ഓൺലൈൻ ചൂതാട്ട നിരോധന ബിൽ തമിഴ്നാട് നിയമസഭ പാസാക്കി

ഓൺലൈൻ റമ്മിയടക്കം ചൂതാട്ടങ്ങൾക്ക് അടിമകളായി ചെറുപ്പക്കാരും വിദ്യാർത്ഥികളുമടക്കം ഇരുപതിലേറെപ്പേർ തമിഴ്നാട്ടിൽ ജീവനൊടുക്കിയിരുന്നു. ഈ സാഹചര്യത്തിലാണ് എംകെ സ്റ്റാലിൻ നയിക്കുന്ന ഡിഎംകെ സർക്കാർ ഓൺലൈൻ ചൂതാട്ട ഓഡിനൻസിനെപ്പറ്റി ആലോചിച്ചത്

0

ചെന്നൈ| ഓൺലൈൻ ചൂതാട്ട നിരോധന ബിൽ തമിഴ്നാട് നിയമസഭ പാസാക്കി. ബിൽ നിയമമാകുന്നതോടെ ചൂതാട്ട സ്വഭാവമുള്ള എല്ലാ ഓൺലൈൻ ഗെയിമുകളും തമിഴ്നാട്ടിൽ നിയമവിരുദ്ധമാകും. ഇക്കഴിഞ്ഞ സെപ്റ്റംബർ 26ന് മന്ത്രിസഭ പാസാക്കി ഒക്ടോബർ 1ന് ഗവർണർ ഒപ്പുവച്ച ഓൺലൈൻ ചൂതാട്ട നിരോധന ഓർഡിനൻസിന് പകരമാണ് പുതിയ നിയമം. ഓൺലൈൻ റമ്മിയടക്കം ചൂതാട്ടങ്ങളുടെ ഏതുതരത്തിലുള്ള പരസ്യവും പ്രചാരണവും നിയമവിരുദ്ധമാകും. ചൂതാട്ടം നടത്തുന്നവർക്കും കളിക്കുന്നവർക്കും മൂന്ന് വർഷം വരെ തടവുശിക്ഷ നിയമം ശുപാർശ ചെയ്യുന്നു. ബാങ്കുകളും ധനകാര്യ സ്ഥാപനങ്ങളും ഇത്തരം ഗെയിമിംഗ് സൈറ്റുകളിലേക്കും ആപ്പുകളിലേക്കും പണം കൈമാറരുതെന്നും നിയമം വ്യക്തമാക്കുന്നുണ്ട്.

ഓൺലൈൻ റമ്മിയടക്കം ചൂതാട്ടങ്ങൾക്ക് അടിമകളായി ചെറുപ്പക്കാരും വിദ്യാർത്ഥികളുമടക്കം ഇരുപതിലേറെപ്പേർ തമിഴ്നാട്ടിൽ ജീവനൊടുക്കിയിരുന്നു. ഈ സാഹചര്യത്തിലാണ് എംകെ സ്റ്റാലിൻ നയിക്കുന്ന ഡിഎംകെ സർക്കാർ ഓൺലൈൻ ചൂതാട്ട ഓഡിനൻസിനെപ്പറ്റി ആലോചിച്ചത്. തുടർന്ന് നിരോധനം ശക്തമായി നടപ്പിലാക്കുന്നതിനായി നിയമ നിർമ്മാണത്തെപ്പറ്റിയും ആലോചിക്കുകയായിരുന്നു.

സർക്കാർ തീരുമാനത്തിനെതിരെ ഓൺലൈൻ ഗെയിംമിംഗ് നിക്ഷേപകരുടെ സംഘടനയായ ഇ-ഗെയിമിംഗ് ഫെഡറേഷൻ നിയമത്തെ കോടതിയിൽ ചോദ്യം ചെയ്യുമെന്ന് അറിയിച്ചു. കഴിവും പ്രാഗത്ഭ്യവും മാനദണ്ഡമായ ഓൺലൈൻ കളികൾ ചൂതാട്ടമായി കണക്കാക്കാനാകില്ലെന്നും ഇത് മദ്രാസ് ഹൈക്കോടതി അംഗീകരിച്ചതാണെന്നുമാണ് ഇവരുടെ വാദം

You might also like

-