ഗവർണർ രാജ്ഭവനെ ബ്ലാക്ക് മെയിലിങ്ങ് രാഷ്ട്രീയത്തിന്റെ വേദിയാക്കി ജനയുഗം

രാജ്ഭവനെ ഗുണ്ടാ രാജ്ഭവനാക്കിയെന്നും മുഖപ്രസംഗത്തിൽ വിമർശിക്കുന്നു. ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ ഇന്നലെ നടത്തിയ വാര്‍ത്താ സമ്മേളനത്തിലും എല്‍ഡിഎഫ് സര്‍ക്കാരിനെതിരെ ധൂര്‍ത്ത് എന്ന ആരോപണവും ആവര്‍ത്തിക്കുകയുണ്ടായി. ധൂര്‍ത്ത് അറിയണമെങ്കില്‍ വെബ്സൈറ്റില്‍ കേരള രാജ്ഭവന്‍ എന്ന് സര്‍ച്ച് ചെയ്ത് നോക്കണമെന്നും സിപിഐ വിമർശിച്ചു

0

തിരുവനന്തപുരം| ഗവർണർക്ക് എതിരെ രൂക്ഷ വിമർശനവുമായി സിപിഐ മുഖപത്രം ജനയുഗം. ഗവർണർ രാജ്ഭവനെ ബ്ലാക്ക് മെയിലിങ്ങ് രാഷ്ട്രീയത്തിന്റെ വേദിയാക്കി. മനോനില തെറ്റിയവരെപ്പോലെ സത്യസന്ധതയില്ലാത്ത നിലപാടുകൾ തിരിച്ചറിയുകയും ആവര്‍ത്തിക്കുന്നതിനു പിന്നിലെ ചേതോവികാരം എന്താണെന്ന് വ്യക്തമാകുന്നില്ലെന്നും ‘മലിനമാക്കപ്പെടുന്ന രാജ്ഭവനുകൾ’ എന്ന തലക്കെട്ടിൽ പ്രസിദ്ധീകരിച്ച മുഖപ്രസംഗത്തിൽ പറയുന്നു.രാജ്ഭവനെ ഗുണ്ടാ രാജ്ഭവനാക്കിയെന്നും മുഖപ്രസംഗത്തിൽ വിമർശിക്കുന്നു. ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ ഇന്നലെ നടത്തിയ വാര്‍ത്താ സമ്മേളനത്തിലും എല്‍ഡിഎഫ് സര്‍ക്കാരിനെതിരെ ധൂര്‍ത്ത് എന്ന ആരോപണവും ആവര്‍ത്തിക്കുകയുണ്ടായി. ധൂര്‍ത്ത് അറിയണമെങ്കില്‍ വെബ്സൈറ്റില്‍ കേരള രാജ്ഭവന്‍ എന്ന് സര്‍ച്ച് ചെയ്ത് നോക്കണമെന്നും സിപിഐ വിമർശിച്ചു. പേഴ്സണല്‍ സ്റ്റാഫ് അടങ്ങുന്ന ഗവര്‍ണറെന്ന പദവിക്കുവേണ്ടിയുള്ള ഈ സംവിധാനങ്ങള്‍ക്കായി മാത്രം ഓരോ മാസവും കോടിക്കണക്കിനു രൂപയാണ് സര്‍ക്കാര്‍ ഖജനാവില്‍ നിന്ന് ചെലവഴിക്കപ്പെടുന്നതെന്ന് മുഖപ്രസംഗത്തിൽ പറയുന്നു

ഇതിനു പുറമേ രാജ്ഭവനില്‍ നിലവിലുള്ള ജീവനക്കാരുടെ വേതനമായി കോടികള്‍ വേറെയും ചെലവഴിക്കുന്നു. ഇതെല്ലാം അനാവശ്യമാണെങ്കിലും തുടരുകയാണ്. ഗവര്‍ണറാണ് സംസ്ഥാന സര്‍ക്കാര്‍ ധൂര്‍ത്ത് നടത്തുന്നുവെന്ന് കുറ്റപ്പെടുത്തുന്നത്. കുറഞ്ഞത് അക്കാര്യങ്ങളിലെങ്കിലും പറയുന്ന വാക്കിനോട് നീതി പുലര്‍ത്തുവാന്‍ സന്നദ്ധമാകാതെ പുലഭ്യം വിളിച്ചുപറഞ്ഞ് രാജ്ഭവനെ മലിനമാക്കുന്ന നടപടി ഗവര്‍ണര്‍ക്ക് തീരെ യോജിച്ചതല്ലെന്നും സിപിഐ മുഖപത്രം വിമർശിച്ചു

