ഷാരോണ്‍ രാജിന്റെ കൊലപാതകം പ്രതി ഗ്രീഷ്മയുടെ അറസ്റ്റ് രേഖപ്പെടുത്തും

യുവാവിനെ ഗ്രീഷ്മയുടെ വീട്ടിലേക്ക് വിളിച്ചു വരുത്തിയത് കൊലപ്പെടുത്തുക എന്ന ഉദ്ദേശത്തോടെ തന്നെയായിരുന്നു.കഷായത്തിൽ മാരകവിഷം കലർന്ന കളനാശിനി കലർത്തി നൽകിയതാണ് മരണത്തിന് കാരണമായതെന്നും എഡിജിപി എം ആർ അജിത് കുമാർ അറിയിച്ചു.

0

തിരുവനന്തപുരം | പാറശ്ശാലയിലെ ഷാരോണ്‍ രാജിന്റെ കൊലപാതകത്തിൽ പ്രതി ഗ്രീഷ്മയുടെ അറസ്റ്റ് രേഖപ്പെടുത്തി ഇന്ന് കോടതിയിൽ ഹാജരാക്കും. . രാവിലെ അറസ്റ്റ് രേഖപ്പെടുത്തി ഗ്രീഷ്മയെ നെയ്യാറ്റിന്‍കര കോടതിയില്‍ ഹാജരാക്കനാണ് അന്വേഷണ സംഘത്തിൻ്റെ തീരുമാനം. കൊലപാതകത്തില്‍ കൂടുതല്‍ പേര്‍ക്ക് പങ്കുണ്ടോയെന്നതും അന്വേഷണ സംഘം പരിശോധിക്കും. മറ്റ് പ്രതികളില്ലെന്നാണ് നിലവിൽ അന്വേഷണ സംഘത്തിൻ്റെ നിഗമനം.പ്രണയബന്ധത്തിൽ നിന്ന് പിന്മാറാൻ തയ്യാറാകാതിരുന്നതാണ് ഷാരോണിന്റെ കൊലപാതകത്തിലേക്ക് നയിച്ചതെന്ന് പ്രത്യേക അന്വേഷണസംഘം ഇന്നലെ വ്യക്തമാക്കിയിരുന്നു. യുവാവിനെ ഗ്രീഷ്മയുടെ വീട്ടിലേക്ക് വിളിച്ചു വരുത്തിയത് കൊലപ്പെടുത്തുക എന്ന ഉദ്ദേശത്തോടെ തന്നെയായിരുന്നു.കഷായത്തിൽ മാരകവിഷം കലർന്ന കളനാശിനി കലർത്തി നൽകിയതാണ് മരണത്തിന് കാരണമായതെന്നും എഡിജിപി എം ആർ അജിത് കുമാർ അറിയിച്ചു.
ആന്തരിക അവയവങ്ങളുടെ പ്രവർത്തനം താറുമാറാക്കുന്ന കാപിക് എന്ന കളനാശിനിയാണ് ഗ്രീഷ്മ, ഷാരോണിന് കഷായത്തിൽ കലർത്തി കുടിക്കാൻ നൽകിയത്. ഒക്ടോബർ 14ന് ഗ്രീഷ്മയുടെ വീട്ടിലെത്തിയപ്പോഴായിരുന്നു ഇത്. ഒരു വർഷമായി ഗ്രീഷ്മയും ഷാരോണും തമ്മിൽ പ്രണയത്തിലായിരുന്നു.കഴിഞ്ഞ ഫെബ്രുവരിയിൽ ഇവരുടെ ബന്ധത്തിൽ അസ്വാരസ്യങ്ങൾ ഉടലെടുത്തു.അതിനിടെ മറ്റൊരാളുമായി ഗ്രീഷ്മയുടെ വിവാഹം നിശ്ചയിച്ചു.ഷാരോണിനോട് പലതവണ ബന്ധത്തിൽ നിന്ന് പിന്മാറാൻ ആവശ്യപ്പെട്ടെങ്കിലും വഴങ്ങിയില്ല.ഇതാണ് ക്രൂരമായ കൊലപാതകം ആസൂത്രണം ചെയ്യാൻ യുവതിയെ പ്രേരിപ്പിച്ചതെന്നും എഡിജിപി എം ആർ അജിത് കുമാർ വ്യക്തമാക്കി .
പ്രാഥമിക ചോദ്യം ചെയ്യലിൽ യുവതിയുടെ മാതാപിതാക്കൾ ഉൾപ്പെടെ മറ്റാർക്കും കൊലപാതകത്തിൽ പങ്കുള്ളതായി കണ്ടെത്താൻ കഴിഞ്ഞിട്ടില്ല.ഗ്രീഷ്മയെ സ്ഥലത്തെത്തിച്ച് തെളിവെടുപ്പ് നടത്തിയാൽ മാത്രമേ കൂടുതൽ കാര്യങ്ങൾ വ്യക്തമാവുകയുള്ളൂ. മെഡിക്കൽ കോളേജ് ആശുപത്രിയിലെ ഫൊറൻസിക് സർജൻ നൽകിയ നിർണ്ണായക വിവരങ്ങളാണ് കൊലപാതകത്തിന്റെ ചുരുളഴിക്കാൻ സഹായിച്ചതെന്നും എഡിജിപി പറഞ്ഞു

You might also like

-