യുവതികൾ കയറി ശബരിമലയിൽ ആചാരലംഘനമുണ്ടായാൽ നട അടയ്‌ക്കുമെന്ന തന്റെ തീരുമാനത്തിൽ ഉറച്ചു തന്ത്രി കണ്‌ഠരര് രാജീവരര്.

സുപ്രീം കോടതിയിൽ നൽകിയിരിക്കുന്ന റിവ്യൂ ഹർജിയിൽ തനിക്ക് പ്രതീക്ഷയുണ്ടെന്നും തന്ത്രി വ്യക്തമാക്കി.

0

യുവതികൾ കയറി ശബരിമലയിൽ ആചാരലംഘനമുണ്ടായാൽ നട അടയ്‌ക്കുമെന്ന തന്റെ തീരുമാനത്തിൽ ഉറച്ചു തന്നെയെന്ന് തന്ത്രി കണ്‌ഠരര് രാജീവരര്. ‘ആ നിലപാടുകളിൽ മാറ്റമില്ല. ക്ഷേത്രാചാരം സംരക്ഷിക്കാൻ ഞാൻ ബാധ്യസ്ഥനാണ്. ആ ചുമതല നിറവേറ്റുക തന്നെ ചെയ്യും. എന്റെ വാക്കുകൾക്ക് സ്ഥാനമില്ലെങ്കിൽ നടയടച്ച് താക്കോൽ കൈമാറി പടിയിറങ്ങുക തന്നെ ചെയ്യും’ -അദ്ദേഹം പറഞ്ഞു. ഒരു മാദ്ധ്യത്തിന് നൽകിയ അഭിമുഖത്തിലാണ് തന്ത്രി ഒരിക്കൽ കൂടി നയം വ്യക്തമാക്കിയത്.

‘താന്ത്രികാവകാശം മൂർത്തിയുടെ പിതാവ് എന്നനിലയിൽ പ്രതിഷ്ഠയ്ക്കുശേഷം കിട്ടുന്നതാണ്. ദേവനെ ഒരു കുഞ്ഞായാണ് കാണുന്നത്. ദേവന്റെ കാര്യങ്ങൾ നടത്തുന്ന പിതൃസ്ഥാനം തന്ത്രിക്കും ലഭിക്കുന്നു. ഇതൊന്നും അറിയാതെയാണ് പല ചർച്ചകളും നടക്കുന്നത്. ഒരോ ക്ഷേത്രത്തിനും ഒരോ രീതിയുണ്ട്. ആചാരങ്ങളും വ്യത്യസ്‌തമാണ്. ശുദ്ധിയിൽ അധിഷ്ഠിതമായ താന്ത്രികവിധി പ്രകാരമാണ് കേരളത്തിലെ ക്ഷേത്രച്ചടങ്ങുകളും ആചാരങ്ങളും. ഇവിടെ പൂജാരിമാർക്ക് മാത്രമാണ് ശ്രീകോവിലിൽക്കയറി പൂജനടത്താനുള്ള അധികാരം. ഭക്തർക്ക് എത്താവുന്ന ഇടം നിശ്ചയിച്ചിട്ടുണ്ട്. ആർക്കൊക്കെ വരാം, ഏതുരീതിയിൽ ആരാധന നടത്താം എന്നൊക്കെ ചിട്ടയുണ്ട്.

പുല, വാലായ്മ, ആർത്തവം എന്നീ കാലങ്ങളിൽ ക്ഷേത്രദർശനം പറ്റില്ല. ഒരോ മൂർത്തിക്കും പ്രത്യേകതയുണ്ട്. അതിനനുസരിച്ച് അവിടത്തെ പൂജ, ദർശനക്രമം എന്നിവ ചിട്ടപ്പെടുത്തുന്നു. വ്യക്തികൾക്ക് അശുദ്ധിവന്നാൽ ശിവക്ഷേത്രത്തിൽ പത്തുദിവസത്തിനുശേഷമേ ദർശനം പറ്റൂ. മറ്റുള്ള മൂർത്തികൾക്ക് ഇത് വ്യത്യാസമുണ്ട്. ഇതൊക്കെ ഇവിടെ വിശ്വാസികൾ ആചരിക്കുന്നു. അടിച്ചേൽപ്പിച്ചതല്ല ഇതൊന്നും. ഒരു നിയമവും നിർദേശിക്കാതെതന്നെ ഇതൊക്കെ തലമുറകളായി വിശ്വാസികൾ ആചരിക്കുന്നുണ്ട്. ശബരിമലയുടെ പ്രതിഷ്‌ഠയുടെ പ്രത്യേകത അറിഞ്ഞുവേണം അവിടത്തെ ദർശനക്രമവും മറ്റും എങ്ങനെയെന്ന് തീരുമാനിക്കാൻ.

ശബരിമല ശ്രീ അയ്യപ്പൻ സന്ന്യാസിയാണ്. നിത്യപൂജയില്ലാത്ത ക്ഷേത്രമാണത്. ഭസ്‌മം അഭിഷേകംചെയ്‌ത്, രുദ്രാക്ഷം ധരിപ്പിച്ച്, ജപമാലയണിഞ്ഞ്, യോഗദണ്ഡ് വഹിച്ച് യോഗീഭാവത്തിലാണ് നടയടയ്‌ക്കുന്നത്. 25 ദിവസം കഴിഞ്ഞ് യോഗാവസ്ഥയിൽനിന്ന് ഉണർത്തി പൂജകൾ നടത്തുന്നു. സന്ന്യാസിയായതുകൊണ്ടാണ് നിശ്ചിതപ്രായത്തിലുള്ള സ്ത്രീകൾക്ക് ദർശനവിലക്ക് വന്നത്. അത് വിശ്വാസികളായ സ്ത്രീകൾക്കറിയാം. അവർ ദർശനത്തിന് വരാത്തത് അതുകൊണ്ടാണ്’ -തന്ത്രി പറഞ്ഞു.

പതിനെട്ടാം പടിയുമായി ബന്ധപ്പെട്ടുണ്ടായ വിവാദങ്ങൾക്കും കണ്‌ഠരര് രാജീവരര് മറുപടി നൽകി. ‘ഇരുമുടികെട്ടുമായിമാത്രമേ പതിനെട്ടാംപടി ചവിട്ടാവൂ. തന്ത്രി, പന്തളം രാജകുടുംബം എന്നിവർക്ക് കെട്ടില്ലാതെ പടിചവിട്ടാം. തിരുവാഭരണപേടകവുമായി വരുമ്പോൾ തന്ത്രി നിശ്ചയിച്ച് നൽകുന്നവരെ പടിചവിട്ടാൻ അനുവദിക്കാറുണ്ട്. ആഴി തെളിക്കാൻ ശാന്തിക്കാരന് പടിചവിട്ടാം. അവകാശമുണ്ടെങ്കിൽ പോലും ഞാൻ ചടങ്ങുകൾക്കല്ലാതെ പടിചവിട്ടാറില്ല. വരുന്നതും പോകുന്നതും വടക്കേനടവഴി മാത്രമാണ്. തന്ത്രിസ്ഥാനത്തുള്ളവരെല്ലാം അതേരീതിയാണ് തുടരുന്നത്. പവിത്രമാണ് ആ പടികൾ’.

സുപ്രീം കോടതിയിൽ നൽകിയിരിക്കുന്ന റിവ്യൂ ഹർജിയിൽ തനിക്ക് പ്രതീക്ഷയുണ്ടെന്നും തന്ത്രി വ്യക്തമാക്കി.

You might also like

-