സ്വർണക്കടത്ത് വഴിതിരിച്ചുവിടാൻ ശ്രമം നടത്തി കേസിൽ നിന്ന് രക്ഷപെടാൻ അനിൽ നമ്പ്യാർ ഉപദേശിച്ചെന്ന് സ്വപ്ന

അനില്‍ നമ്പ്യാരെ കോണ്‍സുല്‍ ജനറലിന് അറിയാമായിരുന്നുവെന്നും പറഞ്ഞപ്രകാരം ഒരു കത്ത് തയാറാക്കി നല്‍കാന്‍ അനിലിനോട് കോണ്‍സുല്‍ ജനറല്‍ നിര്‍ദേശിച്ചുവെന്നും സ്വപ്നയുടെ മൊഴിയുണ്ട്.

0

കൊച്ചി: തിരുവനന്തപുരം വിമാനത്താവളത്തിൽ വച്ച് പിടിച്ചെടുത്ത സ്വർണം അടങ്ങിയ ബാഗേജ് നയതന്ത്രപാഴ്സലല്ല, വ്യക്തിപരമായ ആവശ്യത്തിന് കൊണ്ടുവന്നതാണെന്ന് കോൺസുൽ ജനറൽ കത്ത് നൽകിയാൽ രക്ഷപ്പെടാമെന്ന് ജനം ടി വി കോഡിനേറ്റിംഗ് എഡിറ്റർ അനിൽ നമ്പ്യാർ ഉപദേശിച്ചെന്ന് പ്രതി സ്വപ്ന സുരേഷിന്‍റെ മൊഴി. ജൂലൈ 5-ന് തിരുവനന്തപുരം വിമാനത്താവളത്തിൽ വച്ച് സ്വർണം കണ്ടെടുത്ത ദിവസം അനിൽ നമ്പ്യാരും സ്വപ്ന സുരേഷും രണ്ട് തവണ ഫോണിൽ സംസാരിച്ചിട്ടുണ്ട്.സ്വര്‍ണം വന്നത് നയതന്ത്രബാഗേജ് വഴിയല്ല, സ്വകാര്യ ബാഗേജ് വഴിയാണെന്ന് കോണ്‍സുല്‍ ജനറലിനെക്കൊണ്ട് വാര്‍ത്താക്കുറിപ്പിറക്കാന്‍ സ്വപ്നയെ അനില്‍ നമ്പ്യാര്‍ ഉപദേശിച്ചു. കോണ്‍സുല്‍ ജനറലിന്‍റെ നിര്‍ദേശപ്രകാരം ഈ വാര്‍ത്താക്കുറിപ്പ് തയാറാക്കി നല്‍കാമെന്ന് അനില്‍ നമ്പ്യാര്‍ ഉറപ്പും നല്‍കിയിരുന്നതായാണ് സ്വപനയുടെ മൊഴി .

അനില്‍ നമ്പ്യാരെ കോണ്‍സുല്‍ ജനറലിന് അറിയാമായിരുന്നുവെന്നും പറഞ്ഞപ്രകാരം ഒരു കത്ത് തയാറാക്കി നല്‍കാന്‍ അനിലിനോട് കോണ്‍സുല്‍ ജനറല്‍ നിര്‍ദേശിച്ചുവെന്നും സ്വപ്നയുടെ മൊഴിയുണ്ട്. ഇത്തരത്തില്‍ കത്ത് തയാറാക്കി നല്‍കാമെന്ന് അനില്‍ സമ്മതിച്ചു. എന്നാല്‍ കത്ത് തയാറാക്കി നല്‍കിയോ എന്ന് വ്യക്തമല്ല. ഒളിവില്‍ പോകാനുള്ള തയാറെടുപ്പിലായതിനാല്‍ ഇക്കാര്യം ശ്രദ്ധിക്കാനായില്ലെന്നാണ് സ്വപ്നയുടെ മൊഴി. അനില്‍ നമ്പ്യാരിന്‍റെ അഭ്യര്‍ഥന പ്രകാരം അനിലിന്‍റെ സുഹൃത്തിന്‍റെ സ്ഥാപനം ഉദ്ഘാടനം ചെയ്യാന്‍ കോണ്‍സുല്‍ ജനറല്‍ പോയിരുന്നു. കേരളത്തിലെ യുഎഇ നിക്ഷേപങ്ങളുടെ വിവരം അനില്‍ നമ്പ്യാര്‍ ആവശ്യപ്പെട്ടെന്നും ബിജെപിയ്ക്ക് യുഎഇ കോണ്‍സുലേറ്റിന്റെ സഹായം നല്‍കണമെന്നും ആവശ്യപ്പെട്ടെന്നും സ്വപ്നയുടെ മൊഴിയുണ്ട്

നയതന്ത്ര ബാഗിന്‍റെ മറവിൽ ആരുടെ പേരിലാണ് ദുബായിൽ നിന്ന് സ്വർണമയച്ചത് എന്നതിൽ എൻഫോഴ്സ്മെന്‍റും  കേന്ദ്ര ഏജൻസികൾക്ക് വ്യക്തമായ സൂചന കിട്ടിയിട്ടുണ്ട്. ആദ്യ നാല് തവണ സ്വർണമടങ്ങിയ ബാഗ് അയച്ചത് പശ്ചിമബംഗാൾ സ്വദേശിയായ മുഹമ്മദിന്‍റെ പേരിലാണ്. അഞ്ചു മുതൽ 18 വരെ തവണ സ്വർണം അയച്ചിരിക്കുന്നത് യുഎഇ പൗരനായ ദാവൂദിന്‍റെ പേരിൽ. പത്തൊൻപതാമത്തെ ബാഗ് യുഎഇ പൗരനായ ഹാഷിമിന്‍റെ പേരിൽ. നയതന്ത്ര ബാഗുകളുടെ മറവിൽ അവസാനത്തെ രണ്ടുതവണയാണ് ഫൈസൽ ഫരീദ് സ്വർണമയച്ചത്. ഇതിൽ അവസാനത്തേതാണ് തിരുവനന്തപുരം വിമാനത്താവളത്തിൽ കസ്റ്റംസ് പിടികൂടിയത്. എന്നാൽ മൂവാറ്റുപുഴ സ്വദേശി റബിൻസ് അടക്കമുളളവരാണ് കളളക്കടത്തിന് പിന്നിലെന്നും മറ്റുളളവരെ മറയാക്കിയെന്നുമാണ് എജൻസികളുടെ നിഗമനം.

അതേസമയം, മുഖ്യമന്ത്രിയുടെ മുൻ ഐടി ഫെലോ അരുൺ ബാലചന്ദ്രനോട് ചോദ്യം ചെയ്യലിനായി എത്താൻ  എൻഐഎ നോട്ടീസ് നൽകിയിരുന്നു . എന്നാൽ വ്യക്തിപരമായ ചില കാര്യങ്ങളുള്ളതിനാൽ ഇന്ന് എത്താനാകില്ലെന്ന് അരുൺ ബാലചന്ദ്രൻ മറുപടി നൽകിയെന്നാണ് വിവരം.

 

You might also like

-