയുമെന്നാണ് പ്രതീക്ഷയെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. റൂൾ കർവ് പ്രകാരം ഈ മാസം 10 വരെ 139.50 അടി വരെ ജലനിരപ്പ് ക്രമീകരിക്കാം. റൂൾ കർവ് പ്രകാരമാണ് സ്പിൽ വേ തുറന്നത്. മുല്ലപ്പെരിയാർ നീണ്ട നാളത്തെ പ്രശ്‌നമാണ്. വകുപ്പു മന്ത്രി എന്ന നിലയിലാണ് അണക്കെട്ടിലെത്തിയത്. എല്ലാ ഡാമുകളും സന്ദർശിക്കുന്നതിന്റെ ഭാഗമാണിത്. വർഷങ്ങളായി ഇത്തരത്തിൽ ഡാമുകൾ സന്ദർശിക്കാറുണ്ടെന്നും അദ്ദേഹം സൂചിപ്പിച്ചു
മുല്ലപ്പെരിയാറിനെ കുറിച്ച് പറയാൻ ഒ പളനിസാമിക്കും ഇ പനീർശെൽവത്തിനും ധാർമിക അവകാശമില്ല. പിണറായി സർക്കാരിന്റെ കാലത്ത് മുല്ലപ്പെരിയാർ പ്രശ്‌നം പരിഹരിക്കപ്പെടുമെന്നാണ് പ്രതീക്ഷയെന്നും ദുരൈ മുരുകൻ കൂട്ടിച്ചേർത്തു

മുല്ലപ്പെരിയാർ അണക്കെട്ടിന്റെ സ്പിൽവേ ഷട്ടറുകൾ തുറന്നതിനെതിരെ തമിഴ്നാട്ടിൽ എഐഡിഎംകെ അടക്കമുള്ള പ്രതിപക്ഷ പാർട്ടികൾ രംഗത്തെത്തിയിരുന്നു. തമിഴ്നാട്ടിലെ ജനങ്ങളുടെ ബുദ്ധിമുട്ടുകൾ പരിഗണിക്കാതെയാണ് ഡിഎംകെ സർക്കാർ അണക്കെട്ട് തുറക്കാൻ തീരുമാനിച്ചതെന്നായിരുന്നു എഐഡിഎംകെയുടെ ആരോപണം. ഇത് തള്ളിയ മന്ത്രി ദുരൈമുരുഗൻ റൂൾ കർവ് പ്രകാരം ആണ് സ്പിൽ വേ തുറന്നതെന്നും വ്യക്തമാക്കി.

അണക്കെട്ടിലെ ജലനിരപ്പ് 142 അടിയിൽ നിന്നും 136 അടിയലേക്ക് താഴ്ത്തണമെന്ന് കേരളം ആവശ്യപ്പെടുന്നതിനിടെയാണ് തമിഴ്നാട് മന്ത്രിയുടെ പ്രസ്താവന. തമിഴ്നാട്ടിലെ അഞ്ചംഗ മന്ത്രിതല സംഘമാണ് ഇന്ന് മുല്ലപ്പെരിയാർ സന്ദർശിച്ചത്. മന്ത്രി ദുരൈമുരുകനൊപ്പം സഹകരണം, ധനകാര്യം, വാണിജ്യനികുതി, ഭക്ഷ്യ സിവിൽ സപ്ലൈസ് മന്ത്രിമാരാണ് മുല്ലപ്പെരിയാറിലെത്തിയത്. ഇവർക്കൊപ്പം ഏഴോളം എംഎൽഎമാരും സ്ഥലം സന്ദർശിച്ചു

You might also like

-