സിസ്റ്റര്‍ അഭയയുടെ മരണം തലയ്‌ക്കേറ്റ മാരകമായ ക്ഷതം
സിസ്റ്റര്‍ അഭയയുടെ മരണത്തിന് കാരണം തലയ്‌ക്കേറ്റ മാരകമായ ക്ഷതമാണെന്ന് ഫോറന്‍സിക് വിദഗ്ധന്‍ വി. കന്തസ്വാമി മൊഴി നല്‍കി
തിരുവനന്തപുരം : സിസ്റ്റര്‍ അഭയ കേസില്‍ നിര്‍ണായക മൊഴി പുറത്ത്. സിസ്റ്റര്‍ അഭയയുടെ മരണത്തിന് കാരണം തലയ്‌ക്കേറ്റ മാരകമായ ക്ഷതമാണെന്ന് ഫോറന്‍സിക് വിദഗ്ധന്‍ വി. കന്തസ്വാമി മൊഴി നല്‍കി. ആത്മഹത്യയുടെ ഒരു ലക്ഷണവും മൃതദേഹത്തില്‍ ഉണ്ടായിരുന്നില്ലെന്നും കന്തസ്വാമി വ്യക്തമാക്കി. തിരുവനന്തപുരം സിബിഐ പ്രത്യേക കോടതിയിലാണ് കന്തസ്വാമി മൊഴി നല്‍കിയത്.
സിസ്റ്റര്‍ അഭയയുടേത് ആത്മഹത്യയാണെന്ന നിഗമനത്തിലായിരുന്നു അന്വേഷണ സംഘം. എന്നാല്‍ സിസ്റ്റര്‍ അഭയയുടേത് ആത്മഹത്യ അല്ല കൊലപാതകമാണെന്ന് വ്യക്തമാക്കുന്ന മൊഴിയാണ് കന്തസ്വാമിയുടേത്.
അഭയയുടെ തലയില്‍ ആറ് മുറിവുകളാണ് ഉണ്ടായിരുന്നത്. അതില്‍ തലയുടെ മധ്യഭാഗത്തേറ്റ മുറിവാണ് മരണത്തിന് കാരണമായത്. പോസ്റ്റ് മോര്‍ട്ടത്തില്‍ നിന്നും തന്നെ അഭയയുടേത് കൊലപാതകമാണെന്ന സൂചനകള്‍ ലഭിച്ചിരുന്നു. മുങ്ങി മരണമാണെങ്കില്‍ ശ്വാസകോശത്തില്‍ എന്തെങ്കിലും തരത്തിലുള്ള പദാര്‍ത്ഥം ഉണ്ടായിരിക്കും. കൈവിരലുകള്‍ മുറിക്കിപ്പിടിച്ചിരിക്കും. ഇതിനുള്ളില്‍ ചെളിയോ പുല്ലുകളോ കാണും. എന്നാല്‍ ഇതൊന്നും തന്നെ അഭയയുടെ ശരീരത്തിലുള്ളതായി പോസ്റ്റ് മോര്‍ട്ടം റിപ്പോര്‍ട്ടില്‍ പറഞ്ഞിട്ടില്ലെന്നും കന്തസ്വാമി കോടതിയില്‍ മൊഴി നല്‍കി.