ജമ്മു കശ്മീരിന്റെ പ്രത്യേക പദവി റദ്ദാക്കിയത് ചോദ്യം ചെയ്തുള്ള ഹര്‍ജികളില്‍ സുപ്രിംകോടതി വിധി ഇന്ന് 

ജമ്മു കശ്മീരിന്റെ സ്ഥിരമായ പ്രത്യേക പദവി പാര്‍ലമെന്റിന് റദ്ദാക്കാന്‍ കഴിയുമോ?, കേന്ദ്ര സര്‍ക്കാരിന്റെ രാഷ്ട്രീയ നടപടികള്‍ക്ക് ഭരണഘടനാ സാധുതയുണ്ടോ?, ഇന്‍സ്ട്രുമെന്റ് ഓഫ് ആക്‌സഷന്‍ ഉപയോഗിച്ച് ജമ്മു കശ്മീരിന്റെ ആഭ്യന്തര പരമാധികാരത്തില്‍ കൈകടത്താന്‍ കേന്ദ്ര സര്‍ക്കാരിന് കഴിയുമോ?

0

ഡല്‍ഹി | ജമ്മു കശ്മീരിന്റെ പ്രത്യേക പദവി റദ്ദാക്കിയത് ചോദ്യം ചെയ്തുള്ള ഹര്‍ജികളില്‍ സുപ്രിംകോടതി ഇന്ന് വിധി പറയും. രാവിലെ പത്തരയ്ക്കാണ് ചീഫ് ജസ്റ്റിസ് അധ്യക്ഷനായ ഭരണഘടനാ ബെഞ്ചിന്റെ വിധി പ്രസ്താവം. ഭരണഘടനയുടെ 370–ാം വകുപ്പ് പ്രകാരം ജമ്മു കശ്മീരിനുണ്ടായിരുന്ന പ്രത്യേക പദവി റദ്ദാക്കിയതിനെതിരായ ഹർജികളിൽ സുപ്രിംകോടതി വിധി ഇന്ന്.2019ലാണ് ജമ്മു കശ്മീരിന് പ്രത്യേക പദവി നൽകിയിരുന്ന ഭരണഘടനയിലെ ആർട്ടിക്കിൾ 370 റദ്ദാക്കുകയും ജമ്മു കശ്മീരിനെ ജമ്മു ആൻ്റ് കശ്മീർ, ലഡാക്ക് എന്നിങ്ങനെ രണ്ട് കേന്ദ്രഭരണ പ്രദേശങ്ങളാക്കി വിഭജിക്കുകയും ചെയ്തത്. ഇതിനെതിരെ 2020ൽ സമർപ്പിച്ചക്കപ്പട്ട ഹർജികളിൽ ഈ വർഷം ആഗസ്റ്റ് 2 മുതൽ 16 ദിവസം വാദം കേട്ട സുപ്രീംകോടതി കേസ് വിധി പറയാൻ മാറ്റുകയായിരുന്നു.

ജമ്മു കശ്മീരിന്റെ സ്ഥിരമായ പ്രത്യേക പദവി പാര്‍ലമെന്റിന് റദ്ദാക്കാന്‍ കഴിയുമോ?, കേന്ദ്ര സര്‍ക്കാരിന്റെ രാഷ്ട്രീയ നടപടികള്‍ക്ക് ഭരണഘടനാ സാധുതയുണ്ടോ?, ഇന്‍സ്ട്രുമെന്റ് ഓഫ് ആക്‌സഷന്‍ ഉപയോഗിച്ച് ജമ്മു കശ്മീരിന്റെ ആഭ്യന്തര പരമാധികാരത്തില്‍ കൈകടത്താന്‍ കേന്ദ്ര സര്‍ക്കാരിന് കഴിയുമോ?, ജമ്മു കശ്മീരിന്റെ സ്വയംഭരണം ചോദ്യം ചെയ്യപ്പെട്ടോ?, സംസ്ഥാന സര്‍ക്കാരിന്റെ അനുമതി ഇല്ലാതെ പാര്‍ലമെന്റിന് ജമ്മു കശ്മീരിന്റെ കാര്യത്തില്‍ നിയമ നിര്‍മ്മാണം സാധ്യമാണോ?, യൂണിയന്‍, കണ്‍കറന്റ് പട്ടികകളില്‍ ഉള്‍പ്പെടാത്ത ഇന്‍സ്ട്രുമെന്റ് ഓഫ് ആക്‌സഷന്‍ ഉപയോഗിച്ച് നിയമ നിര്‍മ്മാണം സാധ്യമാണോ?, സംസ്ഥാന മന്ത്രിസഭയുടെ ഉപദേശവും സഹായവും ഇല്ലാതെ നിയമസഭ പിരിച്ചുവിട്ട ഗവര്‍ണറുടെ നടപടി നിലനില്‍ക്കുന്നതാണോ?, സംസ്ഥാന പുനഃസംഘടന, കേന്ദ്ര ഭരണ പ്രദേശ പദവി എന്നിവ ഭരണഘടനാ വിധേയമാണോ? തുടങ്ങിയ ചോദ്യങ്ങള്‍ക്ക് ഇന്ന് സുപ്രീംകോടതിയുടെ അഞ്ചംഗ ഭരണഘടനാ ബെഞ്ച് ഉത്തരം നല്‍കും.

