കേരള സർവകലാശാല സെനറ്റിലെ 15 അംഗങ്ങളെ പിൻവലിച്ച് രാജ്ഭവൻ ഉത്തരവിറക്കി

15 സെനറ്റ് അംഗങ്ങളെ പുറത്താക്കിക്കൊണ്ടുള്ള ഉത്തരവ് ഇന്ന് തന്നെ പുറത്തിറക്കണമെന്നായിരുന്നു ഗവര്‍ണര്‍ ആവശ്യപ്പെട്ടത്. എന്നാല്‍ വി.സി ശബരിമല ദര്‍ശനത്തിന് പോയതാണെന്നും മറ്റാര്‍ക്കും ചുമതല നല്‍കാത്തതിനാല്‍ ഉത്തരവിറക്കാനാവില്ലെന്നും സര്‍വകലാശാല മറുപടി നല്‍കുകയായിരുന്നു

0

തിരുവനന്തപുരം| അസാധാരണ നടപടിയുമായി വീണ്ടും കേരള ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ. കേരള സർവകലാശാല സെനറ്റിലെ 15 അംഗങ്ങളെ പിൻവലിച്ച് രാജ്ഭവൻ ഉത്തരവിറക്കി. സെനറ്റ് അംഗങ്ങളെ പിൻവലിച്ച് ഇന്ന് ഉത്തരവ് ഇറക്കണമെന്ന് ഗവർണർ കേരള വിസിക്ക് വീണ്ടും അന്ത്യശാസനം നൽകിയിരുന്നു. ഇത് വിസി തള്ളിയതിന് പിന്നാലെയാണ് രാജ്ഭവൻ തന്നെ നേരിട്ട് ഉത്തരവിറക്കിയത്. ഗസറ്റ് വിജ്ഞാപനം ഇറക്കിയ രാജ്ഭവൻ, ഇക്കാര്യം വൈസ് ചാൻസലറെ അറിയിച്ചു.
15 സെനറ്റ് അംഗങ്ങളെ പുറത്താക്കിക്കൊണ്ടുള്ള ഉത്തരവ് ഇന്ന് തന്നെ പുറത്തിറക്കണമെന്നായിരുന്നു ഗവര്‍ണര്‍ ആവശ്യപ്പെട്ടത്. എന്നാല്‍ വി.സി ശബരിമല ദര്‍ശനത്തിന് പോയതാണെന്നും മറ്റാര്‍ക്കും ചുമതല നല്‍കാത്തതിനാല്‍ ഉത്തരവിറക്കാനാവില്ലെന്നും സര്‍വകലാശാല മറുപടി നല്‍കുകയായിരുന്നു

ചാൻസലറെന്ന അധികാരം പ്രയോഗിച്ചാണ് താൻ നോമിനേറ്റ് ചെയ്ത അംഗങ്ങളെ അസാധാരണ നടപടിയിലൂടെ ഗവർണർ നേരത്തെ പിൻവലിച്ചത്. വിസി നിർണയ സമിതിയിലേക്കുള്ള കേരള സർവകലാശാല പ്രതിനിധിയെ നിർദ്ദേശിക്കാൻ ചേർന്ന സെനറ്റ് യോഗത്തിൽ നിന്നും വിട്ടു നിന്ന അംഗങ്ങളെയാണ് ചാൻസലർ അയോഗ്യരാക്കിയത്. നാല് വകുപ്പ് മേധാവിമാരെയും രണ്ട് സിന്റിക്കേറ്റ് അംഗങ്ങളെയും ഉൾപ്പെടെയാണ് പിൻവലിച്ചത്. പിന്നീട് ഇക്കാര്യത്തിൽ ഉത്തരവിറക്കാൻ കേരള സർവകലാശാല വിസിയോട് ഗവർണ‍ർ നിർദേശിച്ചിരുന്നു. എന്നാൽ നിയമപരമായ നടപടിയല്ല ഉണ്ടായതെന്ന് വ്യക്തമാക്കി വിസി ഈ നിർദേശം തള്ളി. പിന്നാലെ ഗവർണർ അന്ത്യശാസനം നൽകിയെങ്കിലും സെനറ്റ് അംഗങ്ങളെ പിൻവലിച്ച ഗവർണറുടെ നടപടി ചട്ട വിരുദ്ധമാണെന്നും അംഗങ്ങളെ പിൻവലിക്കാൻ കഴിയില്ലെന്നും വൈസ് ചാൻസലർ മറുപടി നൽകുകയായിരുന്നു. ഈ സാഹചര്യത്തിലാണ് ഇന്ന് വീണ്ടും ഗവർണർ വിസിക്ക് അന്ത്യശാസനം നൽകിയത്. ഇന്ന് വൈകീട്ടത്തേക്ക് മുന്നേ ഉത്തരവ് ഇറക്കണമെന്നതായിരുന്നു നിർദേശം. ഇത് വിസി അനുസരിക്കാതെ വന്നതോടെയാണ് അസാധാരണ നടപടിയുമായി രാജ്ഭവൻ രംഗത്തെത്തിയത്.

