രണ്ടാം പിണറായി കേരളത്തിൽ സർക്കാർ ഗുണ്ടാ രാജ് നടപ്പിലാക്കുന്നു- ഡീൻ കുര്യാക്കോസ്

അക്രമണത്തിന് ഇരയായ വ്യക്തിയെ സന്ദർശിച്ച് അദ്ദേഹത്തിന് നീതി നടപ്പിലാക്കി കൊടുക്കുകയും ചെയ്യേണ്ട പോലീസ് ഇരയുടെ മൊഴി എടുത്ത ശേഷം മൊഴിയിൽ പറയുന്ന പ്രതികളെ രക്ഷപ്പെടാൻ അനുവദിക്കുകയാണ് ചെയ്തിരിക്കുന്നത്.

0

തൊടുപുഴ| രണ്ടാം പിണറായി സർക്കാർ അധികാരത്തിൽ വന്ന ശേഷം കേരളത്തിലെമ്പാടും അക്രമരാഷ്ട്രീയം കൊടികുത്തി വാഴുകയാണെന്നും സി.പി.എം. പ്രവർത്തവർ എല്ലാ ജനാധിപത്യ കീഴ്വഴക്കങ്ങളും രാഷ്ട്രീയ മര്യാദകളും കാറ്റിൽപറത്തി സംഘടനാ സ്വാതന്ത്ര്യം നിഷേധിച്ചുകൊണ്ടും പോലീസിനെ നിഷ്ക്രീയരാക്കിക്കൊണ്ടും ഗുണ്ടാരാജ് നടപ്പിൽ വരുത്തിയിരിക്കുകയാണെന്നും ഡീൻ കുര്യാക്കോസ് എം.പി. ആരോപിച്ചു.

കരിമണ്ണൂരിലെ ഒരു പാവപ്പെട്ട കോൺഗ്രസ് പ്രവർത്തകനായ ജോസഫ് സിപിഎം പ്രാദേശിക നേതാവിനെ ഫേസ്ബുക്കിൽ വിമർശിച്ചതിൻറെ പേരിൽ അദ്ദേഹത്തിൻറെ കയ്യും കാലും തല്ലിയൊടിച്ച നടപടി തികഞ്ഞ കാടത്തം ആണെന്നും അഭിപ്രായസ്വാതന്ത്ര്യവും നിയമവ്യവസ്തയെ വെല്ലുവിളിക്കുകയും ചെയ്യുന്ന സിപിഎം നടപടിക്കെതിരെ അതിശക്തമായ ബഹുജന പ്രക്ഷോഭം ഉയരുമെന്നും ഡീൻ കുര്യാക്കോസ് എംപി പറഞ്ഞു. ഇവിടെ അക്രമം നടത്തിയവർക്കെതിരെ പോലിസ് യാതൊരു നടപടിയും എടുത്തിട്ടില്ല എന്ന് മാത്രമല്ല ജോസഫിൻറെ മൊഴിയിൽ പറയുന്നവർക്കെതിരെ കേസെടുക്കാൻ പോലും പോലീസ് തയ്യാറായിട്ടില്ല. ഇതൊരു ജനാധിപത്യ ഗവൺമെൻറിന് ഭൂഷണമല്ല. അക്രമണത്തിന് ഇരയായ വ്യക്തിയെ സന്ദർശിച്ച് അദ്ദേഹത്തിന് നീതി നടപ്പിലാക്കി കൊടുക്കുകയും ചെയ്യേണ്ട പോലീസ് ഇരയുടെ മൊഴി എടുത്ത ശേഷം മൊഴിയിൽ പറയുന്ന പ്രതികളെ രക്ഷപ്പെടാൻ അനുവദിക്കുകയാണ് ചെയ്തിരിക്കുന്നത്. ഇത് അക്രമങ്ങൾ ചെയ്യുന്നവരെ സംരക്ഷിക്കുവാൻ ഇവിടെ സർക്കാർ ഉണ്ട് എന്ന സന്ദേശം നൽകുകയാണ് ചെയ്യുന്നത്. ഇത് കേരളത്തിലെ ക്രമസമാധാനനില തകർക്കുമെന്നും ഗുണ്ടാരാജ് നടപ്പിലാക്കാനും അഭിപ്രായസ്വാതന്ത്ര്യം ഹനിക്കാനുള്ള ഇത്തരം പ്രവണതകൾക്കെതിരെ സാംസ്കാരിക കേരളം ഉണരേണ്ട സമയം അതിക്രമിച്ചിരിക്കുന്നുവെന്നും എംപി പറഞ്ഞു. ജോസഫിനെതിരായ ആക്രമണത്തെ അതിശക്തമായി അപലപിക്കുന്നുവെന്നും എംപി പറഞ്ഞു

You might also like

-