കടുവയെ കിണറിനുള്ളില്‍ ചത്ത നിലയില്‍ കണ്ടെത്തി

കിണറിലെ മോട്ടറില്‍ നിന്നും വെള്ളം കയറാത്തതിനെ തുടര്‍ന്ന് പരിശോധിച്ചപ്പോഴാണ് കടുവയുടെ ജഡത്തെ സ്ഥല ഉടമ കണ്ടത്. വനം വകുപ്പ് സംഘം സ്ഥലത്തെത്തി ജഡം കിണറിനുളളില്‍ നിന്ന് പുറത്തെടുത്തു.

0

മാനന്തവാടി | വയനാട്ടില്‍ കടുവയെ കിണറിനുള്ളില്‍ ചത്ത നിലയില്‍ കണ്ടെത്തി. പാപ്ലശ്ശേരി ചുങ്കത്ത് കളപ്പുരക്കല്‍ അഗസ്റ്റിന്റെ കിണറിലാണ് കടുവയുടെ ജഡം കണ്ടെത്തിയത്. കിണറിന്റെ കൈവരിക്ക് ഉയരം കുറവായതിനാല്‍ തോട്ടത്തിലൂടെ സഞ്ചരിക്കുന്നതിനിടയില്‍ കിണറിനുള്ളില്‍ അകപ്പെട്ടതാകാം എന്നാണ് നിഗമനം. കടുവ കിണറിനുള്ളില്‍ നിന്ന് രക്ഷപ്പെടാന്‍ ശ്രമിച്ചതിന്റെ പാടുകള്‍ കണ്ടെത്തിയിട്ടുണ്ട്. കിണറിലെ പൈപ്പും തകര്‍ത്ത നിലയിലാണ്. ഇരുളം ഫോറസ്റ്റ് സ്റ്റേഷന്‍ പരിധിയിലാണ് സംഭവം.

കിണറിലെ മോട്ടറില്‍ നിന്നും വെള്ളം കയറാത്തതിനെ തുടര്‍ന്ന് പരിശോധിച്ചപ്പോഴാണ് കടുവയുടെ ജഡത്തെ സ്ഥല ഉടമ കണ്ടത്. വനം വകുപ്പ് സംഘം സ്ഥലത്തെത്തി ജഡം കിണറിനുളളില്‍ നിന്ന് പുറത്തെടുത്തു. പോസ്റ്റ്‌മോര്‍ട്ടത്തിനായി ബത്തേരിയിലെ ഫോറസ്റ്റ് ലാബിലേക്ക് മാറ്റി. കടുവ സംരക്ഷണ അതോറിറ്റിയുടെ മാനദണ്ഡങ്ങള്‍ പാലിച്ച് നാളെ പോസ്റ്റ്‌മോര്‍ട്ടം നടക്കും. ജഡത്തിന് രണ്ടു ദിവസത്തിലധികം പഴക്കമുണ്ട്. കുപ്പാടി വനമേഖലയില്‍ നിന്നാണ് കടുവ ജനവാസ മേഖലയില്‍ എത്തിയതെന്നാണ് സൂചന. കടുവകളുടെ സാന്നിധ്യം ഇതിന് മുന്‍പും സ്ഥിരീകരിച്ച പ്രദേശമാണിത്.
നേരത്തെ ഫെബ്രുവരി 1ന് മറ്റൊരു കടുവയെ വയനാട്ടില്‍ ചത്ത നിലയില്‍ കണ്ടെത്തിയിരുന്നു. വയനാട് അമ്പലവയലിലെ സ്വകാര്യ വ്യക്തിയുടെ തോട്ടത്തിലായിരുന്നു കഴുത്തില്‍ കുരുക്ക് കുരുങ്ങിയ നിലയില്‍ കടുവയുടെ ജഡം കണ്ടെത്തിയത്.

You might also like