ഭരണഘടനയുടെ അനുച്ഛേദം 370ലാണ് ജമ്മു കശ്മീരിന് പ്രത്യേക പദവി നിര്‍വചിച്ചത്. പ്രത്യേക പദവി റദ്ദാക്കാന്‍ സംസ്ഥാന ഭരണഘടനാ അസംബ്ലിയുടെ പ്രമേയം വേണം. എന്നാല്‍ 1957ല്‍ ജമ്മു കശ്മീര്‍ ഭരണഘടനാ അസംബ്ലി അവസാനിച്ചു. ഇതോടെ താല്‍ക്കാലിക പദവിയായ അനുച്ഛേദം 370 സ്ഥിരം പദവിയായി. ഇത് തുടരവെ 2019ല്‍ പ്രസിഡന്‍ഷ്യല്‍ ഓര്‍ഡര്‍ അനുസരിച്ച് നിയമസഭ പിരിച്ചുവിട്ടു. 2019 ഓഗസ്റ്റ് അഞ്ചിന് രാജ്യസഭയിലും ആറിന് ലോക്‌സഭയിലും ജമ്മു കശ്മീരിന്റെ സംസ്ഥാന പദവി റദ്ദാക്കുന്ന ബില്‍ പാസാക്കി. ജമ്മു കശ്മീരിലെ രാഷ്ട്രീയ നേതാക്കളെ വീട്ടു തടങ്കലിലാക്കി. മറ്റ് നിരവധി നിയന്ത്രണങ്ങള്‍ ഇതോടൊപ്പം ഏര്‍പ്പെടുത്തി. കേന്ദ്ര സര്‍ക്കാരിന്റെ നടപടികള്‍ ഭരണഘടനാ വിരുദ്ധമാണ് എന്നും തീരുമാനങ്ങള്‍ റദ്ദാക്കണമെന്നും ആവശ്യപ്പെട്ടാണ് ജമ്മു കശ്മീരിലെ രാഷ്ട്രീയ നേതാക്കള്‍ ഉള്‍പ്പടെയുള്ളവര്‍ സുപ്രീം കോടതിയെ സമീപിച്ചത്. ഭരണഘടനയെ ഉപയോഗിച്ച് കേന്ദ്ര സര്‍ക്കാര്‍ തട്ടിപ്പ് നടത്തി എന്നായിരുന്നു ഹര്‍ജിക്കാരുടെ പ്രധാന വാദം.

 

കശ്മീരിലെ ജനാധിപത്യം പുനഃസ്ഥാപിക്കണം എന്നും ഹര്‍ജിക്കാര്‍ ആവശ്യപ്പെട്ടു. തീരുമാനം ഭരണഘടനാപരമാണ് എന്നായിരുന്നു കേന്ദ്ര സര്‍ക്കാരിന്റ വാദം. നാട്ടുരാജ്യങ്ങള്‍ ഇന്ത്യയോട് ചേര്‍ത്ത നടപടിക്ക് സമാനമാണ് പ്രത്യേക പദവി റദ്ദാക്കിയ തീരുമാനം. ജമ്മു കശ്മീരിനെ കേന്ദ്ര ഭരണ പ്രദേശമാക്കിയ നടപടി താല്‍ക്കാലികമാണ്. സംസ്ഥാന പദവി തിരികെ നല്‍കാമെന്നും കേന്ദ്ര സര്‍ക്കാര്‍ മറുപടി നല്‍കി. ജമ്മു കശ്മീരില്‍ ജനാധിപത്യം പുനസ്ഥാപിക്കുകയാണ് ലക്ഷ്യമെന്നാണ് ചീഫ് ജസ്റ്റിസ് വാദത്തിനിടെ നിരീക്ഷിച്ചത്. ജമ്മു കശ്മീരിന്റെ പ്രത്യേക പദവി റദ്ദാക്കിയ നടപടിക്രമങ്ങളെ സംബന്ധിച്ച് ആക്ഷേപങ്ങളില്‍ ചില വസ്തുതയുണ്ടെന്നും ചീഫ് ജസ്റ്റിസ് നിരീക്ഷിച്ചു. ജസ്റ്റിസ് ഡിവൈ ചന്ദ്രചൂഡ്, ജസ്റ്റിസുമാരായ സഞ്ജയ് കിഷന്‍ കൗള്‍, സഞ്ജീവ് ഖന്ന, ബി ആര്‍ ഗവായ്, സൂര്യ കാന്ത് എന്നിവര്‍ ഉള്‍പ്പെട്ട അഞ്ചംഗ ഭരണഘടനാ ബെഞ്ച് ആണ് വിധി പറയുന്നത്.

You might also like

-