മുല്ലപ്പെരിയാർ ഹർജികൾ സുപ്രീം കോടതി ഇന്ന് പരിഗണിക്കില്ല.
ബേബി ഡാമിനരികിലെ മരം മുറിക്കാൻ കേരളം ഉത്തരവ് പുറപ്പെടുവിച്ചതും തുടർന്ന് പിൻവലിച്ചതും സുപ്രീംകോടതിയിൽ ചർച്ചയാകുമെന്നാണ് സൂചന
ഡൽഹി: മുല്ലപ്പെരിയാർ ഹർജികൾ സുപ്രീം കോടതി ഇന്ന് പരിഗണിക്കില്ല. ഹർജികൾ ശനിയാഴ്ച പരിഗണിക്കുമെന്നാണ് സൂചന. ഇന്ന് ഉച്ചക്ക് ശേഷം പരിഗണിക്കാനായിരുന്നു നേരത്തെ തീരുമാനിച്ചിരുന്നത്. മുല്ലപ്പെരിയാർ ഡാമിലെ ജലനിരപ്പ് 139.05 അടി വരെയാകാമെന്ന് സുപ്രീംകോടതി ഇടക്കാല ഉത്തരവ് പുറപ്പെടുവിച്ചിരുന്നു.ബേബി ഡാമിനരികിലെ മരം മുറിക്കാൻ കേരളം ഉത്തരവ് പുറപ്പെടുവിച്ചതും തുടർന്ന് പിൻവലിച്ചതും സുപ്രീംകോടതിയിൽ ചർച്ചയാകുമെന്നാണ് സൂചന. അതേസമയം, മുല്ലപ്പെരിയാറിലെ ബേബി ഡാമിന് സമീപത്തെ 15 മരങ്ങൾ മുറിച്ച് മാറ്റുന്നതിന് തമിഴ്‌നാടിന് അനുമതി നൽകിയ ഉത്തരവ് കേരളം റദ്ദാക്കിയിട്ടുണ്ട്. ഇന്നലെ ചേർന്ന മന്ത്രിസഭാ യോഗത്തിലാണ് തീരുമാനം. നേരത്തെ ഉത്തരവ് സർക്കാർ മരവിപ്പിക്കുകമാത്രമാണ് ചെയ്തത്.
ബേബി ഡാം ബലപ്പെടുത്തുന്നതിന്റെ ഭാഗമായി വൃക്ഷങ്ങൾ മുറിച്ചുമാറ്റേണ്ടതുണ്ടെന്ന് തമിഴ്നാട് കഴിഞ്ഞ ദിവസം വ്യക്തമാക്കിയിരുന്നു. എന്നാൽ സംരക്ഷിത വനമായതിനാൽ മരങ്ങൾ മുറിക്കാൻ അനുമതി നൽകാൻ സാധിക്കില്ലെന്നായിരുന്നു വനം വകുപ്പിന്റെ നിലപാട്. ഈ നിലപാട് മാറ്റി മരം മുറിക്കാൻ അനുമതി നൽകിയെന്ന ഉത്തരവാണ് പിന്നീട് പുറത്തുവന്നത്. തമിഴ്‌നാടിന്റെ ഈ ആവശ്യം അംഗീകരിച്ചതിന് മുഖ്യമന്ത്രി പിണറായി വിജയന് തമിഴ്‌നാട് മുഖ്യമന്ത്രി എംകെ സ്റ്റാലിൻ നന്ദിയറിക്കുകയും ചെയ്തിരുന്നു.