യാത്രക്കാരെ വഴിമധ്യേ മർദ്ദിച്ച് ഇറക്കി വിട്ട സംഭവത്തിൽ സുരേഷ് കല്ലട ബസിലെ ജീവനക്കാരെ കസ്റ്റഡിയിലെടുത്തു.
ജീവനക്കാരായ ജയേഷ് , ജിതിൻ എന്നിവരെ മരട് പൊലീസ് കസ്റ്റഡിയിലെടുത്തു.
കൊച്ചി:കല്ലട ബസിലെ യാത്രക്കാരെ വഴിമധ്യേ മർദ്ദിച്ച് ഇറക്കി വിട്ട സംഭവത്തിൽ സുരേഷ് കല്ലട ബസിലെ ജീവനക്കാരായ ജയേഷ് , ജിതിൻ എന്നിവരെ മരട് പൊലീസ് കസ്റ്റഡിയിലെടുത്തു. ജീവനക്കാരോട് പൊലീസ് സ്റ്റേഷനിൽ ഹാജരാകാൻ പൊലീസ് നിർദ്ദേശിച്ചിരുന്നു. ഇതനുസരിച്ച് പൊലീസ് സ്റ്റേഷനിൽ ഹാജരായ ഉടൻ തന്നെ ഇവരെ പൊലീസ് കസ്റ്റഡിയിൽ എടുക്കുകയായിരുന്നു. മറ്റൊരു ജീവനക്കാരനായ ഹരിലാലിനോടും സ്റ്റേഷനിൽ ഹാജരാകാൻ പൊലീസ് ആവശ്യപ്പെട്ടിട്ടുണ്ട്. ഇയാൾ സ്റ്റേഷനിലേക്ക് എത്തിക്കൊണ്ടിരിക്കുകയാണെന്നാണ് വിവരം. കല്ലട സുരേഷ് ബസിന്‍റെ മാനേജരെ ഇന്നലെ രാത്രി തന്നെ കസ്റ്റഡിയിൽ എടുത്തതായും പൊലീസ് അറിയിച്ചു.
സംഭവത്തിൽ ശക്തമായ നടപടിയുണ്ടാകുമെന്ന് കൊച്ചി സിറ്റി പൊലീസ് കമ്മീഷണർ എസ് സുരേന്ദ്രൻ പറഞ്ഞു. കസ്റ്റഡിയിൽ രേഖപ്പെടുത്തിയവരുടെ മൊഴി രേഖപ്പെടുത്തിയതിന് ശേഷം തുടർ നടപടികൾ എടുക്കുമെന്ന് അദ്ദേഹം അറിഞ്ഞു. മർദ്ദനം ഏറ്റവരുടെ മൊഴി ടെലിഫോണിൽ വിളിച്ച് രേഖപ്പെടുത്തിയിരുന്നു. അതിന് ശേഷമാണ് പ്രതികളെ വിളിച്ചുവരുത്തി കസ്റ്റഡിയിലെടുത്തത്. കാലതാമസം ഉണ്ടാവാതിരിക്കാനാണ് ഫോണിൽ വിളിച്ച് മൊഴിയെടുത്തത്. ഇനി നേരിട്ട് മൊഴി രേഖപ്പെടുത്തും. ആദ്യം കണ്ടാലറിയാവുന്നവരുടെ പേരിലാണ് കേസെടുത്തത്. ജീവനക്കാരെ ചോദ്യം ചെയ്തതിന് ശേഷം കേസിൽ പ്രതി ചേർക്കൽ ഉൾപ്പെടെയുള്ള നടപടികളിലേക്ക് നീങ്ങും. സംഭവം ആസൂത്രിതമാണോ എന്ന് അന്വേഷിക്കുമെന്നും കമ്മീഷണർ പറഞ്ഞു.