എബട്ടിന് ഒരവസരം കൂടി വീല്‍ ചെയറിലിരുന്ന് ഭരണചക്രം തിരിക്കുന്ന ടെകസസ് ഗവര്‍ണര്‍ ഗ്രേഗ്
പ്രൈമറിയില്‍ 90% വോട്ടുകള്‍ നേടി ഏബട്ട് അജയനായപ്പോള്‍ ഒന്നാം റൗണ്ടില്‍ വിജയം കണ്ടെത്താന്‍ വാല്‍ഡസിനായില്ല.
ഓസ്റ്റിന്‍: മിഡ്‌ടേം തിരഞ്ഞെടുപ്പില്‍ ടെക്‌സസ് ഗവര്‍ണറായി റിപ്പബ്ലിക്കന്‍ സ്ഥാനാര്‍ഥിയും ഗവര്‍ണറുമായ ഗ്രോഗ് ഏബട്ട് തിരഞ്ഞെടുക്കപ്പെടുമെന്നതില്‍ എതിരാളികള്‍ക്കു പോലും സംശയമില്ല. ഏബട്ടിനു എതിരെ മത്സരിക്കാന്‍ ഡമോക്രാറ്റിക് പാര്‍ട്ടി കണ്ടെത്തിയത് ഡാലസ് കൗണ്ടിയിലെ മുന്‍ ഷെറിഫ് ലൂപ് വാല്‍ഡസിനെയാണ്.
പ്രൈമറിയില്‍ 90% വോട്ടുകള്‍ നേടി ഏബട്ട് അജയനായപ്പോള്‍ ഒന്നാം റൗണ്ടില്‍ വിജയം കണ്ടെത്താന്‍ വാല്‍ഡസിനായില്ല. ഡമോക്രാറ്റിക് സ്ഥാനാര്‍ഥികളായ വാല്‍ഡസിനും ആന്‍ഡ്രു വൈറ്റിനും പ്രൈമറിയില്‍ ജയിക്കാന്‍ ആവശ്യമായ 50 ശതമാനം വോട്ടുകള്‍ ലഭിക്കാതിരുന്നതിനാല്‍ മെയ് 22 നു നടന്ന റണ്‍ ഓഫിലാണ് 53.1% വോട്ടുകള്‍ നേടി ലൂപ് ഡമോക്രാറ്റിക് സ്ഥാനാര്‍ത്ഥിത്വം നേടിയത്.
പാതി തളര്‍ന്ന ശരീരവുമായി വീല്‍ ചെയറില്‍ ടെക്‌സസ് മാത്രമല്ല, വിദേശ രാജ്യങ്ങള്‍ പോലും സന്ദര്‍ശിക്കുന്ന കരുത്തനായ ഗവര്‍ണര്‍ ഗ്രേഗ് ഏബട്ടിനെ ടെക്‌സസ് ജനത ഒരിക്കല്‍ കൂടി സംസ്ഥാന ഭരണചക്രം ഏല്‍പിക്കുമെന്ന് എതിരാളികള്‍ പോലും സമ്മതിക്കുന്നു.
റിപ്പബ്ലിക്കന്‍ പാര്‍ട്ടിയുടെ ശക്തി കേന്ദ്രമായാണ് ടെക്‌സസ് അറിയപ്പെടുന്നത്. ഇവിടെ നിന്നും യുഎസ് സെനറ്റിലേക്ക് മത്സരിക്കുന്ന റിപ്പബ്ലിക്കന്‍ സ്ഥാനാര്‍ഥി ടെഡ് ക്രൂസിനും വിജയം ഉറപ്പാണ്. മുഖ്യ എതിരാളിയായ ഡമോക്രാറ്റിക് സ്ഥാനാര്‍ഥി ബെറ്റൊ ഒ റൗര്‍ക്കി മോശമല്ലാത്ത വെല്ലുവിളി ഉയര്‍ത്തുന്നുണ്ടെങ്കിലും റിപ്പബ്ലിക്കന്‍ തരംഗത്തില്‍ മുങ്ങിപോകാനാണ് സാധ്യത.
1957 നവംബര്‍ 13നു ജനിച്ച ഗ്രോഗ് ഏബട്ട് ലോയര്‍, പൊളിറ്റീഷ്യന്‍ എന്നീ നിലകളില്‍ പ്രശസ്തനാണ്. 2002 മുതല്‍ 2015 വരെ ടെക്‌സസിന്റെ 50–ാമത് അറ്റോര്‍ണി ജനറലായിരുന്നു. 2015 ല്‍ ടെക്‌സസ് സംസ്ഥാനത്തിന്റെ 48–ാമത് ഗവര്‍ണറായി തിരഞ്ഞെടുക്കപ്പെട്ടു.
1981ല്‍ യൂണിവേഴ്‌സിറ്റി ഓഫ് ടെക്‌സസില്‍ (ഓസ്റ്റിന്‍) നിന്നും ബിസിനസ് അഡ്മിനിസ്‌ട്രേഷനില്‍ ബിരുദവും ടെന്നിസി നാഷ് വില്ല വാണ്ടര്‍ബീറ്റ് യൂണിവേഴ്‌സിറ്റിയില്‍ നിന്നും ഡോക്ടറേറ്റും നേടി. 1984 ല്‍ നട്ടെല്ലിനേറ്റ ക്ഷതമാണ് ജീവിതകാലം മുഴുവന്‍ വീല്‍ ചെയറിനെ ആശ്രയിക്കേണ്ട അവസ്ഥയില്‍ ഏബട്ടിനെ എത്തിച്ചത്.
ശരീരത്തിന് തളര്‍ച്ച സംഭവിച്ചുവെങ്കിലും തളരാത്ത മനസ്സുമായി ജുഡീഷ്യല്‍ പ്രാക്ടീസ് ആരംഭിച്ച ഗ്രോഗിനെ ടെക്‌സസ് സുപ്രീം കോര്‍ട്ട് ജഡ്ജിയായി ജോര്‍ജ് ഡബ്ല്യു ബുഷ് നിയമിച്ചു. 2001 ല്‍ സുപ്രീം കോടതിയില്‍ നിന്നും രാജിവച്ച് ലഫ്റ്റനന്റ് ഗവര്‍ണറായി മത്സരിച്ചു വിജയിച്ചു. 2014 മാര്‍ച്ചില്‍ റിപ്പബ്ലിക്കന്‍ പ്രൈമറിയില്‍ ഫോര്‍ട്ട് വര്‍ത്ത് സ്റ്റേറ്റ് സെനറ്ററും ഡമോക്രാറ്റിക് സ്ഥാനാര്‍ഥിയുമായ സെനറ്റര്‍ വെന്‍ഡി ഡേവിഡ് നേടിയ വോട്ടിനേക്കാള്‍ ഇരട്ടി നേടിയാണ് റിപ്പബ്ലിക്കന്‍ സ്ഥാനാര്‍ഥിത്വം നേടിയത്.
ഗ്രോഗ് ഏബട്ട് നിരവധി ഭരണ പരിഷ്ക്കാരങ്ങളാണ് ടെക്‌സസില്‍ നടപ്പാക്കിയത്. ചെയറിലിരുന്നു ഭരണ ചക്രം തിരിച്ച ഗ്രോഗിന് ഒരഅവസരം കൂടി ലഭിക്കുന്നതോടെ ചരിത്രത്തില്‍ പുതിയൊരധ്യായം കൂടി എഴുതി ചേര്‍ക്കപ്പെടും.