മുഖപ്രസംഗത്തിന്റെ പൂ‍ർണരൂപം-

‘മലിനമാക്കപ്പെടുന്ന രാജ്ഭവനുകൾ’

ഗവര്‍ണര്‍ എന്ന പദവി അനാവശ്യമാണെന്ന നിലപാടുകള്‍ കേന്ദ്ര സര്‍ക്കാര്‍ നിയോഗിച്ച പല അന്വേഷണ കമ്മിഷനുകളും ഭരണ പരിഷ്കാര സമിതികളും മുന്നോട്ടുവച്ചിരുന്നതാണ്. എന്നിട്ടും അത് അവസാനിപ്പിക്കപ്പെടാത്തത് കേന്ദ്രത്തില്‍ വിവിധ കാലങ്ങളായി അധികാരത്തിലിരിക്കുന്ന സര്‍ക്കാരുകളുടെ നിക്ഷിപ്ത താല്പര്യങ്ങള്‍ തന്നെയാണ്. സംസ്ഥാന ഭരണത്തെ സഹായിക്കുന്നതിനുള്ളത് എന്ന പേരില്‍ നിര്‍വചിക്കപ്പെട്ട ഗവര്‍ണര്‍ പദവി പലപ്പോഴും സര്‍ക്കാരുകള്‍ക്കുമേല്‍ ഭരണഘടനാനുസൃതമല്ലാത്ത നിയന്ത്രണങ്ങളോ സ്വാധീനമോ ചെലുത്തുന്നതിനുള്ള ഉപകരണമാക്കി മാറ്റിയതിന് മുന്‍കാല അനുഭവങ്ങള്‍ ധാരാളമുണ്ട്. ബിജെപി അധികാരത്തിലെത്തിയതിനുശേഷം അത് കൂടുതല്‍ ശക്തമായി. പ്രതിപക്ഷ സര്‍ക്കാരുകളെ നിരന്തരം ശല്യപ്പെടുത്തുകയും സംസ്ഥാനങ്ങളില്‍ കേന്ദ്ര സര്‍ക്കാരിന്റെയും ബിജെപിയുടെയും ഇംഗിതങ്ങള്‍ നടപ്പിലാക്കുകയും ചെയ്യുന്നതിനുള്ള ചട്ടുകമായാണ് പല ഗവര്‍ണര്‍മാരും പ്രവര്‍ത്തിക്കുന്നത്. തീരെ വിലപ്പോവില്ലെന്നുവരുമ്പോള്‍ ഭീഷണിയും കുറേക്കൂടി കടന്ന് ബ്ലാക്ക്മെയിലിങ്ങുംവരെ നടത്തുന്ന വ്യക്തികള്‍ ഗവര്‍ണര്‍മാരിലുണ്ടാകുന്നു. സ്വന്തം താല്പര്യങ്ങളുടെ സംരക്ഷണത്തിനായി സര്‍ക്കാരുകള്‍ക്കുമേല്‍ സമ്മര്‍ദ്ദങ്ങള്‍ നടത്തുന്നതിനും ഗവര്‍ണര്‍മാര്‍ പലപ്പോഴും മടിക്കുന്നില്ല. അത്തരമൊരു പശ്ചാത്തലത്തിലാണ് വീണ്ടും ബ്ലാക്ക്മെയില്‍ രാഷ്ട്രീയത്തിന് രാജ്ഭവനെ വേദിയാക്കുന്ന കേരള ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്റെ നടപടികളെ സമീപിക്കേണ്ടത്.

