ശോഭാ സുരേന്ദ്രന്‍ കഴക്കൂട്ടത്ത് സ്ഥാനാര്‍ഥി ഉടൻ മണ്ഡലത്തിൽ പ്രചാരണം

പ്രധാനമന്ത്രി നരേന്ദ്രമോദി ഇടപെട്ടാണ് ശോഭയെ കഴക്കൂട്ടത്ത് സ്ഥാനാർത്ഥിയാക്കാൻ നിർദേശം നൽകിയത്.മറ്റന്നാള്‍ അവര്‍ മണ്ഢലത്തിലെത്തിയേക്കും

0

തിരുവനന്തപുരം :ബിജെപി സംസ്ഥാന വൈസ് പ്രസിഡന്‍റ് ശോഭാ സുരേന്ദ്രന്‍ കഴക്കൂട്ടത്ത് സ്ഥാനാര്‍ഥിയാകും. സ്ഥാനാര്‍ഥിയാണെന്നു കേന്ദ്ര നേതൃത്വം അറിയിച്ചതായി ശോഭാ പറഞ്ഞു. ബിജെപി ദേശീയനേതൃത്വമാണ് തീരുമാനം ശോഭാ സുരേന്ദ്രനെ അറിയിച്ചത്. പ്രധാനമന്ത്രി നരേന്ദ്രമോദി ഇടപെട്ടാണ് ശോഭയെ കഴക്കൂട്ടത്ത് സ്ഥാനാർത്ഥിയാക്കാൻ നിർദേശം നൽകിയത്.മറ്റന്നാള്‍ അവര്‍ മണ്ഢലത്തിലെത്തിയേക്കും. നേരത്തെ സംസ്ഥാനത്ത് സ്ഥാനാര്‍ഥികളെ പ്രഖ്യാപിച്ചെങ്കിലും കഴക്കൂട്ടത്തെ സ്ഥാനാര്‍ഥിയെ പ്രഖ്യാപിച്ചിരുന്നില്ല. ശോഭയുടെ സ്ഥാനാര്‍ഥിത്വത്തെ സംസ്ഥാനനേതൃത്വം എതിര്‍ത്തിരുന്നതായി വാര്‍ത്തകള്‍ പ്രചരിച്ചിരുന്നു.

കഴക്കൂട്ടത്ത് ഒരു അപ്രതീക്ഷിത സ്ഥാനാർത്ഥി വരും, അങ്ങനെയെങ്കിൽ ശോഭയ്ക്ക് സീറ്റ് നൽകാനാകില്ല എന്നായിരുന്നു സംസ്ഥാനത്തെ ബിജെപി നേതൃത്വത്തിന്‍റെ നിലപാട്. പാർട്ടിയിൽ കലാപക്കൊടി ഉയർത്തിയ ശോഭയ്ക്ക് സീറ്റ് നൽകാൻ കെ സുരേന്ദ്രനടക്കമുള്ളവർക്ക് താൽപ്പര്യവുമുണ്ടായിരുന്നില്ല.

കേന്ദ്ര നേതൃത്വം ശോഭ സുരേന്ദ്രന് അംഗീകാരം നൽകുമ്പോഴും അതിനെതിരെ നിൽക്കുന്ന സംസ്ഥാന നേതൃത്വത്തിന്‍റെ നിലപാട് പാര്‍ട്ടിക്കുള്ളിലെ ചേരിതിരിവ് സങ്കീര്‍ണ്ണമാക്കുന്നുണ്ട്. ശോഭ സുരേന്ദ്രൻ മത്സരിച്ചാൽ കഴക്കൂട്ടത്ത് വിജയസാധ്യത ഉണ്ടെന്നാണ് ബിജെപി കേന്ദ്ര നേതൃത്വത്തിന്‍റെ വിലയിരുത്തൽ. സാമുദായിക പരിഗണന നോക്കിയാലും ശോഭ സുരേന്ദ്രൻ അനുയോജ്യ സ്ഥാനാര്‍ത്ഥിയെന്നും കേന്ദ്ര നേതൃത്വം പറയുന്നു. എന്നാൽ കഴക്കൂട്ടം അല്ലാതെ കൊല്ലത്തോ കരുനാഗപ്പള്ളിയിലോ ശോഭ സുരേന്ദ്രൻ മത്സരിച്ചോട്ടെ എന്നാണ് സംസ്ഥാന നേതൃത്വം പറഞ്ഞത്. എന്നാലിതെല്ലാം തള്ളിക്കളഞ്ഞ് ശോഭ തന്നെ കളത്തിലിറങ്ങുന്നു, കഴക്കൂട്ടത്ത്.

You might also like

-