തിരഞ്ഞെടുപ്പ് കമ്മീഷനിൽ ആഭ്യന്തര ഭിന്നതയുണ്ടെന്ന വാദങ്ങൾ തള്ളി സുപ്രീം സംയുക്ത സത്യവാങ്മൂലം സമർപ്പിച്ച് കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മീഷൻ.
വോട്ടർ രജിസ്ട്രേഷനുള്ള ഫോം 6-ൽ കമ്മീഷൻ തിരുത്തലുകൾ വരുത്തിയിട്ടില്ലെന്നും കേന്ദ്ര സർക്കാരിന് മാത്രമേ അതിന് സാധിക്കൂവെന്നും കമ്മീഷൻ കോടതിയെ അറിയിച്ചു. ഫോം 6 ഉം എസ്.ഐ.ആർ പ്രഖ്യാപനവും വേവ്വേറെ രേഖകളാണെങ്കിലും, തെറ്റിദ്ധാരണ ഒഴിവാക്കാൻ ഒക്ടോബർ 21 മുതൽ ഓൺലൈൻ രീതിയിലും ഇവ രണ്ടും വേവ്വേറെ ലഭ്യമാക്കും.
ഡൽഹി | തിരഞ്ഞെടുപ്പ് കമ്മീഷനിൽ ആഭ്യന്തര ഭിന്നതയുണ്ടെന്ന വാദങ്ങൾ പൂർണ്ണമായും തള്ളി സുപ്രീം കോടതിയിൽ സംയുക്ത സത്യവാങ്മൂലം സമർപ്പിച്ച് കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മീഷൻ. ചീഫ് ഇലക്ഷൻ കമ്മീഷണർ ഗ്യാനേഷ് കുമാർ, ഇലക്ഷൻ കമ്മീഷണർമാരായ സുഖ്ബീർ സിംഗ് സന്ധു, വിവേക് ജോഷി എന്നിവരടങ്ങുന്ന മൂന്നംഗ കമ്മീഷൻ ഐക്യകണ്ഠേനയാണ് കൗണ്ടർ സത്യവാങ്മൂലം അംഗീകരിച്ച് സുപ്രീം കോടതിയിൽ നൽകിയത്.
വോട്ടർപട്ടിക പുതുക്കൽ നടപടികൾ ചോദ്യം ചെയ്തുള്ള ഹർജികൾ സുപ്രീം കോടതി പരിഗണിക്കാൻ ഇരിക്കെയാണ്, കമ്മീഷനിൽ യാതൊരുവിധ ഭിന്നതകളുമില്ലെന്നും എടുത്ത തീരുമാനങ്ങളെല്ലാം ഒറ്റക്കെട്ടായിരുന്നുവെന്നും വ്യക്തമാക്കിക്കൊണ്ടുള്ള സുപ്രധാന നീക്കം നടന്നിരിക്കുന്നത്.
ഒരു പത്രവാർത്തയുടെ മാത്രം അടിസ്ഥാനത്തിലാണ് ഗ്യാനേഷ് കുമാറിനെതിരെ ഹർജി സമർപ്പിച്ചിരിക്കുന്നതെന്ന് കമ്മീഷൻ ചൂണ്ടിക്കാട്ടി. പ്രത്യേക തീവ്ര വോട്ടർപട്ടിക പുതുക്കലുമായി ബന്ധപ്പെട്ട് 2025 ജൂൺ, 2025 ഒക്ടോബർ, 2026 മേയ് മാസങ്ങളിൽ പുറപ്പെടുവിച്ച മൂന്ന് ഉത്തരവുകളും മൂന്ന് കമ്മീഷൻ അംഗങ്ങളുടെയും പൂർണ സമ്മതത്തോടെയുള്ള ഐക്യകണ്ഠേനയുള്ള തീരുമാനങ്ങളായിരുന്നുവെന്ന് സത്യവാങ്മൂലത്തിൽ വ്യക്തമാക്കുന്നു. ഒരു ഫയൽ പരിഗണിക്കുമ്പോൾ അംഗങ്ങൾ നടത്തുന്ന ആഭ്യന്തര നിർദ്ദേശങ്ങളോ സംശയങ്ങളോ കമ്മീഷന്റെ അന്തിമ തീരുമാനങ്ങളല്ലെന്നും അതിനാൽ ആ നിരീക്ഷണങ്ങളെ ഭിന്നതയായി ചിത്രീകരിക്കാനാകില്ലെന്നും കമ്മീഷൻ വ്യക്തമാക്കി.
