ഡൽഹിയിൽ ലോക്ക്ഡൗൺ ഒരാഴ്ച കൂടി നീട്ടി. ഓക്സിജൻ ക്ഷാമം അതിരൂക്ഷം
രോഗികളുടെ എണ്ണം വൻതോതിൽ വര്ധിചിച്ചുവരുന്നതിനാൽ ഓക്സിജൻ ക്ഷാമം അതിരൂക്ഷമായി തുടരുകയാണ് . ഓക്സിജൻ ക്വാട്ട കേന്ദ്രം കൂട്ടിയെങ്കിലും ആവശ്യമായതിന്‍റെ പകുതി മാത്രമേ ആകുന്നുള്ളൂ. 4
ഡൽഹി :കൊവിഡ് കേസുകളും മരണനിരക്കും കുതിച്ചുയരുന്ന സാഹചര്യത്തിൽ ഡൽഹിയിൽ ലോക്ക്ഡൗൺ ഒരാഴ്ച കൂടി നീട്ടി. കൊവിഡ് വൈറസ് വ്യാപനം ഒരു തരത്തിലും കുറയുന്നില്ല എന്നതുകൊണ്ട് തന്നെ നിലവിൽ ലോക്ക്ഡൗൺ പിൻവലിക്കാൻ കഴിയില്ലെന്ന് ദില്ലി മുഖ്യമന്ത്രി അരവിന്ദ് കെജ്‍രിവാൾ വ്യക്തമാക്കി. 37%- ആണ് നിലവിൽ ദില്ലിയിലെ ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക്.
ദില്ലിയുടെ ആരോഗ്യസംവിധാനം രോഗികളുടെ പ്രവാഹത്തിൽ താളം തെറ്റിയിരിക്കുകയാണ്
ദില്ലിയിൽ കഴിഞ്ഞ 24 മണിക്കൂറിൽ കൊവിഡ് ബാധിച്ച് മരിച്ചത് 357 പേരാണ്. ഇത് വരെ റിപ്പോർട്ട് ചെയ്യപ്പെട്ടതിൽ ഏറ്റവും വലിയ മരണനിരക്കാണിത്. 24,000-ത്തിലധികം പേരാണ് കഴിഞ്ഞ 24 മണിക്കൂറിൽ മാത്രം ദില്ലിയിൽ പുതുതായി രോഗബാധിതരായത്. രണ്ടാം തരംഗം വ്യാപിക്കുന്നതിനിടെ, കഴിഞ്ഞ തിങ്കളാഴ്ചയാണ് ദില്ലി മുഖ്യമന്ത്രി അരവിന്ദ് കെജ്‍രിവാൾ ലോക്ക്ഡൗൺ പ്രഖ്യാപിച്ചത്. കൊവിഡ് രോഗബാധ കുത്തനെ ഉയരുന്നത് പിടിച്ചുകെട്ടാൻ കടുത്ത നടപടികളിലേക്ക് പോവുകയല്ലാതെ വേറെ വഴിയില്ലെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.
ആശുപത്രികൾ പലതും ഇപ്പോഴും ഓക്സിജൻ ലഭ്യത ഇല്ലാതെ ശ്വാസം മുട്ടുന്ന കാഴ്ചയാണ് കാണാനാവുന്നത്. മിക്ക ആശുപത്രികളിലെയും മുതിർന്ന ഡോക്ടർമാർ അടക്കം ഓക്സിജൻ എങ്ങനെയെങ്കിലും എത്തിച്ചുതരണമെന്ന അഭ്യർത്ഥനയുമായി മാധ്യമങ്ങൾക്ക് മുന്നിലെത്തുന്ന കാഴ്ചകൾ കണ്ടു.
ദില്ലിയിലെ ജയ്‍പൂർ ഗോൾഡൻ ആശുപത്രിയിൽ മാത്രം ഓക്സിജൻ കിട്ടാതെ വെള്ളിയാഴ്ച രാത്രി മരിച്ചത് 25 പേരാണ്. ദില്ലിയിലെ സർ ഗംഗാറാം ആശുപത്രിയിൽ 25 പേരും മരിച്ചു.
ഹൃദയഭേദകമായ കാഴ്ചകളാണ് ആശുപത്രികളുടെ അത്യാഹിതവിഭാഗങ്ങൾക്ക് മുന്നിൽ. ദില്ലിയിലെ മിക്ക ആശുപത്രികളിലും കിടക്കകളില്ല. നിലവിളികളോടെ എത്തുന്ന ബന്ധുക്കൾക്ക് മുന്നിൽ രോഗികളെ ആംബുലൻസുകളിൽത്തന്നെ പരിശോധിക്കുകയാണ് ഡോക്ടർമാർ. മരിച്ചവരെ കൊണ്ടുപോകാൻ അടക്കം ആംബുലൻസുകളും ലഭ്യമല്ല. പല ആശുപത്രികളും നിറഞ്ഞു കവിഞ്ഞതോടെ രോഗികളെ പ്രവേശിപ്പിക്കുന്നത് നിർത്തി. ദില്ലി ഫോർട്ടിസ് ആശുപത്രി ഇന്ന് രാവിലെ രോഗികളെ പ്രവേശിപ്പിക്കുന്നത് നിർത്തിവച്ചതായി അറിയിച്ചു.
ദില്ലിയിൽ ഓക്സിജൻ ക്ഷാമം രൂക്ഷമായതോടെ എല്ലാ സംസ്ഥാനങ്ങളിലെ മുഖ്യമന്ത്രിമാർക്കും ഇന്നലെ ദില്ലി മുഖ്യമന്ത്രി അരവിന്ദ് കെജ്‍രിവാൾ കത്തെഴുതിയിട്ടുണ്ട്. ഏതെങ്കിലും തരത്തിൽ അൽപം ഓക്സിജൻ ഞങ്ങൾക്ക് തരാനാകുമെങ്കിൽ തരണം. കേന്ദ്രസർക്കാർ വഴി ഓക്സിജൻ ദില്ലിയിലെത്തിച്ചു തരാനുള്ള വഴി ഞങ്ങൾ ഒരുക്കാം – മുഖ്യമന്ത്രി അരവിന്ദ് കെജ്‍രിവാൾ അഭ്യർത്ഥിക്കുന്നു. നിലവിൽ പത്ത് ലക്ഷത്തിലധികം പേരാണ് ദില്ലിയിൽ കൊവിഡ് ബാധിച്ച് ചികിത്സയിലുള്ളത്. മരണസംഖ്യ 13,898 ആയി.