ചീഫ് ജസ്റ്റിസിനെതിരായ ലൈംഗികാരോപണം; ജഡ്ജിമാര്‍ക്കിടയില്‍ ഭിന്നതയെന്ന വാര്‍ത്ത നിഷേധിച്ച് സുപ്രീം കോടതി
രണ്ട് ജഡ്ജിമാരും സുപ്രീംകോടതി നിയോഗിച്ച ആഭ്യന്തര സമിതിയിലെ ജഡ്ജിമാരെ നേരിൽ കണ്ടാണ് എതിർപ്പ് അറിയിച്ചതെന്നായിരുന്നു വാര്‍ത്ത. എന്നാൽ ഇതിനെ എതിര്‍ത്ത് ജസ്റ്റിസ് റോഹിന്‍റൻ നരിമാൻ നേരത്തെ രംഗത്തെത്തിയിരുന്നു. ജഡ്ജിമാര്‍ക്ക് എതിര്‍പ്പ് ഉണ്ടെന്ന വാര്‍ത്ത വലിയ മാധ്യമ ശ്രദ്ധ നേടിയിട്ടും ജസ്റ്റിസ് ഡി വൈ ചന്ദ്രചൂഡ് ഇക്കാര്യം നിഷേധിച്ചിട്ടില്ലെന്നതും ശ്രദ്ധേയമാണ്
സുപ്രീം കോടതി ചീഫ് ജസ്റ്റിസ് രഞ്ജൻ ഗൊഗോയ്ക്കെതിരെ ലൈംഗികാരോപണം ഉന്നയിച്ച പരാതിക്കാരിയുടെ അസാന്നിധ്യത്തിൽ അന്വേഷണം പാടില്ലെന്ന് ജസ്റ്റിസുമാരായ ഡി വൈ ചന്ദ്രചൂഡും റോഹിന്‍റൻ നരിമാനും ആഭ്യന്തര സമിതിക്ക് മുന്നിൽ നിലപാടെടുത്തെന്ന വാര്‍ത്ത നിഷേധിച്ച് സുപ്രീം കോടതി വാര്‍ത്താ കുറിപ്പ് ഇറക്കി. ജസ്റ്റിസുമാരായ ഡി വൈ ചന്ദ്രചൂഡും റോഹിന്‍റൻ നരിമാനും സുപ്രീം കോടതി നിയോഗിച്ച ആഭ്യന്തര സമിതിയെ നേരിട്ട് കാണുകയോ പരാതി അറിയിക്കുകയോ ചെയ്തിട്ടില്ലെന്നാണ് സുപ്രീം കോടതി പുറത്തിറക്കിയ വാര്‍ത്ത കുറിപ്പിൽ പറയുന്നത്.വാര്‍ത്ത നിരാശാജനകവും യാഥാര്‍ഥ്യവിരുദ്ധവുമാണെന്നായിരുന്നു കോടതിയുടെ പ്രതികരണം. കോടതി സെക്രട്ടറി ജനറല്‍ ആണ് ഇക്കാര്യം നിഷേധിച്ച് വാര്‍ത്താക്കുറിപ്പിറക്കിയിരിക്കുന്നത്. അന്വേഷണ സമിതി കാര്യം തീരുമാനിക്കുന്നത് സ്വന്തം നിലയ്‌ക്കെന്നും ജഡ്ജിമാര്‍ സമിതിയെ കണ്ടിട്ടില്ലെന്നും സെക്രട്ടറി ജനറല്‍ വിശദീകരിച്ചു
സുപ്രീംകോടതിയിലെ അഞ്ചാമത്തെ മുതിര്‍ന്ന ജഡ്ജി റോഹിങ്ടണ്‍ നരിമാനും പത്താമത്തെ ജഡ്ജിയായ ഡി.വൈ. ചന്ദ്രചൂഡുമാണ് വിയോജിപ്പ് രേഖപ്പെടുത്തിയെന്നായിരുന്നു വാര്‍ത്ത. ആഭ്യന്തരഅന്വേഷണസമിതിയുമായി സഹകരിക്കേണ്ടതില്ലെന്ന തീരുമാനത്തിന് പരാതിക്കാരി പറയുന്ന കാരണങ്ങള്‍ ഗൗരവമുളളതാണ്. മൊഴിയെടുക്കല്‍ വീഡിയോയില്‍ ചിത്രീകരിക്കുന്നില്ല, സഹായിയായി അഭിഭാഷകനെ അനുവദിക്കുന്നില്ല എന്നിങ്ങനെയായിരുന്നു മുന്‍ജീവനക്കാരിയുടെ പരാതി.ജഡ്ജിമാരുടെ എതിര്‍പ്പ് വലിയ വാര്‍ത്തയാകുകയും അത് നിഷേധിച്ച് സുപ്രീം കോടതി വാര്‍ത്താ കുറിപ്പ് ഇറക്കുകയും ചെയ്തതോടെ കേസിന്‍റെ നടപടി ക്രമങ്ങൾ പിന്നെയും സങ്കീര്‍ണമാകുകയാണ്