വോട്ടർ രജിസ്ട്രേഷനുള്ള ഫോം 6-ൽ കമ്മീഷൻ തിരുത്തലുകൾ വരുത്തിയിട്ടില്ലെന്നും കേന്ദ്ര സർക്കാരിന് മാത്രമേ അതിന് സാധിക്കൂവെന്നും കമ്മീഷൻ കോടതിയെ അറിയിച്ചു. ഫോം 6 ഉം എസ്.ഐ.ആർ പ്രഖ്യാപനവും വേവ്വേറെ രേഖകളാണെങ്കിലും, തെറ്റിദ്ധാരണ ഒഴിവാക്കാൻ ഒക്ടോബർ 21 മുതൽ ഓൺലൈൻ രീതിയിലും ഇവ രണ്ടും വേവ്വേറെ ലഭ്യമാക്കും.
മാപ്പിംഗ് പൂർത്തിയാക്കാൻ കഴിയാത്ത വോട്ടർമാർ നേരിട്ട് ഹിയറിംഗിന് എത്തേണ്ടതില്ലെന്നും, ബൂത്ത് ലെവൽ ഓഫീസർമാർ വീടുകളിലെത്തി രേഖകൾ ശേഖരിക്കുമെന്നും കമ്മീഷൻ അറിയിച്ചു. അപൂർവ്വ സാഹചര്യങ്ങളിൽ മാത്രമായിരിക്കും ഹിയറിംഗ് നടത്തുക, അത് പ്രധാനമായും ഓൺലൈനായമായിരിക്കും. കൂടാതെ, ഇലക്ഷൻ കമ്മീഷണർമാരും കാബിനറ്റ് സെക്രട്ടറിയും തമ്മിലുള്ള കത്തിടപാടുകൾ ദുർവ്യാഖ്യാനം ചെയ്തതാണെന്നും, തിരഞ്ഞെടുപ്പ് റോൾ സംബന്ധിച്ച ഇ.സി.ഐ.നെറ്റിൽ ഇ.ആർ.ഒ ഉത്തരവില്ലാതെ പേരുകൾ കൂട്ടിച്ചേർക്കാനോ നീക്കം ചെയ്യാനോ കഴിയില്ലെന്നും ചൂണ്ടിക്കാട്ടി. ഇത് പരിശോധിക്കാൻ ഐ.ഐ.ടി, ഐ.ഐ.എസ്.സി വിദഗ്ധരടങ്ങിയ സമിതിയെ നിയോഗിച്ചിട്ടുണ്ട്.
ഗോവയിൽ ഒഴിവാക്കപ്പെട്ടതായി ആരോപിക്കപ്പെട്ട 97 വോട്ടർമാരിൽ 88 പേരെ ഉൾപ്പെടുത്തിക്കഴിഞ്ഞുവെന്നും 6 പേർ വിദേശത്താണെന്നും 3 പേർ പോർച്ചുഗീസ് പാസ്പോർട്ട് ഉള്ളവരാണെന്നും കമ്മീഷൻ വ്യക്തമാക്കി. പശ്ചിമ ബംഗാളിലെ വോട്ടർമാരെ ഉൾപ്പെടുത്തിയത് ചോദ്യം ചെയ്തുള്ള അപ്പീലുകൾ സുപ്രീം കോടതി ഉത്തരവനുസരിച്ച് സംസ്ഥാന സി.ഇ.ഒ ഓഫീസിലെ ഉദ്യോഗസ്ഥരാണ് നൽകിയതെന്നും അത് കമ്മീഷന്റെ മുന്നിൽ വന്നിട്ടില്ലെന്നും അറിയിച്ചു.
മികച്ച വീഡിയോകൾ