അട്ടപ്പാടി മധുവധക്കേസിലെ സ്പെഷ്യൽ പബ്ലിക് പ്രോസിക്യൂട്ടറെ നിയമിച്ച തീരുമാനം സർക്കാർ റദ്ദാക്കി.
മോഷണ കുറ്റം ആരോപിച്ച് കഴിഞ്ഞ ഫെബ്രുവരിയിൽ അട്ടപാടിയിൽ ആൾക്കൂട്ടം ആദിവാസി യുവാവിനെ മർദ്ദിച്ചുകൊന്ന സംഭവം വൻ വിവാദമായതോടെയാണ് സർക്കാരിടപെട്ട് സ്പെഷ്യൽ പബ്ലിക് പ്രോസിക്യൂട്ടറെ നിയമിച്ചത്.
പാലക്കാട്: അട്ടപ്പാടി മധുവധക്കേസിലെ സ്പെഷ്യൽ പബ്ലിക് പ്രോസിക്യൂട്ടറെ നിയമിച്ച തീരുമാനം സർക്കാർ റദ്ദാക്കി. സ്പെഷ്യൽ പ്രോസിക്യൂട്ടറായിരുന്ന പി. ഗോപിനാഥ് മുന്നോട്ടുവച്ച ആവശ്യങ്ങൾ അംഗീകരിക്കാനാവില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് സർക്കാർ ഉത്തരവ്. കേസിൽ സർക്കാരിന് വേണ്ടി ഇനി മണ്ണാർക്കാട് എസ്സി-എസ്ടി കോടതിയിലെ സ്പെഷ്യൽ പബ്ലിക് പ്രോസിക്യൂട്ടറാവും ഹാജരാവുക. പബ്ലിക് പ്രോസിക്യൂട്ടർക്ക് നൽകുന്ന പ്രതിഫലം പോരെന്ന് ഗോപിനാഥ് ചൂണ്ടിക്കാട്ടിയതാണ് ഒഴിവാക്കാൻ കാരണമെന്ന് ആഭ്യന്തര വകുപ്പ് പറയുന്നു.
മോഷണ കുറ്റം ആരോപിച്ച് കഴിഞ്ഞ ഫെബ്രുവരിയിൽ അട്ടപാടിയിൽ ആൾക്കൂട്ടം ആദിവാസി യുവാവിനെ മർദ്ദിച്ചുകൊന്ന സംഭവം വൻ വിവാദമായതോടെയാണ് സർക്കാരിടപെട്ട് സ്പെഷ്യൽ പബ്ലിക് പ്രോസിക്യൂട്ടറെ നിയമിച്ചത്. പാലക്കാട്ടെ പ്രമുഖ അഭിഭാഷകനായ പി ഗോപിനാഥനെയാണ് പ്രോസിക്യൂട്ടറാക്കിയത്. ചട്ടപ്രകാരം പബ്ലിക് പ്രോസിക്യൂട്ടർക്ക് നൽകുന്ന പ്രതിഫലം പോരെന്ന് ഗോപിനാഥ് ചൂണ്ടിക്കാട്ടിയതാണ് ഒഴിവാക്കാൻ കാരണമായി ആഭ്യന്തര വകുപ്പിന്‍റെ ഉത്തരവിൽ പറയുന്നത്. എന്നാൽ കേസ് നടത്തിപ്പ് സംബന്ധിച്ച് കൂടുതൽ സൗകര്യമൊരുക്കുണമെന്ന് സ്പെഷ്യൽ പബ്ലിക് പ്രോസിക്യൂട്ടർ ആവശ്യപ്പെട്ടിരുന്നു. ഇതിന് അനുകൂലമായ മറുപടി സർക്കാരിൽ നിന്ന് കിട്ടിയിരുന്നില്ലെന്നാണ് വിവരം.