കൂടത്തായിയിലെ ദുരൂഹമരണം; മരിച്ച റോയിയുടെ ഭാര്യയുള്‍പ്പെടെ രണ്ട് പേരെ കസ്റ്റഡിയിലെടുത്തു
ജോളിക്ക് സൈനഡ് എത്തിച്ച ജ്വല്ലറി ജീവനക്കാരനെയും കസ്റ്റഡിയിലെടുത്തു. രാവിലെയാണ് ജോളിയെ വീട്ടില്‍ നിന്നും അന്വേഷണ സംഘം കസ്റ്റഡിയിലെടുത്തത്.
കൂടത്തായിലെ ദുരൂഹ മരണത്തില്‍ റോയിയുടെ ഭാര്യ ജോളിയെ അന്വേഷണ സംഘം കസ്റ്റഡിയിലെടുത്തു. ജോളിക്ക് സൈനഡ് എത്തിച്ച ജ്വല്ലറി ജീവനക്കാരനെയും കസ്റ്റഡിയിലെടുത്തു. രാവിലെയാണ് ജോളിയെ വീട്ടില്‍ നിന്നും അന്വേഷണ സംഘം കസ്റ്റഡിയിലെടുത്തത്.
കൂടത്തായിലെ ദൂരൂഹമരണങ്ങള്‍ ആസൂത്രിതമായിരുന്നുവെന്ന സൂചനകള്‍ പുറത്ത് വന്നത് നാട്ടുകാരെയും ഞെട്ടിച്ചിരിക്കുകയാണ്. കുടുംബത്തില്‍ സ്വത്ത് തര്‍ക്കം ഉണ്ടായിരുന്നുവെന്ന് പൊതു പ്രവര്‍ത്തകര്‍ പോലും മനസിലാക്കിയത് ക്രൈംബ്രാഞ്ച് പലരേയും ചോദ്യം ചെയ്യാന്‍ വിളിപ്പിച്ചപ്പോള്‍ മാത്രമായിരുന്നു. അതിനാല്‍ തന്നെ ആസൂത്രിത കൊലപാതകങ്ങളാണെങ്കില്‍ കുറ്റകാരെ വേഗത്തില്‍ നിയമത്തിന് മുന്നില്‍ കൊണ്ടു വരണമെന്നാണ് നാട്ടുകാര്‍ ഇപ്പോള്‍ ആവശ്യപ്പെടുന്നത്.
13 വര്‍ഷത്തിനിടെ ആറ് മരണം. കാലയളവ് ഇത്ര നീണ്ടതായതിനാല്‍ റോയിയുടേത് ഒഴികെ എല്ലാം സ്വാഭാവിക മരണങ്ങളാണെന്നായിരുന്നു നാട്ടുകാര്‍ കരുതിയത്. റോയിടേത് സൈനഡ് കഴിച്ചാണെന്ന് അറിഞ്ഞവര്‍ പോലും അത് ഒരു ആത്മഹത്യ മാത്രമായി കരുതി. ആര്‍ക്കും ഒരു സംശയവും തോന്നാത്തിതിനാല്‍ നാട്ടില്‍ അഭ്യൂഹമായി പോലും ചര്‍ച്ച ചെയ്യപ്പെട്ടിരുന്നില്ല. അടുത്തിടെ ടോം തോമസിന്റെ കുടുംബവുമായി ബന്ധം പുലര്‍ത്തിയിരുന്നവരെ ക്രൈബ്രാഞ്ച് മരണാനന്തരചടങ്ങുകളുടേതടക്കമുള്ള വിശദാംശങ്ങള്‍ ചോദിച്ച് വിളിച്ചപ്പോള്‍ മാത്രമാണ് നാട്ടുകാര്‍ക്കിടയില്‍ മരണങ്ങള്‍ ചര്‍ച്ചയായി തുടങ്ങിയത്. ഇത്തരത്തിലുള്ള അന്വേഷണത്തിനിടയില്‍ മാത്രമാണ് സ്വത്ത് തര്‍ക്കം പൊന്നാമറ്റം കുടുംബത്തിലുള്ളതായി പൊതു പ്രവര്‍ത്തകര്‍ പോലും മനസിലാക്കുന്നത്.
മരണത്തിലെ ദുരൂഹതകള്‍ ശാസ്ത്രീയ അന്വേഷണത്തിലൂടെ വേഗത്തില്‍ പുറത്ത് വരണമെന്നാണ് നാട്ടുകാരുടേയും ആവശ്യം. സമാനമായ അവസ്ഥയിലാണ് പൊന്നാമറ്റം കുടുംബത്തിലെ മറ്റ് ബന്ധുക്കളും. എല്ലാം കലങ്ങി തെളിയുന്നത് വരെ മാധ്യമങ്ങളില്‍ നിന്ന് അകലം പാലിക്കുകയാണ് അവര്‍.