ക്ലാസ് മുറിയില്‍ വിദ്യാര്‍ഥിനി പാമ്പ് കടിയേറ്റ് മരിച്ചു പ്രധാനാധ്യാപകനെ സസ്പെന്റ് ചെയ്തു
സുൽത്താൻ ബത്തേരി ഗവ.സർവ്വജന വൊക്കേഷണൽ ഹയര്‍സെക്കൻഡറി സ്കൂളിലെ അഞ്ചാം ക്ലാസ് വിദ്യാർഥി ഷഹ്ല ഷെറിൻ ആണ് മരിച്ചത്
സുല്‍ത്താന്‍ ബത്തേരി: ക്ലാസ് മുറിയില്‍ വിദ്യാര്‍ഥിനി പാമ്പ് കടിയേറ്റ് മരിച്ച സംഭവത്തില്‍ ആരോപണവിധേയനായ പ്രധാനാധ്യാപകനെ സസ്പെന്റ് ചെയ്തു. സുൽത്താൻ ബത്തേരി ഗവ.സർവ്വജന വൊക്കേഷണൽ ഹയര്‍സെക്കൻഡറി സ്കൂളിലെ അഞ്ചാം ക്ലാസ് വിദ്യാർഥി ഷഹ്ല ഷെറിൻ ആണ് മരിച്ചത്. പുത്തൻകുന്ന് നൊട്ടൻ വീട്ടിൽ അഭിഭാഷകരായ അബ്ദുൾ അസീസിന്റെയും സജ്നയുടെയും മകളാണ്.
കഴിഞ്ഞ ദിവസം വൈകിട്ടോടെയാണ് കുട്ടിക്ക് ക്ലാസ് മുറിയിൽ വച്ച് പാമ്പു കടിയേൽക്കുന്നത്. ക്സാസ് മുറിയിലെ ചുമരിൽ ഒരു ചെറിയ മാളമുണ്ടെന്ന് പറയപ്പെടുന്നു. ഇവിടെ നിന്നാണ് കുട്ടിക്ക് കടിയേറ്റതെന്നാണ് സൂചന. എന്നാൽ പാമ്പ് കടിച്ചതാണെന്ന് മനസിലാകാതെ പാദത്തിൽ ചെറിയ മുറിവ് കണ്ട ഷെഹ്ല അധ്യാപകരെ വിവരം അറിയിച്ചു. സ്കൂൾ അധികൃതർ നൽകിയ വിവരം അനുസരിച്ച് രക്ഷിതാവെത്തി കുട്ടിയെ ബത്തേരിയിലെ സ്വകാര്യ ആശുപത്രിയിലെത്തിച്ചു.
പക്ഷെ എന്താണ് കുട്ടിക്ക് പറ്റിയതെന്ന് ഇവിടെ കണ്ടെത്താനായില്ല. തുടർന്ന് ബത്തേരി താലൂക്ക് ആശുപത്രിയിലെത്തിച്ചു. ഇവിടെയും ഏറെ നേരം നിരീക്ഷണത്തിൽ കിടത്തിയിരുന്നുവെങ്കിലും കുട്ടിക്ക് പാമ്പു കടിയേറ്റിരുന്നുവെന്ന് കണ്ടെത്താനായില്ലെന്നാണ് സൂചന.. ഇതിനിടെ കുട്ടി ഛർദ്ദിച്ചതോടെ ഇവിടെ നിന്നും മെഡിക്കൽ കോളജിലേക്ക് റഫർ ചെയ്തു. പോകും വഴി ഷെഹ്ലയക്ക് കടുത്ത ശ്വാസതടസം അനുഭവപ്പെട്ടതോടെ ചേലോടുള്ള ഒരു സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇവിടെ വച്ചാണ് പാമ്പ് കടിയേറ്റെന്ന കാര്യം സ്ഥിരീകരിച്ചത്. അപ്പോഴേക്കും വൈകിപ്പോയിരുന്നു.അതേസമയം ഡോക്ടർമാരുടെ വീഴ്ചയാണ് കുട്ടിയുടെ മരണത്തിനിടയാക്കിയതെന്ന വിമർശനം ഉയർന്നിട്ടുണ്ട്. ഷെഹ്ലയുടെ ഖബറടക്കം ഇന്ന് ഉച്ചയ്ക്ക് 12 മണിക്ക് പുത്തൻകുന്ന് ജുമാ മസ്ജിദിൽ.