ഉഭയസമ്മതപ്രകാരമുള്ളലൈംഗിക ബന്ധങ്ങള്‍ ബലാത്സംഗങ്ങളായി കാണാനാകില്ല ഹൈക്കോടതി.
ബലാത്സംഗ പ്രതിരോധം, ശാരിരീകമായ ആക്രമണം.പ്രത്യേക രീതിയിലുള്ള പെരുമാറ്റം, പെട്ടെന്നുള്ള റിപ്പോര്‍ട്ട് ചെയ്യല്‍ തുടങ്ങി പവിത്രതയേക്കുറിച്ചുള്ള തനിയാവര്‍ത്തന സങ്കല്‍പ്പങ്ങളാണ്. മേല്‍പ്പറഞ്ഞവ എന്തായാലും പരസ്പര സമ്മതത്തോടെയുള്ള ബന്ധങ്ങള്‍ ബലാത്സംഗമായി മാറുന്നത് ഒഴിവാക്കണം
കൊച്ചി | ഉഭയസമ്മതപ്രകാരമുള്ളലൈംഗിക ബന്ധങ്ങള്‍ ബലാത്സംഗങ്ങളായി മാറുന്ന സംഭവങ്ങള്‍ ഒഴിവാക്കണമെന്ന് ഹൈക്കോടതി. യുവനടിയെ ബാലാത്സംഗം ചെയ്‌തെന്ന കേസില്‍ നടന്‍ വിജയ് ബാബുവിന് മുന്‍കൂര്‍ ജാമ്യം നല്‍കിയുള്ള ഉത്തരവിലാണ് ബലാത്സംഗ കേസുകളുമായി ബന്ധപ്പെട്ടുള്ള നിര്‍ണ്ണായകമായ നിരീക്ഷണങ്ങള്‍ കോടതി നടത്തിയിരിയ്ക്കുന്നത്.സ്ത്രീകള്‍ക്കെതിരായ ലൈംഗികാതിക്രമക്കേസുകളില്‍ സാമാന്യവത്കരണത്തില്‍ നിന്ന് കോടതികള്‍ മോചിതമാവണമെന്ന് ജസ്റ്റിസ് ബെച്ചു കുര്യന്‍ തോമസ് ഉത്തരവില്‍ പറഞ്ഞു. ലൈംഗിക അതിക്രമങ്ങളുമായി ബന്ധപ്പെട്ട് കെട്ടുകഥകളും മിഥ്യാധാരണകളും ചമയ്ക്കപ്പെടുന്നു. ഈ കെണിയില്‍ കോടതികള്‍ വീണു പോവരുത്. ബലാത്സംഗ കെട്ടുകഥകളില്‍ പവിത്രത, ബലാത്സംഗത്തിനെതിരായ പ്രതിരോധം, പ്രത്യേക രീതിയിലുള്ള പെരുമാറ്റം തുടങ്ങിയവ ഉള്‍പ്പെടുന്നതായും കോടതി നിരീക്ഷിയ്ക്കുന്നു.
സ്ത്രീകളുടെ പെരുമാറ്റം പുരുഷന്റെ വീക്ഷണകോണില്‍ നിന്ന് പരിശോധിയ്ക്കുന്നത് കോടതികള്‍ ഒഴിവാക്കണം. കെട്ടുകഥകള്‍, ആവര്‍ത്തനങ്ങള്‍, സാമാന്യവത്ക്കരണം തുടങ്ങി പക്ഷാപാതത്തിന്റെ എല്ലാ രൂപങ്ങളും ഒഴിവാക്കിയാവണം ലൈംഗികാതിക്രമ കേസുകള്‍ പരിഗണിയ്‌ക്കേണ്ടത്. ബലാത്സംഗ പ്രതിരോധം, ശാരിരീകമായ ആക്രമണം.പ്രത്യേക രീതിയിലുള്ള പെരുമാറ്റം, പെട്ടെന്നുള്ള റിപ്പോര്‍ട്ട് ചെയ്യല്‍ തുടങ്ങി പവിത്രതയേക്കുറിച്ചുള്ള തനിയാവര്‍ത്തന സങ്കല്‍പ്പങ്ങളാണ്. മേല്‍പ്പറഞ്ഞവ എന്തായാലും പരസ്പര സമ്മതത്തോടെയുള്ള ബന്ധങ്ങള്‍ ബലാത്സംഗമായി മാറുന്നത് ഒഴിവാക്കണം. ഓരോ കേസും അതിന്റേതായ വസ്തുതാപരമായ സാഹചര്യങ്ങള്‍ പരിഗണിച്ച് കണക്കിലെടുക്കണം. ഓരോ കേസിലും അതിന്റേതായ അടിസ്ഥാനപരമായ സവിശേഷതകളും കണക്കിലെടുക്കണം. ജാമ്യാപേക്ഷ പരിഗണിയ്ക്കുമ്പോള്‍ ശേഖരിച്ച വസ്തുതകള്‍ സൂഷ്മമായി പരിശോധിയ്ക്കുകയോ അതേക്കുറിച്ച് അഭിപ്രായം പറയാതിരിയ്ക്കാനും കോടതികള്‍ പ്രത്യേകം ശ്രദ്ധിയ്ക്കണം.
പ്രശസ്ത നോര്‍വീജിയന്‍ സാഹിത്യകാരനായ ഇബ്‌സന്റെ വാക്കുകള്‍ ഉദ്ധരിച്ച് കോടതി ഇങ്ങനെ പറയുന്നു. ‘പുരുഷന്‍മാര്‍ രൂപപ്പെടുത്തിയ നിയമങ്ങളും സ്ത്രീ പെരുമാറ്റത്തെ പുരുഷവീക്ഷണ കോണില്‍ നിന്ന് വിധിയ്ക്കുന്ന നീതിന്യായ വ്യവസ്ഥയുമുള്ള ഇന്നത്തെ സമൂഹത്തില്‍ സ്ത്രീയ്ക്ക് സ്വയം സ്ത്രീയായി നിലനില്‍ക്കാനാവില്ല’.അതിജീവിതയ്‌ക്കെതിരായി വിജയ് ബാബു ഉന്നയിച്ച മിക്ക വാദമുഖങ്ങളും മുഖവിലയ്‌ക്കെടുത്താണ് ഉത്തരവെന്നും വ്യക്തമാവുന്നു. താഴെ പറയുന്ന വസ്തുതകള്‍ ജാമ്യ ഹര്‍ജി പരിഗണിയ്ക്കുമ്പോള്‍ കണക്കിലെടുക്കാതിരിയ്ക്കാനാവില്ലെന്ന് ഉത്തരവില്‍ ജസ്റ്റിസ് ബെച്ചു കുര്യന്‍ തോമസ് വ്യക്തമാക്കുന്നു.