അഭയ കേസ്: പ്രതികൾ കുറ്റസമ്മതം നടത്തി, ഒരു കോടി വാഗ്ദാനം ചെയ്തു: കോടതിയിൽ സാക്ഷിമൊഴി
സിസ്റ്റർ അഭയ കൊലക്കേസിലെ പ്രതികള്‍ കോട്ടയം ബിഷപ്പ് ഹൗസിൽ വച്ച് കുറ്റസമ്മതം നടത്തിയിരുന്നുവെന്ന് സാക്ഷി മൊഴി. പ്രതികളുടെ നുണപരിശോധനാ റിപ്പോർട്ട് തള്ളണമെന്നാവശ്യപ്പെട്ട് ഹൈക്കോടതിയെ സമീപിക്കാനായി ഒരു കോടി രൂപ വാഗ്‍ദാനം ചെയ്തുവെന്നും പൊതുപ്രവർത്തകനായ കളർകോട് വേണുഗോപാലൻ നായർ കോടതിയിൽ മൊഴി നൽകി.
തിരുവനന്തപുരം: സിസ്റ്റർ അഭയ കൊലക്കേസിലെ പ്രതികള്‍ കോട്ടയം ബിഷപ്പ് ഹൗസിൽ വച്ച് കുറ്റസമ്മതം നടത്തിയിരുന്നുവെന്ന് സാക്ഷി മൊഴി. പ്രതികളുടെ നുണപരിശോധനാ റിപ്പോർട്ട് തള്ളണമെന്നാവശ്യപ്പെട്ട് ഹൈക്കോടതിയെ സമീപിക്കാനായി ഒരു കോടി രൂപ വാഗ്‍ദാനം ചെയ്തുവെന്നും പൊതുപ്രവർത്തകനായ കളർകോട് വേണുഗോപാലൻ നായർ കോടതിയിൽ മൊഴി നൽകി.
ഫാ.തോമസ് കോട്ടൂരിനെയും, ഫാ.ജോസ് പൂതൃക്കയിലിനെയും, സിസ്റ്റർ സെഫിയെയും സിബിഐ അറസ്റ്റ് ചെയ്യുന്നതിന് ആറുമാസം മുമ്പാണ് ബിഷപ്പ് ഹൗസിലേക്ക് തന്നെ വിളിച്ചുവരുത്തിയെന്നാണ് ഏഴാം സാക്ഷിയായ വേണുഗോപാലൻ നായരുടെ മൊഴി. ഒരു പൊതുപ്രവർത്തകൻ എന്ന നിലയിൽ നുണപരിശോധനാ റിപ്പോർട്ട് തള്ളണമെന്നാവശ്യപ്പെട്ട് ഹൈക്കോടതിയെ സമീപിക്കണമെന്നും തോമസ് കോട്ടൂരും, ജോസ് പൂതൃക്കയിലും ആവശ്യപ്പെട്ടുവെന്നാണ് സാക്ഷി മൊഴി. ഇതിനായി ഒരു കോടിയോളം രൂപ വാഗ്ദാനം ചെയ്തു.
കേസിന്‍റെ കാര്യങ്ങള്‍ ബിഷപ്പ് ഹൗസിൽ വച്ച് സംസാരിക്കവേ ഫാ. തോമസ് കോട്ടൂർ കരച്ചിലിന്‍റെ വക്കോളമെത്തിയെന്നാണ് സാക്ഷി മൊഴി. സിസ്റ്റർ സെഫിയുമായി അരുതാത്ത ബന്ധമുണ്ടെന്ന് സമ്മതിച്ച പ്രതി, സഭയുടെ മാനം കാക്കാൻ ഇപ്പോള്‍ സഹായിക്കണമെന്ന് ആവശ്യപ്പെട്ടുവെന്നും സാക്ഷിമൊഴി.
ഫാ. തോമസ് കോട്ടൂരും, സിസ്റ്റർ സെഫിയും ഭാര്യാ- ഭർത്താക്കൻമാരെപ്പോലെയാണ് ജീവിച്ചിരുന്നതെന്ന് ജോസ് പുതൃക്കയിൽ പറഞ്ഞിരുവെന്നും വേണുഗോപാൽ തിരുവനന്തപുരം സിബിഐ കോടതിയിൽ പറഞ്ഞു. ഹൈക്കോടതിയെ സമീപിക്കാൻ അയ്യായിരം രൂപ ബിഷപ്പ് ഹൗസിൽ വച്ച് തന്നു. രണ്ടാമതൊരിക്കൽ ബിഷപ്പ് ഹൗസിൽ ചെന്നപ്പോള്‍ ഫാ. തോമസ് കോട്ടൂർ തീർത്തും പരിഭ്രാന്തനായിരുന്നുവെന്നും സാക്ഷി മൊഴി നൽകി.
ആദ്യം തന്നെ പണം തിരികെ നൽകിയെന്നും കോടതിയെ സമീപിച്ചില്ലെന്നും വേണുഗോപാലൻ നായർ മൊഴി നൽകി. രണ്ടു പ്രതികള്‍ കൂറുമാറിയെങ്കിലും പിന്നീട് വിസ്തരിച്ച മൂന്നു സാക്ഷികളും പ്രോസിക്യൂഷന് അനുകൂലമായണ് മൊഴി നൽകിയത്. പ്രതികള്‍ മഠത്തിൽ വന്നിരുന്നുവെന്ന് സാക്ഷിയായ രാജുവും, അപകടമരണമാണെന്ന് വരുത്തി തീർക്കാൻ സഭ ശ്രമിച്ചുവെന്ന് ഫയർമാനായ വാമദേവനും മൊഴി നൽകിരുന്നു.