നിയമസഭാ കയ്യാങ്കളി കേസിൽ സുപ്രീംകോടതി വിധി ഇന്ന്

നിയമസഭയ്ക്കുള്ളിൽ പൊതുമുതൽ നശിപ്പിച്ച കേസ് പിൻവലിക്കാൻ സര്‍ക്കാരിന് സാധിക്കില്ലെന്ന് കേസിൽ വാദം കേൾക്കവെ കോടതി വ്യക്തമാക്കിയിരുന്നു. കേസ് അവസാനിപ്പിക്കാൻ എന്ത് പൊതുതാല്‍പ്പര്യമെന്ന ചോദ്യവും കോടതി ഉയര്‍ത്തിയിരുന്നു

0

ഡൽഹി : നിയമസഭാ കയ്യാങ്കളി കേസിൽ സുപ്രീംകോടതി ഇന്ന് വിധി പറയും. ജസ്റ്റിസ് ഡി വൈ ചന്ദ്രചൂഡ് അദ്ധ്യക്ഷനായ ബെഞ്ചാണ് വിധി പറയുക. കയ്യാങ്കളി കേസ് അവസാനിപ്പിക്കാൻ അനുമതി തേടി സർക്കാർ നൽകിയ ഹർജിയിലാണ് വിധി.നിയമസഭയ്ക്കുള്ളിൽ പൊതുമുതൽ നശിപ്പിച്ച കേസ് പിൻവലിക്കാൻ സര്‍ക്കാരിന് സാധിക്കില്ലെന്ന് കേസിൽ വാദം കേൾക്കവെ കോടതി വ്യക്തമാക്കിയിരുന്നു. കേസ് അവസാനിപ്പിക്കാൻ എന്ത് പൊതുതാല്‍പ്പര്യമെന്ന ചോദ്യവും കോടതി ഉയര്‍ത്തിയിരുന്നു. എംഎൽഎമാരുടെ പരിരക്ഷ സംബന്ധിച്ചും നിയമനിര്‍മ്മാണ സഭകളിലെ അംഗങ്ങളുടെ പെരുമാറ്റം സംബന്ധിച്ച വിശദമായ പരാമര്‍ശങ്ങൾ കോടതി വിധിയിൽ ഉണ്ടാകാൻ സാധ്യതയുണ്ട്.

കേസ് അവസാനിപ്പിക്കണമെന്ന് ആവശ്യപ്പെട്ട് പ്രതികളായ മന്ത്രി വി ശിവൻകുട്ടി, മുൻ മന്ത്രിമാരായ ഇ പി ജയരാജൻ, കെ ടി ജലീൽ തുടങ്ങിയവരും കോടതിയെ സമീപിച്ചിരുന്നു. 2015ൽ അന്നത്തെ ധനമന്ത്രി കെ എം മാണി ബജറ്റ് അവതരിപ്പിക്കുന്നത് തടസ്സപ്പെടുത്താൻ നടന്ന പ്രതിഷേധം നിയമസഭയ്ക്കുള്ളിൽ കയ്യാങ്കളിയായി മാറുകയായിരുന്നു.സംസ്ഥാന സർക്കാറുൾപ്പെടെ ഹരജി നൽകിയിട്ടും എതിർ കക്ഷികൾക്ക് നോട്ടീസ് അയക്കുന്ന നടപടിയിലേക്ക് പോലും കോടതി കടന്നിരുന്നില്ല. രണ്ട് തവണയായി വിശദമായി ഹരജിക്കാരുടെ വാദം കേട്ട കോടതി രൂക്ഷ വിമർശമാണ് ഉന്നയിച്ചിരുന്നത്. എം.എൽ.എമാരുടേത് മാപ്പർഹിക്കാത്ത പെരുമാറ്റമാണ്. എം.എൽ.എ സഭക്കകത്ത് നിറയൊഴിച്ചാൽ നിയമ നടപടി സ്വീകരിക്കുന്ന കാര്യത്തിൽ നിയമസഭയാണോ തീരുമാനമെടുക്കേണ്ടത്? പൊതുമുതൽ നിശിപ്പിക്കുന്നതിൽ എന്ത് പൊതുതാത്പര്യമാണുള്ളത്? കോടതിയിലും ശക്തമായ വാദങ്ങൾ ഉണ്ടാകാറുണ്ട്. അതിന്‍റെ പേരിൽ കോടതി വസ്തുവകകൾ നശിപ്പിക്കുന്നത് ന്യായീകരിക്കാനാകുമോ? പ്രതികൾക്ക് വേണ്ടിയല്ല സ൪ക്കാ൪ അഭിഭാഷകൻ സംസാരിക്കേണ്ടത്. പ്രോസിക്യൂഷൻ നൽകിയ അപേക്ഷയിൽ വ്യക്തതയില്ല. കയ്യാങ്കളിയുടെ ഡിവിഡി കയ്യിലിരിക്കെയാണ് മൊഴിയിൽ വ്യക്തതയില്ലെന്ന് വാദം പ്രോസിക്യൂഷൻ ഉന്നയിക്കുന്നത് എന്നിങ്ങനെ നീണ്ടു ജസ്റ്റിസ് ഡി.വൈ. ചന്ദ്രചൂഡ് അധ്യക്ഷനായ ബഞ്ചിന്‍റെ വിമർശങ്ങൾ. എം.എൽ.എമാർക്ക് നിയമസഭക്കുള്ളിൽ പ്രതിഷേധിക്കാൻ ഭരണഘടനയുടെ സംരക്ഷണമുണ്ടെന്നും കേസെടുത്തത് സ്പീക്കറുടെ അനുമതി ഇല്ലാതെയാണെന്നതുമടക്കമുള്ള വാദങ്ങളാണ് സംസ്ഥാന സർക്കാർ മുന്നോട്ടുവെച്ചിരുന്നത്. പിൻവലിക്കൽ ആവശ്യത്തെ എതിർത്ത് കോൺഗ്രസ് നേതാവ് രമേശ് ചെന്നിത്തല നൽകിയ തടസ ഹരജിയും കോടതിയിലെത്തിയിരുന്നു.

You might also like

-