മക്കളെ ചങ്ങലക്കിട്ടു വളര്‍ത്തി; ക്ഷമചോദിച്ച് മാതാപിതാക്കള്‍, ജീവപര്യന്തം ശിക്ഷ.
മൂന്നു മുതല്‍ 29 വയസ് വരെ പ്രായമുള്ള കുട്ടികളെ പുറം ലോകവുമായുള്ള ബന്ധം വിച്ഛേദിച്ചു വീട്ടില്‍ വളര്‍ത്തുന്നതു മൂലം തെറ്റുകളില്‍ അകപ്പെടുകയില്ലെന്നും അച്ചടക്കം ഉള്ളവരായി വളരുമെന്നും ഞങ്ങള്‍ വിശ്വസിച്ചു.
കലിഫോര്‍ണിയ: പതിമൂന്നു മക്കളില്‍ 12 പേരെ വീട്ടിനകത്തു വൃത്തിഹീന ചുറ്റുപാടുകളില്‍ ചങ്ങലക്കിട്ടും ആവശ്യമായ പോഷകാഹാരങ്ങള്‍ നല്‍കാതെയും വളര്‍ത്തിയ മാതാപിതാക്കള്‍ക്കു ജീവപര്യന്തം തടവ്. ലോകഹീഡ് മാര്‍ട്ടിന്‍ കമ്പനി എന്‍ജിനീയര്‍ ഡേവിഡ് ടര്‍ഫിന്‍ (57) ഭാര്യ ലൂസിയ ടര്‍ഫിന്‍ (50) എന്നിവര്‍ക്കാണു റിവര്‍ സൈഡ് ജഡ്ജി ബര്‍ണാര്‍ഡ് ഷ്വവര്‍ട്ടസ് ജീവപര്യന്തം ശിക്ഷ വിധിച്ചത്. 25 വര്‍ഷത്തിനു ശേഷം മാത്രമേ പരോളിന് അപേക്ഷിക്കുന്നതിനുള്ള അനുമതി ലഭിക്കുകയുള്ളൂ.
2018 ജനുവരിയിലായിരുന്നു സംഭവം. വീട്ടില്‍ ചങ്ങലക്കിട്ടിരുന്ന പതിനേഴുകാരി രക്ഷപ്പെട്ട് 911 വിളിച്ചു അറിയിച്ചതിനെ തുടര്‍ന്നാണ് പുറം ലോകം ഞെട്ടിക്കുന്ന വിവരം അറിയുന്നത്. 2019 ഫെബ്രുവരിയില്‍ ഇവര്‍ കുറ്റക്കാരാണെന്ന് കണ്ടെത്തിയിരുന്നു. മൂന്നു മുതല്‍ 29 വയസ് വരെ പ്രായമുള്ള കുട്ടികളെ പുറം ലോകവുമായുള്ള ബന്ധം വിച്ഛേദിച്ചു വീട്ടില്‍ വളര്‍ത്തുന്നതു മൂലം തെറ്റുകളില്‍ അകപ്പെടുകയില്ലെന്നും അച്ചടക്കം ഉള്ളവരായി വളരുമെന്നും ഞങ്ങള്‍ വിശ്വസിച്ചു. കുട്ടികളുടെ നന്മ മാത്രമാണ് ഞങ്ങള്‍ ലക്ഷ്യമിട്ടിരുന്നത്. ഞങ്ങള്‍ അവരെ സ്‌നേഹിച്ചിരുന്നു. പള്ളികളിലെ ആരാധനകളിലും ചിലപ്പോള്‍ എല്ലാവരുമൊരുമിച്ച് പുറത്തേക്കു പോകുകയും ചെയ്തിരുന്നുവെന്ന് മാതാപിതാക്കള്‍ കോടതിയില്‍ പറഞ്ഞു. ചെയ്ത കുറ്റത്തിന് മാപ്പപേക്ഷിക്കുകയും ചെയ്തു.
പ്രോസിക്യൂഷന്റെ ആരോപണം വളരെ ഗുരുതരമായിരുന്നു. കുട്ടികളുടെ സ്വാതന്ത്ര്യം നിഷേധിക്കുകയും ആവശ്യമായ പോഷകാഹാരം നല്‍കാതിരിക്കുകയും ശരിയായി കുളിക്കാന്‍ അനുവദിക്കാതിരിക്കുകയും, ആവശ്യമായ വിദ്യാഭ്യാസം നല്‍കാതിരിക്കുകയും ചെയ്തതു കുട്ടികളോടുള്ള ക്രൂരതയായിരുന്നു എന്നു കോടതി വ്യക്തമാക്കി.
പതിമൂന്നു കുട്ടികളില്‍ ഒരാണ്‍കുട്ടിയെ മാത്രം തൊട്ടടുത്തുള്ള കമ്മ്യൂണിറ്റി കോളജില്‍ ചേര്‍ന്ന് പഠിക്കാന്‍ അനുവദിച്ചിരുന്നു. എന്നാല്‍ ഈ കുട്ടി പുറത്തു പോകുമ്പോളെല്ലാം മാതാവും ഇവനെ പിന്തുടര്‍ന്നതായി പ്രോസിക്യൂഷന്‍ ചൂണ്ടിക്കാട്ടി.
കുട്ടികളില്‍ ചിലര്‍ മാതാപിതാക്കള്‍ക്കനുകൂലമായും ചിലര്‍ എതിര്‍ത്തും കോടതിയില്‍ മൊഴി നല്‍കി. നല്ല ശിക്ഷണത്തില്‍ വളര്‍ത്താന്‍ മാതാപിതാക്കള്‍ ശ്രമിച്ചുവെന്നതും സ്വാതന്ത്ര്യം നിഷേധിച്ചുവെന്നതും ചില കുട്ടികളോട് മാതാപിതാക്കളുടെ ക്ഷമാപണവും എല്ലാം കോടതിമുറിയില്‍ കൂടിയിരുന്നവരെ വികാരനിര്‍ഭര നിമിഷങ്ങളാണ് സൃഷ്ടിച്ചത്.