“അയോദ്ധ്യ കേസ്” വിധി ഒരു മാസത്തിനകം. ജഡ്ജിമാർ യോഗം ചേർന്നു, രേഖകൾ പരിശോധിച്ചു.

അയോധ്യയുൾപ്പെടെ ചില സുപ്രധാന കേസുകളുടെ വിധികൾ വിരമിക്കും മുമ്പ് പറയുമെന്ന് ചീഫ് ജസ്റ്റിസ് രഞ്ജൻ ഗോഗോയ് നേരത്തെ തന്നെ പറഞ്ഞിരുന്നു. അതിനായ് മുന്‍നിശ്ചയ പ്രകാരമുള്ള ഔദ്യോഗിക വിദേശയാത്രയും ചീഫ് ജസ്റ്റിസ് രഞ്ജന്‍ ഗൊഗോയി റദ്ദാക്കിയിട്ടുണ്ട്

0

ദില്ലി: സുപ്രീം കോടതി ചീഫ് ജസ്റ്റിസ് സ്ഥാനത്തുനിന്ന് ജസ്റ്റിസ് രഞ്ജൻ ഗൊഗോയി നവംബര്‍ 17ന് വിരമിക്കും. അതിന് മുമ്പ് അയോദ്ധ്യ കേസ് പരിഗണിച്ച ഭരണഘടന ബെഞ്ചിന് വിധി പറയണം. ആയിരക്കണക്കിന് രേഖകൾ പരിശോധിച്ചും, മധ്യസ്ഥ സമിതി നൽകിയ റിപ്പോര്‍ട്ടും പരിശോധിച്ച് വിധിയെഴുതുകയെന്ന ശ്രമകരമായ ദൗത്യമാണ് ജഡ്ജിമാര്‍ക്ക് മുന്നിലുള്ളത്.

അയോധ്യയുൾപ്പെടെ ചില സുപ്രധാന കേസുകളുടെ വിധികൾ വിരമിക്കും മുമ്പ് പറയുമെന്ന് ചീഫ് ജസ്റ്റിസ് രഞ്ജൻ ഗോഗോയ് നേരത്തെ തന്നെ പറഞ്ഞിരുന്നു. അതിനായ് മുന്‍നിശ്ചയ പ്രകാരമുള്ള ഔദ്യോഗിക വിദേശയാത്രയും ചീഫ് ജസ്റ്റിസ് രഞ്ജന്‍ ഗൊഗോയി റദ്ദാക്കിയിട്ടുണ്ട്.

വര്‍ഷങ്ങള്‍ നീണ്ട നിയമപോരാട്ടത്തിനാണ് സുപ്രീം കോടതി വിധിയോടെ അന്ത്യമാകുന്നത്. കോടതി മുറിക്കുള്ളിലെ വാദം പൂര്‍ത്തിയായെങ്കിലും ഇനിയുള്ള വാദങ്ങള്‍ മൂന്നു ദിവസത്തിനുള്ളില്‍ എഴുതി നല്‍കാനും കക്ഷികളോട് കോടതി നിര്‍ദേശിച്ചിട്ടുണ്ട. അവയും പരിഗണിച്ചാവും അന്തിമ വിധി. കോടതി മുറിയിൽ ഹിന്ദുസംഘടനകൾ നൽകിയ രേഖ വലിച്ചുകീറിയ മുതിര്‍ന്ന അഭിഭാഷകൻ രാജീവ് ധവനാനെതിരെ നടപടി വേണമെന്നാവശ്യപ്പെട്ട് ഹിന്ദു സേന ചീഫ് ജസ്റ്റിസിന് നൽകിയ കത്തും ജഡ്ജിമാരുടെ മുന്നിലുണ്ട്.

ചീഫ് ജസ്റ്റിസ് ഉൾപ്പെടുന്ന അഞ്ചാംഗ ഭരണ ഘടന ബഞ്ച് നാൽപതു ദിവസമാണ് അയോദ്ധ്യ കേസിൽ വാദം കേട്ടത്. സുപ്രീംകോടതിയുടെ ചരിത്രത്തില്‍ ഏറ്റവും കൂടുതല്‍ ദിവസം വാദം കേട്ട രണ്ടാമത്തെ കേസാണിത്. കേശവാനന്ദ ഭാരതി കേസിലാണ് ഇതിനു മുമ്പ് ഏറ്റവും കൂടുതല്‍ വാദം കേട്ടിട്ടുള്ളത്. 1972-73 വര്‍ഷങ്ങളിലായി 68 ദിവസം. അയോധ്യ രാമ ജന്മഭൂമിയാണെന്നും, രാമക്ഷേത്രം ഉണ്ടായിരുന്നതിന് ചരിത്രപരമായ തെളിവുകള്‍ ഉണ്ടെന്നുമായിരുന്നു ഹിന്ദു സംഘടനകളുടെ വാദം. ഇതിനെ എതിർത്ത് കൊണ്ടായിരുന്നു സുന്നി വഖഫ് ബോര്‍ഡിന്റെയുൾപ്പെടെ വാദം.

