നടിയെ ആക്രമിച്ച കേസില്‍ വിചാരണക്കോടതി മാറ്റണമെന്ന അതിജീവിതയുടെ ആവശ്യം സുപ്രീം കോടതി തള്ളി.വിചാരണക്കോടതിമാറ്റാനാകില്ല

വിചാരണ കോടതി ജഡ്ജിയുമായും അവരുടെ ഭര്‍ത്താവുമായും എട്ടാം പ്രതിയായ ദിലീപിന് അടുത്ത ബന്ധമുണ്ടെന്നും പൊലീസിന് ലഭിച്ച വോയ്‌സ് ക്ലിപ്പുകളില്‍ ഇത് സംബന്ധിച്ച തെളിവുകളുണ്ടെന്നും ഹര്‍ജിയില്‍ ആരോപിച്ചു

0

ഡൽഹി | നടിയെ ആക്രമിച്ച കേസില്‍ വിചാരണക്കോടതി മാറ്റണമെന്ന അതിജീവിതയുടെ ആവശ്യം സുപ്രീം കോടതി തള്ളി. വിചാരണക്കോടതി മാറ്റുന്നത് തെറ്റായ കീഴ്‌വഴക്കം
സൃഷ്ടിക്കുമെന്നും ഹൈക്കോടതി വിധിയില്‍ ഇടപെടുന്നില്ലെന്നും ജസ്റ്റിസ് അജയ് രസ്‌തോഗി അധ്യക്ഷനായ ബെഞ്ച് അറിയിച്ചു. ആക്രമിക്കപ്പെട്ട നടിയാണ്, കോടതി മാറ്റം ആവശ്യപ്പെട്ടു സുപ്രീം കോടതിയെ സമീപിച്ചത്. വിചാരണ കോടതി മാറ്റണമെന്നാവശ്യപ്പെട്ടുള്ള നടിയുടെ ഹര്‍ജി ഹൈക്കോടതി തള്ളിയിരുന്നു. ഇതിനെതിരെയാണ് സുപ്രിം കോടതിയെ സമീപിച്ചത്.ഇപ്പോഴത്തെ ജഡ്ജി വിചാരണ നടത്തിയാല്‍ തനിക്ക് നീതി ലഭിക്കില്ലെന്നും നീതിയുക്തവുമായ വിചാരണ ഉണ്ടാകില്ലെന്ന ആശങ്ക ഉണ്ടെന്നും നടി കോടതിയില്‍ വാദിച്ചിരുന്നു. വിചാരണ കോടതി ജഡ്ജിയുമായും അവരുടെ ഭര്‍ത്താവുമായും എട്ടാം പ്രതിയായ ദിലീപിന് അടുത്ത ബന്ധമുണ്ടെന്നും പൊലീസിന് ലഭിച്ച വോയ്‌സ് ക്ലിപ്പുകളില്‍ ഇത് സംബന്ധിച്ച തെളിവുകളുണ്ടെന്നും ഹര്‍ജിയില്‍ ആരോപിച്ചു. എന്നാല്‍ ഇതിനു തെളിവു ഹാജരാക്കാനായില്ലെന്നു ചൂണ്ടിക്കാട്ടിയാണ് ഹൈക്കോടതി ഹര്‍ജി തള്ളിയത്.ജഡ്ജിയുമായി ബന്ധമുള്ള ഒരു അഭിഭാഷകന്റെ ശബ്ദരേഖയാണ് പൊലീസിന് ലഭിച്ചത്. എക്‌സൈസ് വകുപ്പില്‍ ജോലിചെയ്യുന്ന ജഡ്ജിയുടെ ഭര്‍ത്താവ് കസ്റ്റഡി കൊലപാതക കേസില്‍ അന്വേഷണം നേരിടുകയാണെന്നും അതിജീവിത സുപ്രീംകോടതിയില്‍ ഫയല്‍ചെയ്ത അപ്പീലില്‍ ആരോപിച്ചിരുന്നു. മുന്‍വിധിയോടെയാണ് സെഷന്‍സ് ജഡ്ജി പ്രോസിക്യൂഷനോട് പെരുമാറുന്നത്. ഇതിനോടകം രണ്ട് പബ്ലിക് പ്രോസിക്യൂട്ടര്‍മാര്‍ കേസില്‍നിന്ന് പിന്മാറി. വിസ്താരത്തിനിടയില്‍ പ്രതിയുടെ അഭിഭാഷകന്‍ അന്തസ്സും മാന്യതയും ഹനിക്കുന്ന ചോദ്യങ്ങള്‍ ഉന്നയിച്ചു. എന്നാല്‍ ഇത് തടയാന്‍ സെഷന്‍സ് ജഡ്ജി തയ്യാറായില്ലെന്നും അതിജീവിത ആരോപിച്ചിരുന്നു.

കേസ് അഡീഷണല്‍ സെഷന്‍സ് കോടതിയില്‍നിന്ന് പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതിയിലേക്ക് മാറ്റുന്നതിലെ നിയമപ്രശനങ്ങളും ഹര്‍ജിയില്‍ ചൂണ്ടിക്കാട്ടിയിരുന്നു. വസ്തുതകള്‍ ഒന്നും കണക്കിലെടുക്കാതെയാണ് കോടതി മാറ്റണമെന്ന തന്റെ ഹര്‍ജി ഹൈക്കോടതി തള്ളിയതെന്നും അതിജീവിത സുപ്രീംകോടതിയില്‍ ഫയല്‍ചെയ്ത അപ്പീലില്‍ വിശദീകരിച്ചിരുന്നു.

You might also like

-