ചില മന്ത്രിമാർ അഞ്ചു വർഷത്തെ രാജാവ്; മന്ത്രി എംഎം മണിക്ക് ശശി വർമയുടെ മറുപടി
'രാജാവ് എന്നു പറഞ്ഞാൽ എല്ലാവരും അവരവരുടെ വീട്ടിലെ രാജാവാ. എന്‍റെ വീട്ടിലെ രാജാവാ ഞാൻ മരിക്കുന്നിടം വരെ. പിന്നെ, അഞ്ചു വർഷത്തെ രാജാവാ ചില മന്ത്രിമാര്. അതു കഴിഞ്ഞാൽ ആ രാജാവിന്‍റെ കാര്യവും പോകും
തിരുവനന്തപുരം: പന്തളം രാജകുടംബത്തെ വിമർശിച്ച മന്ത്രി എം എം മണിക്ക് മറുപടിയുമായി പന്തളം രാജകുടുംബാംഗം ശശി വർമ. ചില മന്ത്രിമാർ അഞ്ചുവർഷത്തേക്ക് മാത്രം രാജാക്കൻമാരാണെന്നും അതു കഴിഞ്ഞാൽ ആ രാജാവിന്‍റെ കാര്യവും പോകുമെന്നും ശശി വർമ്മ പറഞ്ഞു. .
‘രാജാവ് എന്നു പറഞ്ഞാൽ എല്ലാവരും അവരവരുടെ വീട്ടിലെ രാജാവാ. എന്‍റെ വീട്ടിലെ രാജാവാ ഞാൻ മരിക്കുന്നിടം വരെ. പിന്നെ, അഞ്ചു വർഷത്തെ രാജാവാ ചില മന്ത്രിമാര്. അതു കഴിഞ്ഞാൽ ആ രാജാവിന്‍റെ കാര്യവും പോകും. അപ്പോൾ, അതു സാരമില്ല. അത് ഓരോരുത്തരും ഇങ്ങനെ പറയുമെന്നേ ഉള്ളൂ. രണ്ടു വർഷക്കാലത്തേക്ക് വരുന്ന ഒരു ബോർഡിന് പോകുന്നതിന് മുമ്പ് എന്തെങ്കിലും ചെയ്തു തീർത്തെന്ന് വരുത്തണമെന്ന് ആഗ്രഹമുണ്ടാകാം. അത് സാരമൊന്നുമില്ല. നമ്പൂതിരിമാർക്ക് കടലാസ് കൊടുത്താൽ സന്തുഷ്ടമാകുമെങ്കിൽ ആയിക്കോട്ടെ. മന സിലാക്കാൻ പറ്റുന്നവർ ഭക്തജനങ്ങളുടെ വികാരം ഉൾക്കൊള്ളാൻ കഴിയുന്നവരോട് പറഞ്ഞിട്ടേ പ്രയോജനമുള്ളൂ. കേൾക്കാൻ തയ്യാറാണെങ്കിൽ ഞങ്ങൾ ഗൗരവമായി ഞങ്ങളുടെ പ്രൊപ്പോസൽ മുന്നോട്ടുവെയ്ക്കാൻ തയ്യാറാവും.” – ശശി വർമ പറഞ്ഞു.
ശബരിമല ദർശനത്തിനെത്തിയ ആക്ടിവിസ്റ്റികളെ പേര് പരാമർശിക്കാതെ വിമർശിക്കുകയും ചെയ്തു അദ്ദേഹം. “നഗരങ്ങളിൽ മാത്രം അല്പമാത്ര വസ്ത്രം ധരിക്കുകയും പ്രശ്നം ഉണ്ടാക്കുകയും ചെയ്തു കൊണ്ടിരുന്ന ആളുകൾക്ക് പുതിയൊരു രൂപവും പുതിയൊരു വേഷവും കൊടുത്ത് വിട്ടിരിക്കുന്നതാ ഇത്” എന്നായിരുന്നു സ്ത്രീകളുടെ ശബരിമല പ്രവേശനത്തെക്കുറിച്ച് പ്രതികരണം.
ശബരിമല നട അടച്ചിടുമെന്ന് പറഞ്ഞ തിരുമേനി ശമ്പളക്കാരന്‍ മാത്രമാണെന്നും രാജഭരണം കഴിഞ്ഞുപോയെന്ന് പന്തളം രജകുടുംബം മറന്നുപോയെന്നും ഇത് ജനാധിപത്യ ഭരണമാണെന്നും ആയിരുന്നു മന്ത്രി എം എം മണി ഇന്ന് രാജാക്കാട്ട് പറഞ്ഞത്. ‘ശബരിമലയിലെ തിരുമേനിമാര്‍ പറയുവാ നട അടച്ചിടും, തിരുമേനിക്ക് തെറ്റി. എന്താന്നറിയോ തിരുമേനി ശമ്പളക്കാരനാ.. പന്തളം രാജകുടുംബം രാജാവിന്റെ കാലം പോയി എന്നത് മറന്നുപോയെന്ന് തോന്നുന്നു. ഇത് രാജ ഭരണമല്ല, ജനാധിപത്യ ഭരണമാണ്.’ മന്ത്രി എം എം മണിയുടെ ഈ വാക്കുകളാണ് പന്തളം രാജകുടുംബാംഗത്തെ പ്രകോപിപ്പിച്ചത്.