സ്വർണക്കടത്ത്മുഖ്യ സൂത്രധാരക സ്വപ്ന സുരേഷിനെ ഐ ടി വകുപ്പിൽ നിന്ന് പിരിച്ചുവിട്ടു

സ്‌പെയ്‌സ് പാർക്കിന്റെ ചുമതലയായിരുന്നു സ്വപ്‌ന സുരേഷിന് നൽകിയിരുന്നത്.നേരത്തെ തന്നെ സ്വപ്‌നയുടെ ജോലി കരാർ അവസാനിച്ചിരുന്നു. ആറ് മാസത്തെ കരാർ കാലാവധി അവസാനിച്ചിരുന്നിട്ടും ഐ ടി വകുപ്പിൽ തന്നെ സേവനം അനുഷ്ഠിച്ചുകൊണ്ടിരിക്കുകയായിരുന്നു സ്വപ്‌ന

0

തിരുവനന്തപുരം വിമാനത്താവളത്തിലെ സ്വർണക്കടത്ത് കേസിലെ മുഖ്യ സൂത്രധാരയെന്ന് കരുതുന്ന സ്വപ്ന സുരേഷിനെ ഐ ടി വകുപ്പിൽ നിന്ന് പിരിച്ചുവിട്ടു. കരാർ നിയമനമായിരുന്നു സ്വപ്‌നയുടെത്. സ്‌പെയ്‌സ് പാർക്കിന്റെ ചുമതലയായിരുന്നു സ്വപ്‌ന സുരേഷിന് നൽകിയിരുന്നത്.നേരത്തെ തന്നെ സ്വപ്‌നയുടെ ജോലി കരാർ അവസാനിച്ചിരുന്നു. ആറ് മാസത്തെ കരാർ കാലാവധി അവസാനിച്ചിരുന്നിട്ടും ഐ ടി വകുപ്പിൽ തന്നെ സേവനം അനുഷ്ഠിച്ചുകൊണ്ടിരിക്കുകയായിരുന്നു സ്വപ്‌ന. ജനുവരിയിൽ സ്‌പെയ്‌സ് പാർക്കുമായി ബന്ധപ്പെട്ട് ഐടി വകുപ്പ് നടത്തിയ ഇവന്റിന്റെ പ്രധാന സംഘാടകയായിരുന്നു ഇവർ. സ്വപ്‌നയ്ക്ക് യുഎഇ കോൺസുലേറ്റിലും വിദേശ കമ്പനികളിലും ജോലി ചെയ്ത പ്രവർത്തി പരിചയമുണ്ട്. ഇവരിപ്പോൾ ഒളിവിലാണെന്നാണ് വിവരം.

കസ്റ്റംസ് കസ്റ്റഡിയിലുള്ള കേസിലെ മുഖ്യപ്രതികളിൽ ഒരാളായ സരിത്, കോൺസുലേറ്റ് പിആർഒ എന്ന വ്യാജ തിരിച്ചറിയൽ കാർഡുണ്ടാക്കിയതായി അധികൃതർ അറിയിച്ചു. ഇതുപയോഗിച്ചാണ് സരിത് സ്വർണക്കടത്ത് നടത്തി വന്നത്. സരിതിനെ കസ്റ്റംസ് വിശദമായി ചോദ്യം ചെയ്തു വരികയാണ്. സംഭവത്തിൽ അഞ്ച് പേർക്ക് കൂടി പങ്കുള്ളതായി തിരിച്ചറിഞ്ഞിട്ടുണ്ട്.സംഘം മുൻപും കള്ളക്കടത്ത് നടത്തിയെന്ന് സൂചനയുണ്ട്. കസ്റ്റംസ് ഉദ്യോഗസ്ഥരെ ഭീഷണിപ്പെടുത്തിയാണ് സ്വർണം പുറത്തെത്തിച്ചിരുന്നത്. കോൺസുലേറ്റിലേക്കുള്ള ബാഗേജ് പരിശോധിക്കാൻ അവകാശമില്ലെന്നായിരുന്നു ന്യായം. ഇതനുസരിച്ച് കസ്റ്റംസ് പരിശോധന നടത്തിയിരുന്നില്ല.

കേരളത്തിൽ വിമാനത്താവളം കേന്ദ്രീകരിച്ച് നടത്തിയ ഏറ്റവും വലിയ സ്വർണവേട്ടയാണ് തിരുവനന്തപുരത്ത് കഴിഞ്ഞ ദിവസം നടന്നത്. 30 കിലോ സ്വർണമാണ് കസ്റ്റംസ് അധികൃതർ കണ്ടെത്തിയത്. ഒരു രാജ്യം മറ്റൊരു രാജ്യത്തുള്ള തങ്ങളുടെ എംബസിയിലേക്കോ കോൺസുലേറ്റിലേക്കോ അയയ്ക്കുന്ന ലഗേജിന് ലഭിക്കുന്ന നയതന്ത്ര പരിരക്ഷയാണ് പ്രതികൾ സ്വർണ്ണക്കടത്തിനായി ഉപയോഗിച്ചത്. ഇവ സുരക്ഷാ ഉദ്യോഗസ്ഥർക്ക് പിടിച്ചെടുക്കാനോ പരിശോധിക്കാനോ കഴിയില്ല. ആവശ്യമെങ്കിൽ കേന്ദ്ര വിദേശകാര്യ മന്ത്രാലയത്തിന്റെ പ്രത്യേക അനുമതിയോടെ വേണം പരിശോധന നടത്താൻ

You might also like

-