ഒളിക്യാമറ വിവാദത്തിൽ എം കെ രാഘവനെതിരെ റിപ്പോർട്ട് ഡിജിപിക്ക് കൈമാറി,ദൃശ്യങ്ങൾ കൃത്രിമമല്ല

ഒളിക്യാമറയിലെ ദൃശ്യങ്ങൾ കൃത്രിമമല്ലെന്നാണ് അന്വേഷണ ഉദ്യോഗസ്ഥർ ഡിജിപിക്ക് കൈമാറിയ റിപ്പോർട്ടിൽ വ്യക്തമാക്കിയിരിക്കുന്നത്

0

തിരുവനന്തപുരം :ഒളിക്യാമറ കോഴയാരോപണ വിവാദത്തിൽ കോഴിക്കോട്ടെ യുഡിഎഫ് സ്ഥാനാർത്ഥിയും സിറ്റിങ് എംപിയുമായ എം കെ രാഘവനെതിരെ റിപ്പോർട്ട് ഡിജിപിക്ക് കൈമാറി. ഒളിക്യാമറയിലെ ദൃശ്യങ്ങൾ കൃത്രിമമല്ലെന്നാണ് അന്വേഷണ ഉദ്യോഗസ്ഥർ ഡിജിപിക്ക് കൈമാറിയ റിപ്പോർട്ടിൽ വ്യക്തമാക്കിയിരിക്കുന്നത്. സംഭവത്തിൽ വിശദമായ അന്വേഷണം നടത്തണമെന്നും റിപ്പോർട്ടിൽ വ്യക്തമാക്കുന്നുണ്ട്.രാഘവനെതിരായ കോഴയാരോപണക്കേസിൽ അന്വേഷണ ചുമതല ഡിസിപി വാഹിദിനാണ്.

നേരത്തേ സംഭവത്തിൽ മൊഴി നൽകണമെന്നാവശ്യപ്പെട്ട് രാഘവന് രണ്ട് തവണ അന്വേഷണ ഉദ്യോഗസ്ഥർ നോട്ടീസ് അയച്ചിരുന്നു. തെരഞ്ഞെടുപ്പ് തിരക്കുകൾ മൂലം മൊഴി നൽകാതെ വിട്ടു നിന്ന രാഘവൻ ഒടുവിൽ നേരിട്ട് ഹാജരായി വിശദീകരണം നൽകിയിരുന്നു. എം കെ രാഘവന്റെ പണമിടപാടുകളെക്കുറിച്ച് അന്വേഷിക്കണമെന്നാവശ്യപ്പെട്ട് സിപിഐഎം തെരഞ്ഞെടുപ്പ് കമ്മീഷന് പരാതി നൽകുകയും ചെയ്തു. രാഘവനെതിരെ വിവാദം ശക്തമായ സാഹചര്യത്തിലായിരുന്നു അന്വേഷണം പ്രഖ്യാപിച്ചത്.

എം കെ രാഘവൻ കോഴ ആവശ്യപ്പെട്ടെന്ന് അവകാശപ്പെട്ട് ടിവി 9 ചാനൽ ഒളിക്യാമറ ദൃശ്യങ്ങൾ പുറത്തുവിട്ടതാണ് വിവാദങ്ങൾക്കിടയായത്. തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ചതിന് പിന്നാലെയായിരുന്നു സംഭവം. കോഴിക്കോട് ഹോട്ടൽ സംരംഭം തുടങ്ങുന്നതിനായി സ്ഥലം ലഭ്യമാക്കി നൽകണമെന്നാവശ്യപ്പെട്ട് എത്തിയവരോട് രാഘവൻ അഞ്ച് കോടി ആവശ്യപ്പെടുന്നതായാണ് ചാനൽ പുറത്തുവിട്ട ദൃശ്യങ്ങളിലുള്ളത്. തനിക്കെതിരെ ഉന്നയിക്കപ്പെട്ട കോഴ ആരോപണത്തിന് പിന്നിൽ സിപിഐഎമ്മാണെന്നും കോഴ ആവശ്യപ്പെട്ടതായി പുറത്തുവന്ന റിപ്പോർട്ട് തനിക്കെതിരെ കെട്ടിച്ചമച്ചതാണെന്നുമായിരുന്നു രാഘവന്റെ വാദം.

