കസ്റ്റംസ് കസ്റ്റഡിയിൽ എം ശിവശങ്കറിന് ദേഹാസ്വാസ്ഥ്യത്തെത്തുടർന്ന് ആശുപത്രിയിൽ പ്രവേശിപ്പിച്ചു

കസ്റ്റംസ് ഉദ്യോഗസ്ഥർ തന്നെ അദ്ദേഹത്തെ കരമനയിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു

0

കാര്‍ഡിയോളജി ഐസിയുവിലാണ് ശിവശങ്കറിനെ പ്രവേശിപ്പിച്ചത്. കസ്റ്റംസിന്‍റെ വാഹനത്തിലാണ് ശിവശങ്കറിനെ ആശുപത്രിയിലെത്തിച്ചത്. കസ്റ്റംസ് ഉദ്യോഗസ്ഥരും ആശുപത്രിയിലുണ്ട്. കസ്റ്റഡിയിലെടുക്കാനോ അറസ്റ്റ് ചെയ്യാനോ ആണോ വന്നത് എന്നത് സംബന്ധിച്ച് കസ്റ്റംസ് സ്ഥിരീകരണം നല്‍കിയിട്ടില്ല.

തിരുവനന്തപുരം: സ്വര്‍ണക്കടത്ത് കേസിലെ ആരോപണവിധേയനും മുഖ്യമന്ത്രിയുടെ മുന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറിയുമായ എം ശിവശങ്കറിനെ ദേഹാസ്വാസ്ഥ്യത്തെത്തുടർന്ന് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. കസ്റ്റംസ് ഉദ്യോഗസ്ഥര്‍ക്കൊപ്പം പോകുന്നതിനിടെയാണ് ശിവശങ്കറിന് ദേഹാസ്വസ്ഥ്യം അനുഭവപ്പെട്ടത്. തുടര്‍ന്ന് കസ്റ്റംസ് ഉദ്യോഗസ്ഥർ തന്നെ അദ്ദേഹത്തെ കരമനയിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. നിലവില്‍ കാര്‍ഡിയാക്ക് ഐസിയുവിലാണ് ശിവശങ്കറുള്ളത്.
കഴിഞ്ഞദിവസം ശിവശങ്കർ ഫയൽ ചെയ്ത മുൻകൂർ ജാമ്യഅപേക്ഷയിൽ ശിവശങ്കറിന്റെ അറസ്റ്റ് തടഞ്ഞിടുന്നു ശിവശങ്കറിന്റെ പേരിൽ പുതിയ കേസ് രജിസ്റ്റർ ചെയ്താണ് അദ്ദേഹത്തെ കസ്റ്റംസ് കസ്റ്റഡിയിൽ എടുത്തത്

ആറുമണിക്ക് തിരുവനന്തപുരത്തെ ഓഫീസില്‍ ഹാജരാകാന്‍ ആവശ്യപ്പെട്ടുകൊണ്ട് അഞ്ചുമണിയോടെ കസ്റ്റംസ് ഉദ്യോഗസ്ഥര്‍ ഔദ്യോഗിക വാഹനത്തില്‍ ശിവശങ്കറിന്റെ വസതിയിലെത്തി.എന്നാല്‍ നല്‍കിയ നോട്ടീസില്‍ ക്രൈം നമ്പര്‍ ഉണ്ടായിരുന്നില്ലെന്നും പുതിയ ഒരു കേസ് രജിസ്റ്റര്‍ ചെയ്ത് ചോദ്യം ചെയ്യാനായിരുന്നു ശ്രമം എന്നുമാണ് ശിവശങ്കര്‍ അദ്ദേഹത്തിന്റെ അഭിഭാഷകനെ അറിയിച്ചിട്ടുള്ളത്. കസ്റ്റംസ് ഉദ്യോഗസ്ഥര്‍ എത്തിയ വിവരം അപ്പോള്‍ തന്നെ അഭിഭാഷകനെ ശിവശങ്കര്‍ അറിയിച്ചിരുന്നു.

പിന്നീട് ഉദ്യോഗസ്ഥര്‍ക്കൊപ്പം അവരുടെ വാഹനത്തിൽ പോകവെയാണ് ശിവശങ്കറിന് ദേഹാസ്വസ്ഥ്യം അനുഭവപ്പെട്ടത്. തുടര്‍ന്ന് കസ്റ്റംസ് ഉദ്യോഗസ്ഥര്‍ അവരുടെ വാഹനത്തില്‍ തന്നെ ശിവശങ്കറിനെ ആശുപത്രിയില്‍ എത്തിക്കുകയായിരുന്നു.
തിരുവനന്തപുരത്ത് വെച്ച് അറസ്റ്റ് രേഖപ്പെടുത്തിയ ശേഷം കൊച്ചിയിലേക്ക് കൊണ്ടുവരാനുള്ള നീക്കമായിരുന്നു കസ്റ്റംസ് നടത്തിയതെന്നാണ് വിവരം. തിരുവനന്തപുരം സ്വര്‍ണക്കടത്ത് കേസിന്റെ പ്രധാന അന്വേഷണ ഉദ്യോഗസ്ഥന്‍ രാമമൂര്‍ത്തിയും ആശുപത്രിയിലെത്തിയിട്ടുണ്ട്.

വിദേശത്തുനിന്നുള്ള പണമിടപാടുമായി ബന്ധപ്പെട്ട കേസിലാണ് ശിവശങ്കറിന് നോട്ടീസ് നൽകിയതെന്നാണ് സൂചന. വിദേശത്തേക്ക് സ്വപ്‌ന കടത്തിയ പണം, ലോക്കര്‍ തുടങ്ങിയ വിഷയങ്ങളിലായിരുന്നു അവസാനം കസ്റ്റംസിന്റെ അന്വേഷണം കേന്ദ്രീകരിച്ചിരുന്നത്. പുതിയ കേസ് രജിസ്റ്റര്‍ ചെയ്യാനുള്ള സൂചന കസ്റ്റംസ് ഉദ്യോഗസ്ഥര്‍ നല്‍കുകയും ചെയ്തിരുന്നു.വ്യാഴാഴ്ച അദ്ദേഹത്തെ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് മൂന്നാം വട്ടവും ചോദ്യം ചെയ്ത് വിട്ടയച്ചിരുന്നു. എട്ടു മണിക്കൂറോളമാണ് ശിവശങ്കറിനെ ഇന്നലെ ഇ.ഡി. ചോദ്യം ചെയ്തത്.