അദ്ദേഹം സ്വീകരിക്കുന്ന പല നടപടികളും ആ പദവി (അനാവശ്യമായതെങ്കിലും)ക്കു ഒട്ടും യോജിച്ചതല്ലെന്ന് നേരത്തേതന്നെ വ്യക്തമാക്കിയിരുന്നതാണ്. കേരളമാകെ അദ്ദേഹത്തിന്റെ നിലപാടുകളിലെ സത്യസന്ധതയില്ലായ്മ തിരിച്ചറിയുകയും വിശ്വാസ്യത ചോദ്യം ചെയ്തിരുന്നതുമാണ്. എങ്കിലും അദ്ദേഹം വീണ്ടുമത് മനോനില തെറ്റിയവരെപ്പോലെ ആവര്‍ത്തിക്കുന്നതിനു പിന്നിലെ ചേതോവികാരം എന്താണെന്ന് വ്യക്തമാകുന്നില്ല. പരിപാവനമെന്ന് പലരും കരുതുന്ന സംസ്ഥാന രാജ്ഭവനെ ‘ഗുണ്ടാരാജ്ഭവനാ’ക്കിയതുപോലെയാണ് ഇന്നലെ അദ്ദേഹം നടത്തിയ വാര്‍ത്താസമ്മേളനം വീക്ഷിക്കുന്ന സാധാരണക്കാര്‍ക്ക് തോന്നിയിരിക്കുക. അവിടെ അദ്ദേഹം, ചില ചെലവുകളെ ചൂണ്ടിക്കാട്ടി സര്‍ക്കാരിന്റെ ധൂര്‍ത്ത് എന്ന പരാമര്‍ശവും നടത്തുകയുണ്ടായി. അത് അദ്ദേഹം പറയുന്നത് ഏറ്റവും വലിയ ധൂര്‍ത്താണെന്ന് പൊതു അഭിപ്രായമുള്ള ഗവര്‍ണര്‍ പദവിയിലും രാജ്ഭവനെന്ന കെട്ടിടത്തിലുമിരുന്നാണെന്നത് വൈരുധ്യമാണ്. തിരുവനന്തപുരം കവടിയാറിലാണ് കേരള രാജ്ഭവന്‍ സ്ഥിതി ചെയ്യുന്നത്. രാജഭരണപ്രതാപത്തിന്റെ ഇന്നലെകളില്‍ നിന്ന് ജനായത്ത ഭരണത്തിന്റെ വര്‍ത്തമാനകാലത്തേക്ക് എത്തിയതിന്റെ സുപ്രധാന അടയാളങ്ങളില്‍ ഒന്നാണ് അത്. 1829ല്‍ തിരുവിതാംകൂര്‍ രാജഭരണത്തിന്റെ അതിഥി മന്ദിരമായാണ് ഇപ്പോഴത്തെ രാജ്ഭവന്റെ കെട്ടിടങ്ങള്‍ പണികഴിപ്പിച്ചത്. സ്വാതന്ത്ര്യാനന്തരം ഭരണഘടന നിലവില്‍ വന്ന് ജനായത്ത ഭരണത്തിന്റെ യാത്ര തുടങ്ങിയപ്പോള്‍ മൂന്ന് രാജ്ഭവനുകളാണ് കേരളത്തിലുണ്ടായിരുന്നത്. അത് പിന്നീട് തിരുവനന്തപുരത്തു മാത്രമായി മാറ്റുകയായിരുന്നു. കവടിയാറിലെ രാജഭരണകാലത്തെ അതിഥി മന്ദിരം അങ്ങനെയാണ് സംസ്ഥാനത്തെ ഗവര്‍ണര്‍മാരുടെ വാസസ്ഥലവും ഓഫീസുമായി മാറിയത്.