ഏറെ വിവാദമായ കേസാണെന്നതിന്റെ പശ്ചാത്തലത്തില്‍ ഇതുമായി ബന്ധപ്പെട്ട് മാധ്യമങ്ങള്‍ക്ക് നിബന്ധനകള്‍ ഏര്‍പ്പെടുത്തി ന്യൂസ് ബ്രോഡ് കാസ്റ്റിങ് സ്റ്റാന്‍ഡേഡസ് അഥോറിറ്റി (എന്‍ബിഎസ്എ) രംഗത്തെത്തിയിരുന്നു. കോടതി നടപടികളുമായി ബന്ധപ്പെട്ട് ഊഹാപോഹങ്ങള്‍ പ്രചരിപ്പിക്കരുത്. കേസിന്റെ വാദവുമായി ബന്ധപ്പെട്ട വാര്‍ത്തകളില്‍ സത്യസന്ധത പുലര്‍ത്തുക. തര്‍ക്ക മന്ദിരം പൊളിക്കുന്നതിന്റെ ദൃശ്യങ്ങള്‍ സംപ്രേഷണം ചെയ്യാതിരിക്കുക. കേസിന്റെ വിധിയുമായി ബന്ധപ്പെട്ട ആഘോഷങ്ങളും സംപ്രേഷണം ചെയ്യരുത്. തീവ്ര സ്വഭാവമുള്ളവരെ ചാനല്‍ ചര്‍ച്ചയില്‍ നിന്ന് ഒഴിവാക്കുക എന്നിവയാണ് നിബന്ധനകള്‍. നവംബര്‍ 15ന് മുമ്പ് അയോധ്യ ഹര്‍ജികളില്‍ ഭരണഘടനാ ബഞ്ച് വിധി പറയുമെന്നാണ് റിപ്പോര്‍ട്ട്. അയോധ്യ കേസിലെ തര്‍ക്കഭൂമി മൂന്നായി വിഭജിക്കാനുള്ള അലഹാബാദ് ഹൈക്കോടതി വിധിക്കെതിരെ എത്തിയ 14 ഹര്‍ജികളിലാണ് ചീഫ് ജസ്റ്റിസ് രഞ്ജന്‍ ഗൊഗോയി അധ്യക്ഷനായ അഞ്ചംഗ ഭരണഘടന ബഞ്ച് വാദം കേട്ടത്.

തര്‍ക്കം മധ്യസ്ഥ ശ്രമങ്ങളിലൂടെ പരിഹരിക്കാന്‍ റിട്ടയേര്‍ഡ് ജസ്റ്റിസ് ഖലീഫുള്ള അധ്യക്ഷനായ മൂന്നംഗ സമിതിയെ സുപ്രീംകോടതി ചുമതലപ്പെടുത്തിയിരുന്നു. ഈ മധ്യസ്ഥ ചര്‍ച്ച പരാജയപ്പെട്ടതോടെയാണ് കേസില്‍ അന്തിമവാദം കേള്‍ക്കാന്‍ ഭരണഘടനാ ബഞ്ച് തീരുമാനിച്ചത്. നവംബര്‍ 17-നാണ് ചീഫ് ജസ്റ്റിസ് സ്ഥാനത്തുനിന്ന് ജസ്റ്റിസ് രഞ്ജന്‍ ഗൊഗോയി വിരമിക്കുന്നത്. അതിന് മുമ്പുള്ള അവസാന പ്രവര്‍ത്തിദിനമായ നവംബര്‍ 15നാകും കേസിലെ വിധി പ്രസ്താവന എന്നാണ് സൂചന. ചീഫ് ജസ്റ്റിസ് വിരമിക്കുന്നതിന് മുമ്പ് വിധി പറഞ്ഞില്ലെങ്കില്‍ വീണ്ടും കേസ് ഒരിക്കല്‍ക്കൂടി പുതിയ ബഞ്ചിന് വിട്ട് പുതുതായി വാദം കേള്‍ക്കേണ്ടി വരും. ചീഫ് ജസ്റ്റിസിന് പുറമേ, ജസ്റ്റിസുമാരായ എസ്.എ. ബോബ്ഡെ, ഡി.വൈ. ചന്ദ്രചൂഢ്, അശോക് ഭൂഷണ്‍, എസ്.എ. നസീര്‍ എന്നിവരാണ് ഭരണഘടനാ ബഞ്ചിലെ മറ്റ് അംഗങ്ങള്‍. ആയിരക്കണക്കിന് രേഖകള്‍ ഉള്ള കേസില്‍ വിധിയെഴുത്ത് ഏറ്റവും ശ്രമകരമായ ദൗത്യമായിരിക്കും.

അയോധ്യയിലെ തര്‍ക്കഭൂമിയായ 2.77 ഏക്കര്‍ സ്ഥലം മൂന്നായി വിഭജിച്ചു നിര്‍മോഹി അഖാരയ്ക്കും, സുന്നി വഖഫ് ബോര്‍ഡിനും, രാംലല്ല വിരാജ്മാനിനുമായി നൽകാനായിരുന്നു അലഹബാദ് ഹൈക്കോടതി 2010 സെപ്തംബറില്‍ വിധിച്ചത്. ഇതില്‍ എല്ലാ കക്ഷികള്‍ക്കും എതിര്‍പ്പുണ്ടായതിനെ തുടര്‍ന്നാണ് കേസ് സുപ്രീംകോടതിയുടെ പരിഗണനക്കെത്തിയത്.

You might also like

-