അതേസമയം എം കെ രാഘവനെതിരെ കേസെടുത്ത് അന്വേഷണം നടത്തണമെന്ന കണ്ണൂർ റെയ്ഞ്ച് ഐജിയുടെ റിപ്പോർട്ട് രാഷ്ട്രീയ പ്രേരിതമെന്ന് എം കെ രാഘവൻ. തെരഞ്ഞെടുപ്പിന് ദിവസങ്ങൾക്ക് മുമ്പ് കേസെടുക്കാനുള്ള തീരുമാനത്തിന് പിന്നിലെ രാഷ്ട്രീയം കോഴിക്കോട്ടെ പ്രബുദ്ധരായ വോട്ടർമാർ തിരിച്ചറിയും. താനിതിനെ അവജ്ഞയോടെ തള്ളിക്കളയുമെന്നും എം കെ രാഘവൻ പറഞ്ഞു. സമയമാകുമ്പോൾ കൂടുതൽ പ്രതികരിക്കുമെന്നും സ്ഥാനാർത്ഥി കൂട്ടിച്ചേർത്തു.

ഒളിക്യാമറ വിവാദത്തിൽ കേസെടുക്കുന്ന കാര്യത്തിൽ നാളെ തീരുമാനമെടുക്കുക. വിഷയത്തിൽ ഡിജിപി ലോക്നാഥ് ബെഹ്റ നിയമോപദേശം തേടി. ഡയറക്ടർ ജനറൽ ഓഫ് പ്രോസിക്യൂഷനോടാണ് പൊലീസ് മേധാവി ഇ മെയിലിലൂടെ നിയമോപദേശം നൽകിയത്. ഉടൻ നിയമോപദേശം നൽകുമെന്ന് ഡയറക്ടർ ജനറൽ ഓഫ് പ്രോസിക്യൂഷൻ പ്രതികരിച്ചു. എം കെ രാഘവനെതിരെ കേസെടുത്ത് അന്വേഷണം നടത്തണമെന്നാണ് കണ്ണൂർ റെയ്ഞ്ച് ഐജിയുടെ റിപ്പോർട്ട്.

ഒളിക്യാമറ ഓപ്പറേഷൻ റിപ്പോർട്ട് ചെയ്ത ചാനലിൽ നിന്നും പിടിച്ചെടുത്ത മുഴുവൻ ദൃശ്യങ്ങളും പരിശോധിച്ചുവെന്നാണ് പൊലീസ് പറയുന്നത്. ഫോറൻസിക് പരിശോധന ഉൾപ്പെടെ നടത്തണമെങ്കിൽ കേസെടുത്ത് അന്വേഷണം നടത്തണമെന്നാണ് ഐജിയുടെ റിപ്പോർട്ട്. അതേസമയം സിപിഎമ്മിനെതിരായ ആരോപണം പൊലിസ് തള്ളി. ഒളിക്യാമറക്കു പിന്നിൽ സിപിഎം ഗൂഡാലോചനയാണെന്ന ആരോപണത്തിൽ കഴമ്പില്ലെന്നാണ് കണ്ണൂർ റെയ്ഞ്ച് ഐജി റിപ്പോ‍ർട്ട് നൽകിയിരിക്കുന്നത്.

തെരഞ്ഞെടുപ്പ് കമ്മീഷൻ നി‍ർദ്ദേശപ്രകാരമാണ് പൊലീസ് നടപടി. കമ്മീഷന് നൽകിയ പരാതികൾ കമ്മീഷൻ ഡിജിപിക്ക് കൈമാറിയിരുന്നു. സ്വകാര്യ ചാനൽ നടത്തിയ അന്വേഷണത്തിൽ രാഘവൻ തെരഞ്ഞെടുപ്പ് ചട്ടം ലംഘിച്ചത് വ്യക്തമായെന്ന് കാണിച്ച് ഡിവൈഎഫ്ഐ ദേശീയ പ്രസിഡന്‍റ് അഡ്വ പി എ മുഹമ്മദ് റിയാസ് നൽകിയ പരാതിയാണ് ഒന്ന്. ഗൂഢാലോചനയുണ്ടെന്ന എംകെ രാഘവന്‍റെ പരാതിയാണ് മറ്റൊന്ന്.

You might also like

-