എഐഎഡിഎംകെ-ബിജെപി സഖ്യത്തിന് തിരച്ചടി. വിജയകാന്തിന്റെ പാര്‍ട്ടി ഡിഎംഡികെ സഖ്യം വിട്ടു

കമല്‍ഹാസനൊപ്പം വിജയകാന്ത് ചേര്‍ന്നേക്കുമെന്ന് സൂചനയുണ്ട്. ഡിഎംകെ നേതൃത്വം നല്‍കുന്ന പ്രതിപക്ഷത്തിനൊപ്പം അദ്ദേഹം പോകില്ല എന്നാണ് വിവരം

0

ചെന്നൈ :തമിഴ്‌നാട്ടില്‍ നിയമസഭാ തിരഞ്ഞെടുപ്പ് അടുത്തിരിക്കെ എഐഎഡിഎംകെ-ബിജെപി സഖ്യത്തിന് തിരച്ചടി. നടന്‍ വിജയകാന്തിന്റെ പാര്‍ട്ടിയായ ഡിഎംഡികെ സഖ്യം വിട്ടു. സീറ്റ് വിഭജന ചര്‍ച്ച പൊളിഞ്ഞതിനെതിരെ തുടര്‍ന്നാണ് വിജയകാന്ത് കടുത്ത തീരുമാനം എടുത്തത്. മൂന്ന് തവണ എഡിഎംകെയുമായി വിജയകാന്തിന്റെ പാര്‍ട്ടി ചര്‍ച്ച നടത്തിയിരുന്നു. ആവശ്യപ്പെട്ട സീറ്റുകള്‍ നല്‍കാന്‍ സാധിക്കില്ലെന്ന് ഭരണകക്ഷി നിലപാടെടുത്തു. തുടര്‍ന്ന് ഡിഎംഡികെയുടെ എല്ലാ ജില്ലാ ഭാരവാഹികളുടെയും യോഗം വിജയകാന്ത് വിളിച്ചുചേര്‍ത്തു. ഈ യോഗത്തിന്റെ തീരുമാനത്തെ തുടര്‍ന്നാണ് സഖ്യം വിടുന്നതെന്ന് വിജയകാന്ത് പ്രസ്താവനയില്‍ പറഞ്ഞു.

കമല്‍ഹാസനൊപ്പം വിജയകാന്ത് ചേര്‍ന്നേക്കുമെന്ന് സൂചനയുണ്ട്. ഡിഎംകെ നേതൃത്വം നല്‍കുന്ന പ്രതിപക്ഷത്തിനൊപ്പം അദ്ദേഹം പോകില്ല എന്നാണ് വിവരം. തമിഴ്‌നാട്ടിലുള്ള മറ്റൊരു മുന്നണി ടിടിവി ദിനകരന്‍ നേതൃത്വം നല്‍കുന്നതാണ്. ഭാവി കാര്യങ്ങള്‍ ചര്‍ച്ച ചെയ്ത് തീരുമാനിക്കുമെന്നും ഒരുപക്ഷേ തനിച്ച് മല്‍സരിച്ചേക്കുമെന്നും വിജയകാന്തിന്റെ അനുയായികള്‍ സൂചന നല്‍കുന്നു.41 സീറ്റാണ് ഡിഎംഡികെ ആവശ്യപ്പെട്ടിരുന്നത്. ചര്‍ച്ചകള്‍ മുന്നോട്ട് പോയപ്പോള്‍ സമവായമെന്നോണം ആവശ്യപ്പെടുന്ന സീറ്റുകളുടെ എണ്ണം കുറച്ചു. 23 സീറ്റ് മതി എന്നായി. ഇതും നല്‍കാന്‍ സാധിക്കില്ലെന്ന് അറിയിച്ച എഐഎഡിഎംകെ 12 സീറ്റ് നല്‍കാമെന്ന് മറുപടി നല്‍കി. എന്നാല്‍ 18 സീറ്റ് കിട്ടിയില്ലെങ്കില്‍ സഖ്യം വിടുമെന്ന് വിജയകാന്ത് പ്രതികരിച്ചു.

ശേഷം ദിവസങ്ങള്‍ കാത്തിരുന്നു. പിന്നീടാണ് ജില്ലാ പ്രസിഡന്റുമാരെ യോഗം വിളിച്ച് മുന്നണി വിടാന്‍ വിജയകാന്ത് തീരുമാനിച്ചത്. ഡിഎംഡികെ തനിച്ച് മല്‍സരിക്കുമെന്ന് വിജയകാന്തിന്റെ അളിയന്‍ എല്‍കെ സുധീഷ് കഴിഞ്ഞ ദിവസം സൂചന നല്‍കിയിരുന്നു. പാര്‍ട്ടിയുടെ മുഖ്യമന്ത്രി സ്ഥാനാര്‍ഥി വിജയകാന്ത് ആണ് എന്നും അദ്ദേഹം പറഞ്ഞു.2011ലെ തിരഞ്ഞെടുപ്പില്‍ ഡിഎംഡികെയ്ക്ക് 7.8 ശതമാനം വോട്ടുകള്‍ ലഭിച്ചിരുന്നു. 2016ല്‍ 2.4 ശതമാനത്തിലേക്ക് വോട്ടുകള്‍ താഴ്ന്നു. ബിജെപിയേക്കാള്‍ കുറച്ച് വോട്ടുകളാണ് അന്ന് ലഭിച്ചത്. 2016 ഒരു സീറ്റില്‍ പോലും ഡിഎംഡികെ ജയിച്ചിരുന്നില്ല. ഇനി വിജയകാന്തും കമല്‍ഹാസനും കൈകോര്‍ക്കുമോ എന്നാണ് ഏവരും ഉറ്റുനോക്കുന്നത്. കമല്‍ഹാസനൊപ്പം നില്‍ക്കുമെന്ന് നടന്‍ ശരത് കുമാറിന്റെ പാര്‍ട്ടി പ്രഖ്യാപിച്ചിരുന്നു.

You might also like

-