രാജ്യത്ത് ഒമിക്രോൺ ബാധിതരുടെ എണ്ണം നൂറ് കടന്നു തെരഞ്ഞെടുപ്പ് കമ്മീഷൻ റിപ്പോർട്ട് തേടി
അഞ്ചു സംസ്ഥാനങ്ങളിലെ നിയമസഭാ തെരഞ്ഞെടുപ്പ് അടുത്ത പശ്ചാത്തലത്തിൽ തെരഞ്ഞെടുപ്പ് കമ്മീഷൻ കേന്ദ്ര ആരോഗ്യമന്ത്രാലയത്തോട് ഒമിക്രോൺ വ്യാപനത്തിൽ റിപ്പോർട്ട് തേടി.
ഡൽഹി | രാജ്യത്ത് ഒമിക്രോൺ ബാധിതരുടെ എണ്ണം നൂറ് കടന്നു. കേന്ദ്ര ആരോഗ്യ മന്ത്രാലത്തിന്റെ കണക്കുകൾ പ്രകാരം 11 സംസ്ഥാനങ്ങളിലായി 101 പേർക്ക് ഒമിക്രോൺ ബാധ സ്ഥികരിച്ചിട്ടുള്ളത് 40 പേർ രോഗബാധിതരായ മുംബൈയിലാണ് സ്ഥിതി ഏറ്റവും രൂക്ഷം. അഞ്ചു സംസ്ഥാനങ്ങളിലെ നിയമസഭാ തെരഞ്ഞെടുപ്പ് അടുത്ത പശ്ചാത്തലത്തിൽ തെരഞ്ഞെടുപ്പ് കമ്മീഷൻ കേന്ദ്ര ആരോഗ്യമന്ത്രാലയത്തോട് ഒമിക്രോൺ വ്യാപനത്തിൽ റിപ്പോർട്ട് തേടി.ഡിസംബർ രണ്ടിന് കർണാടകയിൽ ആദ്യ കേസ് റിപ്പോർട്ട് ചെയ്ത ശേഷം അതീവ ജാഗ്രതയിലാണ് ആരോഗ്യമന്ത്രാലയം. വിമാനത്താവളങ്ങളിലെ പരിശോധന കർശനമാക്കിയെങ്കിലും ദിവസങ്ങൾ കൊണ്ട് ഒമിക്രോണ്‍ വ്യാപിച്ചു. ഡെൽറ്റ വകഭേദത്തേക്കാൾ അതിവേഗ വ്യാപന ശേഷി ഒമിക്രോണിനുള്ളതിനാൽ സമൂഹവ്യാപനം പ്രതീക്ഷിക്കാമെന്ന് ആരോഗ്യമന്ത്രാലയം മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. രോഗികളുമായി അടുത്തിടപഴകിയ ആളുകളെ പ്രത്യേകം നിരീക്ഷിക്കും. അനാവശ്യ വിദേശ യാത്രകളും കൂടിച്ചേരലുകളും ഒഴിവാക്കാനും ആരോഗ്യമന്ത്രാലയം നിർദേശം നൽകി.
മഹാരാഷ്ട്രയിൽ വിദേശ യാത്രാ പശ്ചാത്തലമില്ലാത്ത എട്ട് പേർക്ക് രോഗം സ്ഥിരീകരിച്ചതിന് ശേഷം നിയന്ത്രണം ശക്തമാക്കിയിട്ടുണ്ട്. മുംബൈയിൽ പൊതു ഇടങ്ങളിലുള്ള ക്രിസ്മസ് ന്യൂഇയർ ആഘോഷങ്ങൾക്ക് വിലക്കുണ്ട്. തൽക്കാലം രാജ്യത്ത് നിയന്ത്രണങ്ങൾ ഏർപ്പെടുത്തേണ്ട എന്നാണ് ആരോഗ്യ മന്ത്രാലയത്തിന്‍റെ തീരുമാനം. രോഗം കൂടുതൽ റിപ്പോർട്ട് ചെയ്താൽ കൂടിച്ചേരലുകൾക്കുൾപ്പെടെ വിലക്കേർപ്പെടുത്തുന്ന കാര്യം കേന്ദ്രം പരിഗണിക്കും.
വിദേശ രാജ്യങ്ങളിൽ ഒമിക്രോൺ അതിവേഗം വ്യാപിക്കുന്ന സാഹചര്യത്തിൽ രാജ്യത്ത് കൂടുതൽ ജാഗ്രത വേണമെന്ന് ആരോഗ്യ മന്ത്രാലയം മുന്നറിയിപ്പ് നൽകി. അനാവശ്യ യാത്രകളും, ആൾക്കൂട്ടങ്ങളും ഒഴിവാക്കാനും ആരോഗ്യ വിദഗ്ധർ നിർദേശിച്ചു. ബൂസ്റ്റർ ഡോസ് നൽകുന്നത് സംബന്ധിച്ച തീരുമാനം ഇതുവരെ കേന്ദ്രം അറിയിച്ചിട്ടില്ല. നിലവിൽ രണ്ട് ഡോസ് വാക്സിൻ എല്ലാവർക്കും നൽകുന്നതിനാണ് മുൻഗണനയെന്ന് ആരോഗ്യ മന്ത്രാലയം ആവർത്തിച്ചു.
ബ്രിട്ടനിൽ ഒമിക്രോൺ ബാധിതരുടെ എണ്ണത്തിൽ റെക്കോഡ‍് വർധനയാണ് ഉണ്ടായത്. ഇന്നലെ 93045 പേർക്ക് കൂടി ഒമിക്രോൺ സ്ഥിരീകരിച്ചു. തുടർച്ചയായ മൂന്നാം ദിവസമാണ് പ്രതിദിന രോഗികളുടെ എണ്ണത്തിൽ ബ്രിട്ടനിൽ റെക്കോർഡ് വർധനയുണ്ടാകുന്നത്. യുകെയിൽ 111 പേർ കൂടി മരിച്ചതോടെ ആകെ മരണം 147,000 മായി.
ഇതിനിടെ ബൂസ്റ്റർ ഡോസിന് ഒമിക്രോണിൽ നിന്ന് 85 ശതമാനം സംരക്ഷണം നൽകാനേ സാധിക്കൂവെന്ന വിലയിരുത്തലുമായി ബ്രിട്ടനിലെ ഗവേഷകർ രംഗത്തെത്തി. സാധാരണ കൊവിഡ് വാക്സീനുകളുടെ പ്രതിരോധ ശേഷിയേക്കാൾ കുറവാണിത്. എന്നാൽ ബൂസ്റ്റർ വാക്സീൻ, ഗുരുതര രോഗികളുടെ എണ്ണം കുറയ്ക്കുമെന്നും ഗവേഷകർ വ്യക്തമാക്കുന്നു. ഒമിക്രോണിനെ നിയന്ത്രിക്കാനുള്ള ബൂസ്റ്റർ വാക്സീൻ യഞ്ജം യുകെയിൽ അതിവേഗം പുരോഗമിക്കുകയാണ്. ദക്ഷിണാഫ്രിക്കയിലും ഒമിക്രോൺ രോഗികളുടെ എണ്ണത്തിൽ വൻ വർധന തുടരുകയാണ്.