സ്മൃതി ഇറാനിയുടെ സഹായി സുരേന്ദ്ര സിങിനെ കൊലപാതകം: മുഖ്യപ്രതി അറസ്റ്റിൽ.
അമേഠിയിലെ ഗൗരിഗഞ്ജിൽ വച്ചാണ് ബരോളിയ ഗ്രാമത്തിലെ മുൻ ഗ്രാമതലവൻ കൂടിയായ സുരേന്ദ്ര സിങ് വെടിയേറ്റ് മരിച്ചത്. അന്ന് രാത്രി ബൈക്കിലെത്തിയ അക്രമികൾ സുരേന്ദ്ര സിങിന്റെ വീടിന് മുന്നിലെത്തുകയും അദ്ദേഹത്തിന് നേരെ വെടിയുതിർക്കുകയുമായിരുന്നു.
അമേഠി: സ്മൃതി ഇറാനിയുടെ അമേഠിയിലെ സഹായി സുരേന്ദ്ര സിങിനെ കൊലപ്പെടുത്തിയ സംഭവത്തിൽ മുഖ്യപ്രതി അറസ്റ്റിൽ. വസീം എന്നയാളാണ് അറസ്റ്റിലായത്. പിന്തുടർന്ന് ചെന്ന പൊലീസ് ഷൽഹാപൂരിൽ വച്ചാണ് ഇയാളെ പിടികൂടിയത്.
വെള്ളിയാഴ്ച രാത്രിയോടെയാണ് അറസ്റ്റ്. പൊലീസുകാരുമായുണ്ടായ ഏറ്റമുട്ടലിൽ വെടിയേറ്റ വസീം ഇപ്പോൾ ആശുപത്രിയിൽ ചികിത്സയിലാണ്. ഇതോടെ സുരേന്ദ്ര സിങിന്റെ കൊലപാതകവുമായി ബന്ധപ്പെട്ട് എല്ലാ പ്രതികളെയും പൊലീസ് അറസ്റ്റ് ചെയ്തു. കേസുമായി ബന്ധപ്പെട്ട് നേരത്തെ നാലുപേർ അറസ്റ്റിലായിരുന്നു.
അമേഠിയിലെ ഗൗരിഗഞ്ജിൽ വച്ചാണ് ബരോളിയ ഗ്രാമത്തിലെ മുൻ ഗ്രാമതലവൻ കൂടിയായ സുരേന്ദ്ര സിങ് വെടിയേറ്റ് മരിച്ചത്. അന്ന് രാത്രി ബൈക്കിലെത്തിയ അക്രമികൾ സുരേന്ദ്ര സിങിന്റെ വീടിന് മുന്നിലെത്തുകയും അദ്ദേഹത്തിന് നേരെ വെടിയുതിർക്കുകയുമായിരുന്നു. മുഖത്ത് സാരമായി പരിക്കേറ്റ സുരേന്ദ്ര സിങിനെ ലഖ്നൗവിലെ സർക്കാർ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായിരുന്നില്ല.
ആചാരങ്ങള്‍ തെറ്റിച്ച് സ്മൃതി ഇറാനി സുരേന്ദ്ര സിങിന്റെ മരണാനന്തര ചടങ്ങുകളില്‍ പങ്കെടുക്കുകയും ശവമഞ്ചം ചുമക്കുകയും ചെയ്തത് വലിയ വാർത്തയായിരുന്നു. 2014-ലെ തെരഞ്ഞെടുപ്പ് മുതൽ സ്മൃതിക്കൊപ്പം പ്രവർത്തിച്ചിരുന്ന ആളാണ് സുരേന്ദ്ര.
അതേസമയം, ബിജെപി പ്രവര്‍ത്തകര്‍ക്കിടയിലെ പ്രാദേശിക പ്രശനങ്ങളാണ് സുരേന്ദ്ര സിങിന്റെ കൊലപാതകത്തിലേക്ക് നയിച്ചതെന്ന് ഉത്തർപ്രദേശ് ഡിജിപി ഒ പി സിങ് നേരത്തെ പറഞ്ഞിരുന്നു. ബിജെപി പ്രവര്‍ത്തകര്‍ തന്നെയാണ് സുരേന്ദ്ര സിങിന്റെ കൊലപാതകത്തിന് പിന്നിലെന്നും ഡിജിപി അഭിപ്രായപ്പെട്ടിരുന്നു. പ്രതികളിൽ ഒരാൾക്ക് അമേഠിയിലെ പഞ്ചായത്ത് തെരഞ്ഞെടുപ്പിൽ മത്സരിക്കാൻ താത്പര്യം ഉണ്ടായിരുന്നു. എന്നാൽ ഇതിൽ സുരേന്ദ്ര സിങ് എതിർപ്പ് പ്രകടിപ്പിച്ചു. ഇതോടെ ഇരുവർക്കുമിടയിൽ പ്രശ്നങ്ങൾ ഉടലെടുക്കുകയും ഈ പക വളർന്ന് കൊലപാതകത്തിൽ കലാശിക്കുകയുമായിരുന്നുവെന്നാണ് ഒ പി സിങ് പറഞ്ഞിരുന്നത്.