കോണ്‍ഗ്രസില്‍ പുനഃസംഘടനാ സുധാകരനും സതീശനും ഇന്ന് ഡൽഹിക്ക്
കെ.പി.സി.സി സമർപ്പിച്ച പട്ടികയിൽ ഹൈക്കമാന്‍ഡ് നിർദേശങ്ങൾ കൂടി പരിഗണിച്ച് ചില മാറ്റങ്ങൾ ഉണ്ടായേക്കുമെന്നാണ് സൂചന. ഇക്കാര്യത്തിൽ അന്തിമ ധാരണ സൃഷ്ടിക്കുകയാണ് സുധാകരന്‍റെ ലക്ഷ്യം
തിരുവനന്തപുരം: കോണ്‍ഗ്രസില്‍ പുനഃസംഘടനാ ചർച്ചകളില്‍ തർക്കം തുടരുന്നതിനിടെ കെപിസിസി അധ്യക്ഷന്‍ കെ സുധാകരന്നും പ്രതിപക്ഷനേതാവ് വി ഡി സതീശനും വീണ്ടും ഡൽഹിക്ക് പോയേക്കും. കെ.പി.സി.സി സമർപ്പിച്ച പട്ടികയിൽ ഹൈക്കമാന്‍ഡ് നിർദേശങ്ങൾ കൂടി പരിഗണിച്ച് ചില മാറ്റങ്ങൾ ഉണ്ടായേക്കുമെന്നാണ് സൂചന. ഇക്കാര്യത്തിൽ അന്തിമ ധാരണ സൃഷ്ടിക്കുകയാണ് സുധാകരന്‍റെ ലക്ഷ്യം.ജില്ലാ കോൺഗ്രസ് കമ്മിറ്റി അധ്യക്ഷ പട്ടികയിൽ തിരുവനന്തപുരത്ത് ഇന്ന് അവസാനവട്ട കൂടിയാലോചന നടത്തിയ ശേഷമാകും ഡൽഹിക്ക് പോകുക .
ഡിസിസി അധ്യക്ഷന്മാരുടെ പട്ടിക കെ.പി.സി.സി ഹൈക്കമാന്‍ഡിന് സമർപ്പിച്ചെങ്കിലും ഹൈക്കമാന്‍ഡ് അന്തിമ തീരുമാനം എടുത്തിട്ടില്ല. യുവാക്കൾക്ക് കൂടുതൽ പരിഗണന വേണമെന്ന നിർദേശം ഹൈക്കമാന്‍ഡിനുണ്ട്. സ്ത്രീ സാന്നിധ്യവും സാമുദായിക പരിഗണനയും കണക്കിലെടുത്താൽ പട്ടികയിൽ ചെറിയ മാറ്റങ്ങൾക്ക് സാധ്യതയുണ്ട്. ഉമ്മൻചാണ്ടിയുടെയും രമേശ് ചെന്നിത്തലയുടെയും അതൃപ്തി കൂടി ഹൈക്കമാന്‍ഡ് കണക്കിലെടുക്കാൻ കെ.പി.സി.സി പട്ടിക ഇതേപടി അംഗീകരിക്കാൻ ഇടയില്ല
ഡിസിസി പുന:സംഘടനയിൽ ഇന്ന് തിരുവനന്തപുരത്ത് പ്രതിപക്ഷനേതാവും കെപിസിസി അധ്യക്ഷനും തമ്മിലാണ് അന്തിമ കൂടിയാലോചന. ചില ജില്ലകളിലെ പാനലിൽ നിന്ന് ഒറ്റപ്പേരിലെത്തിക്കുകയാണ് ഈ ചർച്ചയുടെ ലക്ഷ്യം. തിരുവനന്തപുരത്തെ പാനലിൽ ശശി തരൂരിൻറെ നോമിനി ജിഎസ് ബാബു, കെഎസ് ശബരീനാഥൻ, ആർവി രാജേഷ്, പാലോട് രവി എന്നീപേരുകളാണുള്ളത്. കൊല്ലത്ത് രാജേന്ദ്രപ്രസാദ്, എംഎം നസീർ, കോട്ടയത്ത് നാട്ടകം സുരേഷ്, ജോമോൻ ഐക്കര, യൂജിൻ തോമസ്, മലപ്പുറത്ത് വിഎസ് ജോയി, ആര്യാടൻ ഷൗക്കത്ത് എന്നിവരാണുള്ളത്.
ഈ നാല് ജില്ലകളിലെ പേരുകളിൽ നിന്ന് ഒറ്റപ്പേരിലേക്ക് എത്തുമ്പോൾ മറ്റ് ജില്ലകളിലെ പേരുകളിലും മാറ്റം വരാം. സാമുദായിക പരിഗണന കൂടി ഇക്കാര്യത്തിൽ പരിഗണിക്കുമെന്നാണ് വിവരം.