സോണിയ ഗാന്ധി റായ്ബറേലിയില്‍ നാമനിര്‍ദേശ പത്രിക സമര്‍പ്പിച്ചു.
രാഹുൽ ഗാന്ധിക്കെതിരെ മത്സരിക്കുന്ന കേന്ദ്രമന്ത്രി സ്മൃതി ഇറാനി അമേഠി മണ്ഡലത്തില്‍ നാമനിർദേശ പത്രിക സമർപ്പിച്ചു.
ഡൽഹി :യു.പി.എ അധ്യക്ഷ സോണിയ ഗാന്ധി സിറ്റിങ് മണ്ഡലമായ റായ്ബറേലിയില്‍ നാമനിര്‍ദേശ പത്രിക സമര്‍പ്പിച്ചു. കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധിക്കും എ.ഐ.സി.സി ജനറല്‍ സെക്രട്ടറി പ്രിയങ്ക ഗാന്ധിക്കും റോബര്‍ട്ട് വാദ്രക്കും ഒപ്പം റോഡ് ഷോ ആയി എത്തിയാണ് പത്രിക സമര്‍പ്പിച്ചത്.
പൂജകള്‍ക്ക് ശേഷം റാബറേലിയിലെ ഹാത്തി പാര്‍ക്ക്, കച്ചാരി റോഡ് വഴി റോഡ് ഷോ ആയാണ് സോണിയ ഗാന്ധി കലക്ട്രേറ്റില്‍ എത്തി പത്രിക സമര്‍പ്പിച്ചത്. സോണിയ ഗാന്ധി അഞ്ചാം തവണയാണ് റായ്‍ബറേലിയിൽ നിന്ന് ജനവിധി തേടുന്നത്. കോൺഗ്രസില്‍ നിന്നും ബി.ജെ.പിയിൽ ചേർന്ന ദിനേശ് പ്രതാപ് സിങാണ് എതിരാളി.
രാഹുൽ ഗാന്ധിക്കെതിരെ മത്സരിക്കുന്ന കേന്ദ്രമന്ത്രി സ്മൃതി ഇറാനി അമേഠി മണ്ഡലത്തില്‍ നാമനിർദേശ പത്രിക സമർപ്പിച്ചു. പൂജകള്‍ക്ക് ശേഷം യുപി മുഖ്യമന്ത്രി യോഗി ആദിത്യനാഥിനൊപ്പം റോഡ് ഷോ ആയി എത്തിയാണ് പത്രിക സമർപ്പിച്ചത്. അഞ്ചാം ഘട്ടത്തിൽ മെയ് ആറിനാണ് അമേഠിയിലും റായ്ബറേലിയിലും വോട്ടെടുപ്പ്.
ഇതിനിടെ പക്ഷപാതം കാണിക്കുന്നു എന്ന ആരോപണം ശക്തമായിരിക്കെ ദൂരദര്‍ശന്‍ രാഹുൽ ഗാന്ധിയുടെ അഭിമുഖത്തിന് അനുമതി തേടി. പ്രതിപക്ഷ പാർട്ടികൾക്ക് മതിയായ പ്രക്ഷേപണ സമയം നൽകുന്നില്ലെന്ന തെരഞ്ഞെടുപ്പ് കമ്മീഷൻ വിലയിരുത്തലിന് പിന്നാലെയാണ് ദൂരദര്‍ശന്‍ രാഹുലിന്റെ അഭിമുഖത്തിന് സമയം തേടിയത്. ദൂരദർശനും രാജ്യസഭാ ടിവിക്കുമായി സംയുക്ത അഭിമുഖത്തിനാണ് സമയം തേടിയിട്ടുള്ളത്. എ.ഐ.സി.സി ഇക്കാര്യത്തില്‍ മറുപടി നല്‍കിയിട്ടില്ല.