ബംഗാൾ തദ്ദേശ തെരഞ്ഞെടുപ്പിനിടെ കൊല്ലപ്പെട്ടവരുടെ എണ്ണം 12 ആയി

കൊല്ലപ്പെട്ടവരിൽ എട്ട് പേർ തൃണമൂൽ കോൺഗ്രസ് പ്രവർത്തകരാണ്. ബിജെപി, സിപിഎം, കോൺഗ്രസ്, ഐഎസ്എഫ് ലേയും ഓരോ പ്രവർത്തകരും കൊല്ലപ്പെട്ടു.

0

ഡൽഹി/ പശ്ചിമ ബംഗാൾ തദ്ദേശ തെരഞ്ഞെടുപ്പിനിടെയുണ്ടായ സംഘർഷത്തിൽ കൊല്ലപ്പെട്ടവരുടെ എണ്ണം 12 ആയി. കൊല്ലപ്പെട്ടവരിൽ എട്ട് പേർ തൃണമൂൽ കോൺഗ്രസ് പ്രവർത്തകരാണ്. ബിജെപി, സിപിഎം, കോൺഗ്രസ്, ഐഎസ്എഫ് ലേയും ഓരോ പ്രവർത്തകരും കൊല്ലപ്പെട്ടു. ‌ 22 ജില്ലാ പരിഷത്തുകളിലെ 928 സീറ്റിലും പഞ്ചായത്ത് സമിതികളിലെ 9730 സീറ്റുകളിലും ഗ്രാമപഞ്ചായത്തുകളിലെ 63,229 സീറ്റുകളിലാണ് ഇന്ന് വോട്ടെടുപ്പ് നടന്നത്. തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ചതു മുതൽ ഇന്നലെ വരെ 15 പേർ കൊല്ലപ്പെട്ടിരുന്നു. വ്യാഴാഴ്ച മാത്രം 3 പേർ കൊല്ലപ്പെട്ടു.

ഇന്ന് വോട്ടെടുപ്പ് തുടങ്ങുന്നതിനു മുമ്പ് തന്നെ സംഘർഷം ആരംഭിച്ചിരുന്നു. കൂച്ച്ബെഹാറില്‍ പോളിങ് ബൂത്ത് തകർക്കുകയും ബാലറ്റ് പേപ്പറിന് തീയിടുകയും ചെയ്തു. മുര്‍ഷിദാബാദിൽ കോണ്‍ഗ്രസ്- തൃണമൂല്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ തമ്മില്‍ ഏറ്റുമുട്ടി. ബാലറ്റുകൾ നദിയിലൊഴുക്കിയ സംഭവങ്ങളുമുണ്ടായി.

നോർത്ത് 24 പർഗാനാസ്, സൗത്ത് 24 പർഗാനാസ്, മുർഷിദാബാദ് ജില്ല എന്നിവയുൾപ്പെടെ നാല് ജില്ലകളിലാണ് കൂടുതൽ അക്രമ സംഭവങ്ങളും പരാതികളും ഉള്ളതെന്ന് പശ്ചിമ ബംഗാൾ ഇലക്ഷൻ കമ്മീഷൻ രാജീവ് സിൻഹ അറിയിച്ചു. ബാലറ്റ് പെട്ടികളുമായി ഓടിപ്പോയ സംഭവം ഉൾപ്പെടെ 1,300 ഓളം പരാതികൾ ബരാസത്തിൽ നിന്ന് മാത്രം റിപ്പോർട്ട് ചെയ്തിട്ടുണ്ട്.

രാവിലെ ഏഴ് മണിക്ക് ആരംഭിച്ച വോട്ടെടുപ്പിൽ വൈകിട്ട് അഞ്ച് മണിവരെ 66.28 ശതമാനം പോളിങ്ങാണ് രേഖപ്പെടുത്തിയത്. 2.06 ലക്ഷം സ്ഥാനാർത്ഥികളാണ് മത്സര രംഗത്തുള്ളത്.

You might also like

-