ഡൽഹി വിവേക് വിഹാറിലെ കുട്ടികളുടെ ആശുപത്രിയിൽ അഗ്നിബാധ 7 നവജാത ശിശുക്കൾ മരിച്ചു

നവജാത ശിശുക്കളുടെ ആശുപത്രിക്കൊപ്പം ഓക്സിജൻ റീഫില്ലിങ് കേന്ദ്രവും പ്രവർത്തിച്ചുവെന്ന് പരിക്കേറ്റ സമീപവാസി ആരോപിച്ചു. പല തവണ പരാതി നൽകിയിട്ടും പോലീസ് നടപടി എടുത്തില്ല

0

ഡൽഹി | ഡൽഹി വിവേക് വിഹാറിലെ കുട്ടികളുടെ ആശുപത്രിയിൽ അഗ്നിബാധയിൽ ആറ് നവജാത ശിശുക്കൾ മരിച്ചു. 6 കുഞ്ഞുങ്ങളെ രക്ഷപ്പെടുത്തി. ഒരു കുഞ്ഞടക്കം 7 പേർ വെൻറിലേറ്ററിൽ ചികിത്സയിലാണ്. ഇന്നലെ രാത്രിയിലാണ് ഈസ്റ്റ് ദില്ലിയിലെ ആശുപത്രിയിൽ തീപ്പിടുത്തമുണ്ടായത്. രണ്ട് കെട്ടിടങ്ങൾക്കാണ് തീപിടിച്ചത്. ആശുപത്രിക്ക് പുറമേ റസിഡൻഷ്യൽ ബിൽഡിങ്ങിലെ രണ്ട് നിലകളിലും തീപിടുത്തം ഉണ്ടായി.

നവജാത ശിശുക്കളുടെ ആശുപത്രിക്കൊപ്പം ഓക്സിജൻ റീഫില്ലിങ് കേന്ദ്രവും പ്രവർത്തിച്ചുവെന്ന് പരിക്കേറ്റ സമീപവാസി ആരോപിച്ചു. പല തവണ പരാതി നൽകിയിട്ടും പോലീസ് നടപടി എടുത്തില്ല. അനധികൃതമായാണ് സംവിധാനം പ്രവർത്തിച്ചിരുന്നത്. പൊട്ടിത്തെറി ഉണ്ടായത് ഓക്സിജൻ റീഫില്ലിങ് മുറിയിൽ നിന്നാണെന്നും ഇദ്ദേഹം ആരോപിച്ചു. അഞ്ച് തവണ പൊട്ടിത്തെറി ഉണ്ടായതായാണ് ദൃക്സാക്ഷികൾ പറയുന്നത്. നവജാത ശിശുക്കളുടെ ആശുപത്രിക്ക് പുറമെ രണ്ട് കെട്ടിടങ്ങളിലും തീ പടർന്നു കയറി. ഒരു വാനും ബൈക്കും പൂർണമായും കത്തി നശിച്ചു. രാത്രി 11.45 ഓടെയാണ് തീപിടിത്തം ഉണ്ടായത്. ഒരു കുട്ടി തീപിടുത്തതിന് മുൻപാണ് മരിച്ചതെന്ന് പൊലീസ് പറയുന്നു. 6 കുട്ടികൾ തീപിടുത്തത്തിൽ മരിച്ചു. 5 കുട്ടികളെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുന്നുവെന്നും പോലീസ് അറിയിച്ചു.

നവജാത ശിശുക്കൾ വെന്തുമരിച്ച സംഭവത്തിൽ ആരോഗ്യ സെക്രട്ടറിയോട് റിപ്പോർട്ട് തേടി ദില്ലി സർക്കാർ. കുറ്റക്കാർക്ക് എതിരെ കർശന നടപടി ഉണ്ടാകുമെന്ന് ദില്ലി ആരോഗ്യമന്ത്രി സൗരഭ് ഭരദ്വാജ് വ്യക്തമാക്കി. ഇതിനിടെ ആശുപത്രിക്ക് എൻഒസി ഇല്ലായിരുന്നുവെന്നും സ്ഥിരീകരിക്കപ്പെട്ടിട്ടുണ്ട്. അശ്രദ്ധമൂലം സംഭവിച്ച മരണങ്ങൾ എന്നാണ് എഫ്ഐആറിൽ രേഖപ്പെടുത്തിയിരിക്കുന്നത്. സംഭവത്തിൽ പ്രതികരണവുമായി ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാളും രംഗത്തെത്തി. കുട്ടികൾ മരിച്ച സംഭവം ഹൃദയഭേദകമാണെന്നായിരുന്നു അരവിന്ദ് കെജ്‌രിവാളിൻ്റെ പ്രതികരണം. പരുക്കേറ്റവർക്ക് സർക്കാർ ചികിത്സയുറപ്പാക്കും. തീപിടുത്തത്തിന്റെ കാരണം സംബന്ധിച്ച് അന്വേഷണം ആരംഭിച്ചു. വീഴ്ചക്ക് ഉത്തരവാദികളായവരെ വെറുതെ വിടില്ലെന്നും അരവിന്ദ് കെജ്‌രിവാൾ വ്യക്തമാക്കി.

You might also like

-