കേരളസംസ്ഥാനത്തിനെതിരായ പരസ്യ യുദ്ധത്തിനിറങ്ങിയിരിക്കുന്ന ഇപ്പോഴത്തെ ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ ഇന്നലെ നടത്തിയ വാര്‍ത്താ സമ്മേളനത്തിലും എല്‍ഡിഎഫ് സര്‍ക്കാരിനെതിരെ ധൂര്‍ത്ത് എന്ന ആരോപണവും ആവര്‍ത്തിക്കുകയുണ്ടായി. അദ്ദേഹം വാര്‍ത്താ സമ്മേളനം നടത്തിയ രാജ്ഭവന്റെയും ഗവര്‍ണര്‍ പദവിയുടെയും ധൂര്‍ത്ത് അറിയണമെങ്കില്‍ വെബ്സൈറ്റില്‍ കേരള രാജ്ഭവന്‍ എന്ന് സര്‍ച്ച് ചെയ്ത് അതിലേക്ക് കടന്നുനോക്കണം. തലസ്ഥാന നഗരത്തിലെ കണ്ണായ പ്രദേശത്ത് 35 ഏക്കറോളം വിസ്തൃതിയുള്ള സ്ഥലത്ത് അത്യാഡംബരപൂര്‍വം പണി കഴിപ്പിച്ചിട്ടുള്ള കെട്ടിടങ്ങളും വാസസ്ഥലങ്ങളുമാണ് ഗവര്‍ണര്‍ എന്ന പദവിയിലിരിക്കുന്ന വ്യക്തിക്കായി സ്ഥിതി ചെയ്യുന്നത്. അതിന്റെ കൊട്ടാര സമാനമായ സൗകര്യങ്ങളുടെയും മറ്റും വിശദീകരണങ്ങളും വെബ്സൈറ്റുകളില്‍ ലഭ്യമാണ്. ഓഫീസായി പ്രവര്‍ത്തിക്കുന്ന പ്രധാന കെട്ടിടത്തിന്റെ വലുപ്പം 22,000 ചതുരശ്ര അടിയാണ്. ഇതിനു പുറമേ അടുക്കളയും ഭക്ഷണശാലയുമടക്കം 18 സ്യൂട്ടുകളടങ്ങിയ കെട്ടിടമാണ് താമസിക്കുന്നതിനുള്ളത്. പേഴ്സണല്‍ സ്റ്റാഫിന് താമസിക്കുന്നതിന് വീടുകളും മുറികളും വേറെയും. മുതിര്‍ന്ന ഉദ്യോഗസ്ഥര്‍ക്ക് താമസിക്കുന്നതിനുള്ള വീടുകള്‍ പ്രത്യേകമായുണ്ട്.കൂടാതെ പ്രധാന ചടങ്ങുകള്‍ നടത്തുന്നതിനും അതിഥികള്‍ക്കുമായി കെട്ടിടങ്ങളും, വിശാലമായ പൂന്തോട്ടം, ലൈബ്രറി തുടങ്ങിയവയുമുണ്ട്. ഒരാളും കുടുംബവും അദ്ദേഹത്തിന്റെ പേഴ്സണല്‍ സ്റ്റാഫും അടങ്ങുന്ന ഗവര്‍ണറെന്ന പദവിക്കുവേണ്ടിയുള്ള ഈ സംവിധാനങ്ങള്‍ക്കായി മാത്രം ഓരോ മാസവും കോടിക്കണക്കിനു രൂപയാണ് സര്‍ക്കാര്‍ ഖജനാവില്‍ നിന്ന് ചെലവഴിക്കപ്പെടുന്നത്. ഇതിനു പുറമേ രാജ്ഭവനില്‍ നിലവിലുള്ള ജീവനക്കാരുടെ വേതനമായി കോടികള്‍ വേറെയും ചെലവഴിക്കുന്നു. ഇതെല്ലാം അനാവശ്യമാണെങ്കിലും തുടരുകയാണ്. ഇവയില്‍ ആവശ്യമില്ലാത്ത തസ്തികകളുമുള്‍പ്പെടുന്നുണ്ട്. കാലഹരണപ്പെട്ട തസ്തികകളില്‍പോലും ജീവനക്കാരെ നിലനിര്‍ത്തുകയും പുതിയ തസ്തികകള്‍ സൃഷ്ടിച്ച് നിയമനം നടത്തുകയും ചെയ്യുന്ന ഗവര്‍ണറാണ് സംസ്ഥാന സര്‍ക്കാര്‍ ധൂര്‍ത്ത് നടത്തുന്നുവെന്ന് കുറ്റപ്പെടുത്തുന്നത്. കുറഞ്ഞത് അക്കാര്യങ്ങളിലെങ്കിലും പറയുന്ന വാക്കിനോട് നീതി പുലര്‍ത്തുവാന്‍ സന്നദ്ധമാകാതെ പുലഭ്യം വിളിച്ചുപറഞ്ഞ് രാജ്ഭവനെ മലിനമാക്കുന്ന നടപടി ഗവര്‍ണര്‍ക്ക് തീരെ യോജിച്ചതല്ല.

You might also like

-