‘ശ്രീദേവി’വ്യാജ ഫേസ് ബുക്ക് അക്കൗണ്ട് വീണ്ടെടുത്ത് പൊലീസ് നിർണായക വിവരങ്ങൾ പുറത്ത്
ശ്രീദേവിയെന്ന വ്യാജ ഫെയ്സ്ബുക്ക് പ്രൊഫൈലിനോടുള്ള പ്രണയമായിരുന്നു ഭഗവൽസിംഗിനെ ക്രൂരമായ നരബലിയിലേക്ക് എത്തിക്കുന്നത്.
കൊച്ചി | ഇലന്തൂർ ഇരട്ട നരബലി കേസിലെ പ്രതി മുഹമ്മദ് ഷാഫി, ഭഗവൽ സിംഗിനെ കെണിയിൽ കുരുക്കാൻ ഉപയോഗിച്ച ‘ശ്രീദേവി’ എന്ന വ്യാജ ഫേസ് ബുക്ക് അക്കൗണ്ട് പൊലീസ് വീണ്ടെടുത്തു. ഇരുവരും തമ്മിൽ മൂന്ന് വർഷം നടത്തിയ ചാറ്റുകളാണ് വീണ്ടെടുത്തത്. 100 ലേറെ പേജുകളുളള സംഭാഷണമാണ് ഇരുവരും തമ്മിൽ നടത്തിയത്. പ്രത്യേക അന്വേഷണ സംഘം ഇവ പരിശോധിക്കുകയാണ്. ഷാഫി, ശ്രീദേവിയെന്ന പേരിൽ മറ്റുള്ളവരോട് നടത്തിയ ചാറ്റുകളും പൊലീസ് പരിശോധിക്കുന്നുണ്ട്.
ശ്രീദേവിയെന്ന വ്യാജ ഫെയ്സ്ബുക്ക് പ്രൊഫൈലിനോടുള്ള പ്രണയമായിരുന്നു ഭഗവൽസിംഗിനെ ക്രൂരമായ നരബലിയിലേക്ക് എത്തിക്കുന്നത്. 2019 ലാണ് ശ്രീദേവിയെന്ന അക്കൌണ്ടിൽ നിന്നും ഭഗവൽ സിംഗിന് ഫ്രണ്ട് റിക്വസ്റ്റ് വരുന്നത്. ജ്യോതിഷത്തിലും വൈദ്യത്തിലും ആകൃഷ്ടയാണെന്ന് അറിഞ്ഞതോടെ അടുപ്പമായി. പിന്നെ കുടുംബ വിശേഷം പങ്കുവെച്ച് മാനസിക അടുപ്പ് ശക്തമാക്കി. അത് പ്രണയത്തോളമെത്തിയെന്നാണ് പൊലീസ് പറയുന്നത്. എന്നാൽ ചാറ്റുകളല്ലാതെ ഇരുവരും നേരിൽ സംസാരിച്ചില്ല. എന്നിരുന്നാലും ‘ശ്രീദേവി’യെ ഭഗവൽസിംഗ് കണ്ണടച്ചു വിശ്വസിച്ചു.
അടുപ്പം കൂടിയതോടെയാണ് ഭഗവൽസിംഗ് തന്‍റെ കുടുംബത്തിന് സാമ്പത്തിക പരാധീനതയുണ്ടെന്ന് വ്യക്തമാക്കി. താൻ വരച്ചവരയിൽ ഭഗവൽസിംഗും ലൈലലും എത്തിയതോടെ തന്‍റെ പ്രശ്നം പരിഹരിച്ച സിദ്ധനെ പരിചപ്പെടുത്തി. മൊബൈൽ നമ്പർ നൽകി. പിന്നെ ശ്രീദേവിയും സിദ്ധനും എല്ലാം ഷാഫിയായിരുന്നു. പൊലീസ് ക്ലബ്ബിലെ ചോദ്യം ചെയ്യലിനിടെ ഷാഫിയാണ് ശ്രീദേവിയെന്ന് പൊലീസ് വ്യക്തമാക്കിയതോടെയാണ് മൂന്ന് വർഷം നീണ്ട സൈബർ പ്രണയം പൊളിയുന്നത്. ഡിസിപി എസ് ശശിധരനാണ് ഭഗവൽസിംഗിന്‍റെ അദൃശ്യകാമുകിയെ ചൂണ്ടികാട്ടിയത്. ശ്രീദേവി മുഹമ്മദ് ഷാഫിയാണെന്ന് മനസ്സിലായതോടെ ഭഗവൽ സിംഗും ലൈലയും തകർന്നുപോയി. പിന്നീടായിരുന്നു മൂവരും ചെയ്ത ക്രൂരമായ നരബലിയുടെ ഉള്ളറകൾ ഒന്നൊന്നായി ഭഗവൽസിംഗും ഷാഫിയും ലൈലയും വിശദീകരിച്ചത്.