തൊഴിലുറപ്പ് ജോലിക്കിടെ വീട്ടുമുറ്റത്ത് നിന്നും നിധി കണ്ടെത്തി
കോട്ടയ്‌ക്കൽ പൊൻമള തെക്കേമുറി പുഷ്പരാജിന്റെ വീട്ടുവളപ്പിൽ നിന്നാണ് നിധി ലഭിച്ചത്. തൊഴിലുറപ്പ് തൊഴിലാളികൾ കുഴിയെടുക്കുന്നതിനിടെ ആദ്യം മൺകലമാണ് കണ്ടത്
മലപ്പുറം| തൊഴിൽ ഉറപ്പ് ജോലിക്കിടെ കൃഷിയിടത്തിൽനിന്നും സ്വർണനിധി കണ്ടെത്തി. തെഴിലുറപ്പ് പദ്ധതി തൊഴിലാളികൾ തെങ്ങിന് കുഴിയെടുക്കുന്നതിനിടെയാണ് നിധി കണ്ടെത്തിയത്. കോട്ടയ്‌ക്കൽ പൊൻമള തെക്കേമുറി പുഷ്പരാജിന്റെ വീട്ടുവളപ്പിൽ നിന്നാണ് നിധി ലഭിച്ചത്.
തൊഴിലുറപ്പ് തൊഴിലാളികൾ കുഴിയെടുക്കുന്നതിനിടെ ആദ്യം മൺകലമാണ് കണ്ടത്. തുടർന്ന് തൊഴിലാളികൾ ചേർന്ന് കലം തുറന്നപ്പോഴാണ് അതിനുള്ളിൽ സ്വർണ നാണയങ്ങളും വളയങ്ങളും കണ്ടത്. നിധി കണ്ടെത്തിയ തൊഴിലുറപ്പ് തൊഴിലാളികൾ ഇവ ഉടമസ്ഥനെ ഏൽപ്പിക്കുകയായിരുന്നു.
വീട്ടുകാർ ഇക്കാര്യം പഞ്ചായത്ത് അധികൃതരെയും പുരാവസ്തു വകുപ്പിലെ ഉദ്യോഗസ്ഥരെയും അറിയിച്ചു. തുടർന്ന് സർക്കാർ പുരാവസ്ത വകുപ്പ് നിധി ഏറ്റെടുത്ത് ജില്ലാ ട്രഷറിയിലേയ്‌ക്ക് മാറ്റി. നിധി ലഭിച്ച വിവരം നാട്ടിൽപാട്ടയതോടെ അനേകം ആളുകളാണ് ഇവിടേയ്‌ക്ക് എത്തിയത്.മുൻപ് തെങ്ങുണ്ടായിരുന്ന ഭാഗത്ത് മഴക്കുഴയായും പിന്നീട് ആവശ്യമെങ്കിൽ തെങ്ങിൻതൈ നടാനും സൗകര്യപ്പെടുന്ന രീതിയിൽ കുഴിയെടുക്കുമ്പോഴാണ് മൺകലം കണ്ടത്. ഇതിനുള്ളിൽ ലോഹപ്പെട്ടിയിൽ അടച്ച നിലയിലായിരുന്നു നിധി.