നക്സൽ വര്‍ഗ്ഗീസിൻ്റെ കുടുംബത്തിന് നഷ്ടപരിഹാരം നൽകാൻ മന്ത്രിസഭായോഗം തീരുമാനിച്ചു
വര്‍ഗ്ഗീസ് കൊല്ലപ്പെട്ട് 51 കൊല്ലത്തിന് ശേഷമാണ് കുടുംബത്തിന് നഷ്ടപരിഹാരം ലഭിക്കാൻ വഴിയൊരുങ്ങുന്നത്
വ്യാജ ഏറ്റുമുട്ടലിൽ പോലീസ് വെടിയേറ്റു മരിച്ച നക്സൽ വര്‍ഗ്ഗീസിൻ്റെ കുടുംബത്തിന് നഷ്ടപരിഹാരം നൽകാൻ മന്ത്രിസഭായോഗം തീരുമാനിച്ചു. വര്‍ഗ്ഗീസ് കൊല്ലപ്പെട്ട് 51 കൊല്ലത്തിന് ശേഷമാണ് കുടുംബത്തിന് നഷ്ടപരിഹാരം ലഭിക്കാൻ വഴിയൊരുങ്ങുന്നത്. വര്‍ഗ്ഗീസിൻ്റെ സഹോദരങ്ങളായ മറിയക്കുട്ടി, അന്നമ്മ, എ.തോമസ്, എ.ജോസഫ് എന്നിവര്‍ക്ക് നഷ്ടപരിഹാരം നൽകാൻ സെക്രട്ടറി തല സമിതിയാണ് സര്‍ക്കാരിന് ശുപാര്‍ശ ചെയ്തത്.വര്‍ഗീസിനെ പോലീസ് കൊലപ്പെടുത്തിയതാണെന്ന് തെളിഞ്ഞതിനെ തുടര്‍ന്ന് ബന്ധുക്കള്‍ നഷ്ടപരിഹാരത്തിന് ഹൈക്കോടതിയെ സമീപിച്ചിരുന്നു. സര്‍ക്കാരിന് ഇത് സംബന്ധിച്ച് നിവേദനം നല്‍കാനായിരുന്നു ഹൈക്കോടതി നിര്‍ദേശിച്ചത്. തുടര്‍ന്ന് സഹോദരങ്ങള്‍ നല്‍കിയ നിവേദനം പരിശോധിച്ചാണ് നഷ്ടപരിഹാരം നിശ്ചയിച്ചത്.
1970 ഫെബ്രുവരി 18-നാണ് വര്‍ഗീസ് കൊല്ലപ്പെട്ടത്. വ്യാജ ഏറ്റുമുട്ടലിലാണ് നക്സൽ വർഗീസ് കൊല്ലപ്പെട്ടതെന്ന് പിന്നീട് കോണ്‍സ്റ്റബിൾ രാമചന്ദ്രനാണ് വെളിപ്പെടുത്തിയത്. വ്യാജ ഏറ്റുമുട്ടൽ കേസിൽ ഐ ജി ലക്ഷമണയെ സിബിഐ കോടതി ശിക്ഷിച്ചിരുന്നു.