കർണാടകയിൽ ജെഡിഎസ് നേതാക്കളുടെ വീടുകളിൽ വ്യാപക റെയ്‍ഡ്നിയമസഭയ്ക്ക് മുന്നിൽ മുഖ്യമന്ത്രിയുടെ ധർണ

കർണാടകത്തിൽ  ജെഡിഎസ് നേതാക്കളുടെയും വീടുകളിൽ ആദായനികുതി വകുപ്പ് ഉദ്യോഗസ്ഥരുടെ റെയ്‍ഡുകൾ തുടരവെ പ്രതിഷേധവുമായി കർണാടക മുഖ്യമന്ത്രി എച്ച് ഡി കുമാരസ്വാമിയുടെ ധർണ.

0

ബെംഗളൂരു: കർണാടകത്തിൽ  ജെഡിഎസ് നേതാക്കളുടെയും വീടുകളിൽ ആദായനികുതി വകുപ്പ് ഉദ്യോഗസ്ഥരുടെ റെയ്‍ഡുകൾ തുടരവെ പ്രതിഷേധവുമായി കർണാടക മുഖ്യമന്ത്രി എച്ച് ഡി കുമാരസ്വാമിയുടെ ധർണ. കർണാടക നിയമസഭയ്ക്ക് മുന്നിലാണ് കുമാരസ്വാമിയും മന്ത്രിമാരും പ്രതിഷേധവുമായി ധർണയിരിക്കുന്നത്. ഇന്നലെ രാത്രി തന്നെ മുന്നൂറോളം ആദായനികുതി വകുപ്പ് ഉദ്യോഗസ്ഥർ കർണാടകത്തിലേക്ക് വരികയാണെന്നും കേന്ദ്രസർക്കാർ രാഷ്ട്രീയപ്പകയുടെ പേരിൽ കേന്ദ്ര ഏജൻസികളെ ഉപയോഗിക്കുകയാണെന്നും കുമാരസ്വാമി ആരോപിച്ചിരുന്നു.

ഉപമുഖ്യമന്ത്രി ജി പരമേശ്വര, സിദ്ധരാമയ്യ, ഡി കെ ശിവകുമാർ എന്നിവരോടൊപ്പമാണ് കുമാരസ്വാമി പ്രതിഷേധ ധർണ നടത്തുന്നത്. ”ആദായനികുതി വകുപ്പ് സ്വതന്ത്രമായാണ് പ്രവർത്തിക്കേണ്ടത്. അതിന് പകരം മോദിയുടെയും അമിത് ഷായുടെയും നി‍ർദേശപ്രകാരമാണ് ആദായനികുതി വകുപ്പ് ജോലി ചെയ്യുന്നത്. ബെംഗളുരുവിലെ ആദായനികുതി വകുപ്പ് ഡയറക്ടർ ഇക്കാര്യത്തെക്കുറിച്ച് ഒന്നുമറിഞ്ഞിട്ടില്ലെന്ന് കരുതുന്നുണ്ടോ? ഇവർക്കെല്ലാം എതിരെ എന്‍റെ പക്കലും രേഖകളുണ്ട്.” കുമാര സ്വാമി പറയുന്നു.ബെംഗളുരുവിലെ ആദായനികുതിവകുപ്പ് ഡയറക്ടർക്ക് വിരമിച്ച് കഴിഞ്ഞാൽ ഗവർണർ സ്ഥാനമാണ് വാഗ്‍ദാനമെന്നാണ് കുമാരസ്വാമിയുടെ ആരോപണം. ആദായനികുതി വകുപ്പ് ഡയറക്ടർ ബി ആർ ബാലകൃഷ്ണന് ഇനി മൂന്ന് മാസം മാത്രമാണ് സർവീസ് കാലാവധി ബാക്കിയുള്ളത്.

ഹസ്സനിലും മാണ്ഡ്യയിലുമുള്ള ജെഡിഎസ് നേതാക്കളുടെ വീടുകളിലാണ് ആദായനികുതി വകുപ്പ് റെയ്‍ഡുകൾ നടത്തുന്നത്. എച്ച് ഡി ദേവഗൗഡയുടെ പേരക്കുട്ടികളായ പ്രജ്വൽ രേവണ്ണയും നിഖിൽ കുമാരസ്വാമിയും മത്സരിക്കുന്ന മണ്ഡലങ്ങളിലാണ് റെയ്‍ഡുകൾ. ഇക്കാര്യം ചൂണ്ടിക്കാട്ടിയാണ് വൈരാഗ്യരാഷ്ട്രീയമാണ് റെയ്‍ഡുകളിലൂടെ വെളിവാകുന്നതെന്ന് കുമാരസ്വാമി ആരോപിക്കുന്നത്. അതിർത്തിയിലല്ല, ഇങ്ങനെയാണ് മോദി ‘യഥാർത്ഥ സർജിക്കൽ സ്ട്രൈക്ക്’ നടത്തുന്നതെന്നാണ് കുമാരസ്വാമിയുടെ ആരോപണം.

നേരത്തേ കൊൽക്കത്ത സിറ്റി പൊലീസ് കമ്മീഷണറുടെ വീട്ടിൽ റെയ്‍ഡ് നടത്തിയപ്പോൾ ബംഗാൾ മുഖ്യമന്ത്രി മമതാബാനർജി സമാനമായ രീതിയിൽ ധർണയിരുന്നിരുന്നു. ഇത് വലിയ രാഷ്ട്രീയവിവാദങ്ങൾക്കാണ് വഴിവച്ചത്. അർധരാത്രി നാടകീയമായി കൊൽക്കത്തയിലെ സിറ്റി പൊലീസ് കമ്മീഷണർ രാജീവ് കുമാറിന്‍റെ വീട്ടിൽ സിബിഐ ഉദ്യോഗസ്ഥർ റെയ്‍ഡിനെത്തിയതാണ് വിവാദങ്ങൾക്ക് വഴി വച്ചത്. ശാരദ, റോസ് വാലി ചിട്ടിതട്ടിപ്പുകളുമായി ബന്ധപ്പെട്ട് പല തവണ കമ്മീഷണറെ ചോദ്യം ചെയ്യാൻ വിളിപ്പിച്ചെങ്കിലും എത്താതിരുന്നതിനെത്തുടർന്നാണ് സിബിഐ റെയ്‍ഡ് നടത്താനെത്തിയത്. ഇതോടെയാണ് ദേശീയരാഷ്ട്രീയത്തെ മൊത്തം ഇളക്കിമറിച്ച് മമതാ ബാനർജിയും സിബിഐയും തമ്മിലുള്ള സംഘര്‍ഷം തുടങ്ങിയത്.മമത കൊൽക്കത്ത മെട്രോ ചാനലിന് മുന്നിൽ നിരാഹാരം തുടങ്ങി. പ്രശ്നപരിഹാരം ഉണ്ടാകും വരെ അവിടെ നിന്ന് മാറില്ലെന്ന് പ്രഖ്യാപിച്ചു. ഒടുവിൽ സുപ്രീംകോടതി ഇടപെട്ട് കേസുമായി കമ്മീഷണർ സഹകരിക്കണമെന്ന് ഉത്തരവിട്ടു. തുടർന്നാണ് മമത സമരം അവസാനിപ്പിച്ചത്

You might also like

-