തൃശൂരിൽ യുവാവിന്‍റ മരണം മങ്കിപോക്സ് മൂലമെന്ന് സംശയം
എ.2 വിഭാഗത്തില്‍ പെടുന്ന വകഭേദത്തെയാണ് കണ്ടെത്തിയിരിക്കുന്നതെന്ന് കേന്ദ്രസര്‍ക്കാരിന്‍റെ കീഴിലുള്ള ഇന്‍സ്റ്റിസ്റ്റ്യൂട്ട് ഓഫ് ജീനോമിക്സ് ആന്‍റ് ഇന്‍റഗ്രേറ്റീവ് ബയോളജി വ്യക്തമാക്കി. യൂറോപ്പില്‍ ആശങ്കയുയര്‍ത്തുന്ന ബി.വണ്‍ വകഭേദത്തേക്കാള്‍ വ്യാപന ശേഷി എ. 2 വിന് കുറവാണ്
തൃശൂര്‍| തൃശൂരിൽ യുവാവിന്‍റ മരണം മങ്കിപോക്സ് മൂലമെന്ന് സംശയം. ചാവക്കാട് കുരിഞ്ഞിയൂർ സ്വദേശിയായ 22 കാരനാണ് ഇന്ന് രാവിലെ മരിച്ചത്. വിദേശത്ത് നിന്ന് എത്തിയ ഇയാൾ മൂന്ന് ദിവസം മുൻപാണ് തൃശൂരിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിച്ചത്. യുഎഇ നിന്ന് 21നാണ് ഇയാള്‍ കേരളത്തിലെത്തിയത്. രോഗലക്ഷണം കണ്ടതോടെയാണ് ആശുപത്രിയിൽ പ്രവേശിച്ചത്. ഇയാളുടെ സ്രവം പരിശോധനയ്ക്കായി ആലപ്പുഴ വൈറോളജി ലാബിലേക്ക് അയച്ചു. പൊലീസിന്‍റെയും ആരോഗ്യവകുപ്പിന്‍റെയും മേല്‍നോട്ടത്തില്‍ കര്‍ശന നിബന്ധനകളോടെ മൃതദേഹം സംസ്‌കരിക്കാന്‍ നിർദേശം നല്‍കി.
അതേസമയം, കേരളത്തില്‍ റിപ്പോര്‍ട്ട് ചെയ്ത മങ്കിപോക്സ് വൈറസിന് തീവ്രവ്യാപന ശേഷിയില്ലെന്ന് ജനിതക ശ്രേണീകരണ ഫലം പുറത്ത് വന്നു. എ.2 വിഭാഗത്തില്‍ പെടുന്ന വകഭേദത്തെയാണ് കണ്ടെത്തിയിരിക്കുന്നതെന്ന് കേന്ദ്രസര്‍ക്കാരിന്‍റെ കീഴിലുള്ള ഇന്‍സ്റ്റിസ്റ്റ്യൂട്ട് ഓഫ് ജീനോമിക്സ് ആന്‍റ് ഇന്‍റഗ്രേറ്റീവ് ബയോളജി വ്യക്തമാക്കി. യൂറോപ്പില്‍ ആശങ്കയുയര്‍ത്തുന്ന ബി.വണ്‍ വകഭേദത്തേക്കാള്‍ വ്യാപന ശേഷി എ. 2 വിന് കുറവാണ്. കേരളത്തില്‍ രോഗം സ്ഥിരീകരിച്ച രണ്ട് പേരുടെയും സാമ്പിളുകള്‍ ജനിത ശ്രേണീകരണ പരിശോധനക്ക് വിധേയമാക്കി. ഇന്ത്യയില്‍ ഇതുവരെ നാല് പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചിരിക്കുന്നത്. രാജ്യത്തെ ആദ്യ മൂന്ന് മങ്കിപോക്സ് കേസുകളും റിപ്പോർട്ട് ചെയ്തത് കേരളത്തിൽ ആണ്. വിദേശത്ത് നിന്നെത്തിയ കൊല്ലം, കണ്ണൂർ, മലപ്പുറം സ്വദേശികൾക്കാണ് രോഗം സ്ഥിരീകരിച്ചിരുന്നത്. 75 രാജ്യങ്ങളിലായി ഇരുപതിനായിരം പേര്‍ക്ക് ഇതിനോടകം മങ്കിപോക്സ് പിടിപെട്ടിട്ടുണ്ട്
മങ്കിപോക്സ് വാക്സീൻ വികസിപ്പിക്കാൻ കേന്ദ്രം. വാക്സീൻ വികസിപ്പിക്കുന്നതിനായി മരുന്ന് കമ്പനികളിൽ നിന്ന് താൽപര്യപത്രം ക്ഷണിച്ചു. പരിശോധനാ കിറ്റ് വികസിപ്പിക്കാനും കേന്ദ്രം താൽപര്യപത്രം ക്ഷണിച്ചിട്ടുണ്ട്. അടുത്ത മാസം പത്തിനകം താൽപര്യപത്രം സമർപ്പിക്കാനാണ് നിർദേശം. രാജ്യത്ത് മങ്കിപോക്സ് കേസുകളും സംശയിക്കപ്പെടുന്ന കേസുകളും കൂടുന്ന സാഹചര്യത്തിലാണ് ഐസിഎംആറിന്‍റെ (ICMR) നീക്കം. ഉത്തർപ്രദേശിൽ മങ്കിപോക്സ് ലക്ഷണങ്ങളുമായി രണ്ട് പേർ ചികിത്സ തേടിയിട്ടുണ്ട്. ഒരാൾ ഗാസിയാബാദിലെ ആശുപത്രിയിലും, മറ്റൊരാൾ ദില്ലി എൽഎൻജിപി ആശുപത്രിയിലുമാണ് ചികിത്സയിൽ കഴിയുന്നത്. രണ്ട് പേരുടെയും സ്രവം പുണെയിലെ വൈറോളജി ഇൻസ്റ്റിറ്റ‍്യൂട്ടിലേക്ക് പരിശോധനയ്ക്കായി അയച്ചിരിക്കുകയാണ്. സംസ്ഥാനത്തെ കൊവിഡ് ആശുപത്രികളിൽ പത്ത് കിടക്കകൾ മങ്കിപോക്സ് രോഗികൾക്കായി മാറ്റി വച്ചിട്ടുണ്ട്. രോഗ പ്രതിരോധത്തിനുള്ള മാർഗ നിർദേശങ്ങൾ ആരോഗ്യ മന്ത്രാലയം പുറത്തിറക്കിയിരുന്നു.