ജമ്മുകശ്മീരിൽ ഭീകരാക്രമണം സെയിൽസ്മാനെ ഭീകരർ വെടിവെച്ച് കൊന്നു
ജമ്മുകശ്മീരിൽ സാധാരണക്കാർക്കും കുടിയേറ്റ തൊഴിലാളികൾക്കും നേരേയുള്ള ആക്രമണം വർധിക്കുകയാണ്. പത്തിലേറെ കുടിയേറ്റ തൊഴിലാളികളാണ് കഴിഞ്ഞ മാസങ്ങളിലായി ജമ്മു കശ്മീരിൽ കൊല്ലപ്പെട്ടത്.
ശ്രിനഗർ: ജമ്മുകശ്മീരിൽ വീണ്ടും ഭീകരാക്രമണം നാട്ടുകാരനായ ഒരാളെ ഭീകരർ വെടിവച്ചു കൊലപ്പെടുത്തി. ബന്ദിപ്പൊര സ്വദേശിയായ മുഹമ്മദ് ഇബ്രാഹിം ഖാൻ ആണ് കൊല്ലപ്പെട്ടത്. ശ്രിനഗറിലെ ബോഹ്‌റി കടാൽ മേഖലയിലായിൽ വച്ചായിരുന്നു ആക്രമണം. സംഭവത്തിൽ ജമ്മുകശ്മീർ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. ആക്രമണം ഉണ്ടായ സ്ഥലത്ത് കനത്ത സുരക്ഷയും ഏർപ്പെടുത്തിയിട്ടുണ്ട്.
മഹാരാജ് ഗഞ്ചിലെ ഒരു കടയിലെ ജോലിക്കാരനായിരുന്നു കൊല്ലപ്പെട്ട മുഹമ്മദ് ഇബ്രാഹിം. ജമ്മുകശ്മീരിൽ സാധാരണക്കാർക്കും കുടിയേറ്റ തൊഴിലാളികൾക്കും നേരേയുള്ള ആക്രമണം വർധിക്കുകയാണ്. പത്തിലേറെ കുടിയേറ്റ തൊഴിലാളികളാണ് കഴിഞ്ഞ മാസങ്ങളിലായി ജമ്മു കശ്മീരിൽ കൊല്ലപ്പെട്ടത്. ഇന്നലെ ശ്രീനഗറിൽ ഒരു പൊലീസ് ഉദ്യോഗസ്ഥനെയും ഭീകരർ വെടിവച്ച് കൊലപ്പെടുത്തി.
അടുത്തിടെ കശ്മീരിൽ ന്യൂനപക്ഷങ്ങൾക്ക് നേരെയുള്ള ആക്രമണങ്ങൾ വർദ്ധിച്ചിരിക്കുകയാണ്. കഴിഞ്ഞ ഒരു മാസത്തിനിടെ കശ്മീരി പണ്ഡിറ്റുകൾ ഉൾപ്പെടെ നിരവധി സാധാരണക്കാരെയാണ് ഭീകരർ വെടിവെച്ച് കൊന്നത്. ഇതിനെതിരെ ഇന്ത്യൻ സൈന്യം പ്രത്യാക്രമണം നടത്തിയിരുന്നു.
അതിനിടെ ജമ്മു കശ്മീരിൽ വിവിധ ഇടങ്ങളിലായി നടത്തിയ റെയ്ഡിൽ മൂന്ന് ഭീകരർ പിടികൂടി. ദി റസിസ്റ്റൻസ് ഫോഴ്‌സിന് വേണ്ടി പ്രവർത്തിക്കുന്നവരെയാണ് പിടികൂടിയത്. ഇവരിൽ നിന്നും വൻ ആയുധ ശേഖരം പിടിച്ചെടുത്തതായും സുരക്ഷാ സേന അറിയിച്ചു.
ഐഷ്മുഖാം പ്രദേശത്തെ വഹാദാനിൽ നിന്നാണ് ഹാഫിസ് അബ്ദുൾ മാലിക് എന്ന ഭീകരനെ പിടികൂടിയത്. ഗഞ്ചിപോറ സ്വദേശിയാണ് ഇയാൾ. ഭീകരനിൽ നിന്ന് പിസ്റ്റളും വെടിയുണ്ടകളും കണ്ടെടുത്തു. ഇയാളിൽ നിന്ന് ലഭിച്ച വിവരത്തിന്റെ അടിസ്ഥാനത്തിൽ നടത്തിയ അന്വേഷണത്തിൽ കറ്റ്‌സു വനത്തിൽ നിന്നും എകെ 47 നും മാഗസിനും പിടിച്ചെടുത്തു.
പുൽവാമ ജില്ലയിൽ നിന്നാണ് അടുത്ത ഭീകരൻ പിടിയിലായത്. ബാതേൻ സ്വദേശിയായ സർവീർ അഹമ്മദ് മിർ എന്നയാളെയാണ് സുരക്ഷാ ഉദ്യോഗസ്ഥർ പിടികൂടിയത്. രണ്ട് ഗ്രനേഡുകളും പിടിച്ചെടുത്തു. തെരച്ചിലിൽ മറ്റൊരു ഭീകരനും പിടിയിലായിട്ടുണ്ട്. എന്നാൽ അയാളുടെ കൂടുതൽ വിവരങ്ങൾ ഉദ്യോഗസ്ഥർ പുറത്തുവിട്ടിട്ടില്ല.