ഗവർണറുടെ നടപടിക്കെതിരെ നേരത്തെ മന്ത്രിമാർ രംഗത്തെത്തിയിരുന്നു. ഇനി വിമർശിച്ചാൽ മന്ത്രിമാരെ പിൻവലിക്കുമെന്ന ഭീഷണിയായിരുന്നു ഗവർണറുടെ മറുപടി. ഇതിനു പിന്നാലെ, ഇല്ലാത്ത അധികാരം ഉണ്ടെന്ന് ഭാവിച്ച് ജനമധ്യത്തിൽ അപഹാസ്യനാകരുതെന്ന് വ്യക്തമാക്കി മുഖ്യമന്ത്രിയും രംഗത്തെത്തി. സെനറ്റ് അംഗങ്ങളെ പുറത്താക്കിയ നടപടി നിയമവിരുദ്ധമാണെന്നും മുഖ്യമന്ത്രി പ്രതികരിച്ചിരുന്നു. എന്നാൽ അസാധാരണ ഉത്തരവ് പുറത്തിറക്കുക വഴി അയയില്ലെന്ന സൂചന ശക്തമാക്കിയിരിക്കുകയാണ് ഗവർണർ. അതേസമയം പുറത്താക്കിയ നടപടി ചോദ്യം ചെയ്ത് കോടതിയെ സമീപിക്കാനുള്ള നീക്കത്തിലാണ് പുറത്താക്കപ്പെട്ട സെനറ്റ് അംഗങ്ങൾ.
സർവകലാശാല വകുപ്പ്‌ തലവൻമാരായ ഡോ. കെ എസ്‌ ചന്ദ്രശേഖർ (ഇൻസ്‌റ്റിറ്റ്യൂട്ട്‌ ഓഫ്‌ മാനേജ്മെന്റ്‌ ഇൻ കേരള), ഡോ. കെ ബിന്ദു (സംഗീതം), ഡോ. സി എ ഷൈല (സംസ്‌കൃതം), ഡോ. ബിനു ജി ഭീംനാഥ്‌, തിരുവനന്തപുരം ഗവ. മോഡൽ എച്ച്‌എസ്‌എസ്‌ പ്രധാനാധ്യാപകൻ ആർ എസ്‌ സുരേഷ്‌ ബാബു, കോട്ടൺഹിൽ ഗവ. പിപിടിടിഐ പ്രിൻസിപ്പൽ ടി എസ്‌ യമുനാദേവി, കടയ്‌ക്കൽ കുറ്റിക്കാട്‌ സിപിഎച്ച്‌എസ്‌എസ്എസ്‌ അധ്യാപകൻ ജി കെ ഹരികുമാർ, വർക്കല പാളയംകുന്ന്‌ ജിഎച്ച്‌എസ്‌എസിലെ അധ്യാപകൻ വി അജയകുമാർ, പി എ ഹാരീസ് ഫൗണ്ടേഷൻ ചെയർമാൻ ഷെയ്‌ക്ക്‌ പി ഹാരീസ്‌, കയർ ഫ്‌ളക്‌സ്‌ എക്‌സ്‌പോർട്ട്‌ കമ്പനി ചെയർമാൻ ജോയ്‌ സുകുമാരൻ, ക്യാപിറ്റൽ കളർ പാർക്ക്‌ ഉടമ ജി പത്മകുമാർ, മലയാളം കമ്മ്യുണിക്കേഷൻസ്‌ ന്യുസ്‌ ഡയറക്ടർ എൻ പി ചന്ദ്രശേഖരൻ, അഡ്വ. ജി മുരളീധരൻ പിള്ള, ഡോ. പി അശോകൻ (എസ്‌ പി ഫോർട്ട്‌ ഹോസ്‌പിറ്റൽ), അഡ്വ. ബി ബാലചന്ദ്രൻ എന്നിവരുടെ അംഗത്വം പിൻവലിക്കണമെന്നാണ് ഗവർണറുടെ ആവശ്യം

You might also like

-